special report
എം മാധവദാസ്
രാജ്യത്തുനിന്ന് രക്ഷപ്പെടുന്നത് കുറ്റകരമാക്കിയ വടക്കന്‍ കൊറിയയെപ്പോലുള്ള രാജ്യങ്ങളുടെ പട്ടികയിലേക്ക് ഇറാനും. യുദ്ധവും വിലക്കയറ്റവും, കടുത്ത ശരിയ്യ നിയമങ്ങളും ജീവിതം ദുസ്സഹമാക്കിയ ആ രാജ്യത്തുനിന്ന് രക്ഷപ്പെടാന്‍പോലും അനുവദിക്കാതെ ഇസ്ലാമിക ഭരണകൂടം പൗരനെ വലിഞ്ഞുമുറുക്കുകയാണ്. അതിന്റെ പ്രകടമായ ഉദാഹരണമാണ്, ഓസ്ട്രേലിയയില്‍ രാഷ്ട്രീയ അഭയം തേടാനുള്ള തീരുമാനം നാടകീയമായി പിന്‍വലിച്ച് ഇറാന് ദേശീയ വനിതാ ഫുട്ബോള്‍ ടീമിലെ അഞ്ച് താരങ്ങള്‍ നാട്ടില്‍ തിരിച്ചെത്തിയത്.
ഏഷ്യന്‍ കപ്പ് ടൂര്‍ണമെന്റിനിടെയാണ് ടീമിലെ ഭൂരിഭാഗം താരങ്ങളും ഇറാനിലേക്ക് മടങ്ങാന്‍ വിസമ്മതിച്ച് ഓസ്ട്രേലിയന്‍ സര്‍ക്കാരിനോട് സംരക്ഷണം തേടിയത്. പക്ഷേ പൊടുന്നനെ ഇവര്‍ നാട്ടിലേക്ക് മടങ്ങിയിരിക്കയാണ്. അതിന്പിന്നില്‍ ഇറാന് ഭരണകൂടത്തിന്റെ ഭീഷണിയാണെന്നാണ് ന്യൂയോര്‍ക്ക് ടൈംസ് അടക്കമുള്ള പത്രങ്ങള്‍ പറയുന്നത്.
ബന്ധുക്കളുടെ തലവെട്ടുമെന്ന് ഭീഷണി
താരങ്ങളുടെ കുടുംബാംഗങ്ങളെ ഇറാന് അധികൃതര്‍ ഭീഷണിപ്പെടുത്തിയതാകാം പെട്ടെന്നുള്ള ഈ തീരുമാന മാറ്റത്തിന് പിന്നിലെന്ന് മനുഷ്യാവകാശ പ്രവര്‍ത്തകര്‍ ആരോപിക്കുന്നു. ഇറാന് റവല്യൂഷനറി ഗാര്‍ഡ്സ് ഇവരുടെ ബന്ധുക്കളെ തടവിലാക്കി തലവെട്ടുമെന്നും, സ്വത്ത് കണ്ടുകെട്ടുമെന്നും ഭീഷണിപ്പെടുത്തിയതായി ആരോപണമുണ്ട്. എന്നാല്‍, ഇറാന് കായിക മന്ത്രാലയം ഈ ആരോപണങ്ങള്‍ തള്ളി. താരങ്ങളുടെ ദേശസ്നേഹവും ദേശീയ വീര്യവും കാരണമാണ് ശത്രുക്കളുടെ പദ്ധതികള്‍ തകര്‍ന്നതെന്നാണ് സര്‍ക്കാരിന്റെ ഔദ്യോഗിക വിശദീകരണം. ഓസ്ട്രേലിയന്‍ സര്‍ക്കാര്‍ രാഷ്ട്രീയ കളി നടത്തുകയാണെന്നും ഇറാന് ആരോപിച്ചു.
മാര്‍ച്ച് 2-ന് നടന്ന ഏഷ്യന്‍ കപ്പിലെ ആദ്യ മത്സരത്തില്‍ ഇറാന്റെ ദേശീയ ഗാനം ആലപിച്ചപ്പോള്‍ താരങ്ങള്‍ നിശബ്ദത പാലിച്ചിരുന്നു. അമേരിക്കയും ഇസ്രായേലും ഇറാനെതിരെ യുദ്ധം പ്രഖ്യാപിച്ച പശ്ചാത്തലത്തില്‍, സര്‍ക്കാരിനോടുള്ള പ്രതിഷേധ സൂചകമായാണ് താരങ്ങള്‍ നിശബ്ദത പാലിച്ചത്. ഇതിനുപിന്നാലെ ഇറാനിലെ ഔദ്യോഗിക ടെലിവിഷന്‍ ചാനലുകള്‍ താരങ്ങളെ ‘രാജ്യദ്രോഹികള്‍’ എന്ന് വിളിക്കുകയും അവര്‍ക്കെതിരെ കടുത്ത ശിക്ഷാനടപടികള്‍ ഉണ്ടാകുമെന്ന് മുന്നറിയിപ്പ് നല്‍കുകയും ചെയ്തു. ഇതോടെയാണ് ജീവന് ഭീഷണിയുണ്ടെന്ന് ഭയന്ന് താരങ്ങള്‍ ഓസ്ട്രേലിയയില്‍ മാനുഷിക വിസയ്ക്കായി അപേക്ഷിച്ചത്.
