കവടിയാർ കൊട്ടാരത്തിലെ മോഷണം; അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന്

AnilKumar BalaKrishnan

തിരുവനന്തപുരം : കവടിയാർ കൊട്ടാരത്തിൽനിന്ന് രണ്ട് കോടിയോളം രൂപ വിലമതിക്കുന്ന സ്വർണാഭരണങ്ങൾ മോഷണം പോയ കേസ് ക്രൈം ബ്രാഞ്ച് അന്വേഷിക്കും. സിറ്റി പൊലീസ് കമ്മീഷണറാണ് അന്വേഷണം ജില്ലാ ക്രൈം ബ്രാഞ്ചിന് കൈമാറി ഉത്തരവിട്ടത്. പൗരാണിക മൂല്യമുള്ള വസ്തുക്കളും വൻ തുകയുടെ സ്വർണവും നഷ്ടപ്പെട്ടതിനാലാണ് പ്രത്യേക സംഘത്തിന് കേസ് കൈമാറിയത്.

കൊട്ടാരത്തിലെ മുതിർന്ന അംഗമായ അശ്വതി തിരുനാൾ ഗൗരി ലക്ഷ്മിഭായിയുടെ കിടപ്പുമുറിയിലെ അലമാരയിൽ സൂക്ഷിച്ചിരുന്ന