താരങ്ങള്‍ ഗോള്‍ഡ് കോസ്റ്റിലെ ഹോട്ടലില്‍ നിന്ന് രഹസ്യമായി പോലീസ് സംരക്ഷണത്തിലേക്ക് മാറിയിരുന്നു. ഓസ്ട്രേലിയന്‍ ആഭ്യന്തര മന്ത്രി ടോണി ബര്‍ക്ക് നേരിട്ട് ഇടപെട്ട് ഇവര്‍ക്ക് വിസ അനുവദിക്കുകയും ചെയ്തിരുന്നു. എന്നാല്‍, പിന്നീട് അഞ്ച് താരങ്ങള്‍ തങ്ങളുടെ തീരുമാനം മാറ്റുകയായിരുന്നു. ക്യാപ്റ്റന്‍ സെഹ്റ ഘന്‍ബരി, സെഹ്റ സുല്‍ത്താന്‍ മെഷ്കെഹ്കര്‍, മോന ഹമൂദി, സെഹ്റ സര്‍ബാലി എന്നിവരാണ് മടങ്ങാന്‍ തീരുമാനിച്ച പ്രമുഖര്‍. അതേസമയം, സംഘത്തിലുണ്ടായിരുന്ന രണ്ട് താരങ്ങള്‍ ഇപ്പോഴും ഓസ്ട്രേലിയയില്‍ തന്നെ തുടരുകയാണ്.
കാത്തിരിക്കുന്നത് കൊടിയ ശിക്ഷകള്‍
മലേഷ്യയും ഒമാനും കടന്ന് അതീവ സുരക്ഷയിലാണ് താരങ്ങള്‍ ഇറാനിലെത്തിയത്. ബുധനാഴ്ച ഉച്ചയോടെ തുര്‍ക്കി വഴി ഇറാന് അതിര്‍ത്തി കടന്ന താരങ്ങളെ സര്‍ക്കാര്‍ പ്രതിനിധികള്‍ സ്വീകരിച്ചു. തിരിച്ചെത്തിയ താരങ്ങള്‍ക്ക് നേരെ ഇറാന് സര്‍ക്കാര്‍ എന്ത് നടപടിയാകും സ്വീകരിക്കുക എന്ന കാര്യത്തില്‍ രാജ്യാന്തര സമൂഹം ആശങ്ക പ്രകടിപ്പിക്കുന്നുണ്ട്. രാജ്യദ്രോഹക്കുറ്റം ചുമത്തപ്പെട്ടാല്‍ മരണശിക്ഷയടക്കമുള്ളവ ചുമത്തപ്പെടാം.
രാജ്യത്തിന്റെ സുരക്ഷയ്ക്കെതിരെ പ്രവര്‍ത്തിക്കുകയോ, വിദേശ രാജ്യങ്ങളുമായി ചേര്‍ന്ന് ഗൂഢാലോചന നടത്തുകയോ ചെയ്യുന്നവര്‍ക്ക് സാധാരണയായി വധശിക്ഷയാണ് നല്‍കുന്നത്. ഇറാനിലെ നിയമപ്രകാരം തൂക്കിലേറ്റിയാണ് വധശിക്ഷ നടപ്പിലാക്കാറുള്ളത്. മൊഹാരെബെ എന്ന നിയമമാണ് അടുത്തത്. ം. രാജ്യത്തിന്റെ സമാധാനം തകര്‍ക്കാന്‍ ആയുധമെടുക്കുകയോ ഭീകരപ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യുന്നവര്‍ക്ക് ഈ കുറ്റത്തിന് കീഴില്‍ വധശിക്ഷയോ നാടുകടത്തലോ കൈകാലുകള്‍ വിപരീത ദിശയില്‍ മുറിച്ചുമാറ്റലോ ശിക്ഷയായി ലഭിക്കാം. കുറ്റത്തിന്റെ തീവ്രത അനുസരിച്ച് പത്തോ അതിലധികമോ വര്‍ഷം നീണ്ടുനില്‍ക്കുന്ന കഠിനതടവും ശിക്ഷയായി നല്‍കാറുണ്ട്.ചില സന്ദര്‍ഭങ്ങളില്‍ കുറ്റവാളികളെ രാജ്യത്തിനുള്ളിലെ തന്നെ ഉള്‍പ്രദേശങ്ങളിലേക്ക് നാടുകടത്താറുണ്ട്.രാജ്യദ്രോഹ പ്രവര്‍ത്തനങ്ങളിലൂടെ സമ്പാദിച്ചതോ അല്ലാത്തതോ ആയ സ്വത്തുക്കള്‍ കണ്ടുകെട്ടാനും നിയമം അനുവദിക്കുന്നു.
അന്താരാഷ്ട്ര സമ്മര്‍ദമുള്ളതുകൊണ്ട് ഇവരുടെ വധശിക്ഷ നടപ്പാക്കാനിടയില്ല. പകരം തടവായിരിക്കും കിട്ടുക. അത് എത്രകാലമെന്ന് വ്യക്തമല്ല. എന്തായാലും ഈ പാവങ്ങളുടെ കരിയര്‍ തീര്‍ന്നു എന്നകാര്യം ഉറപ്പാണ്. ഇനി അവര്‍ക്ക് ഒരിക്കലും കളിക്കളത്തിലേക്ക് മടങ്ങാന്‍ കഴിയില്ല.

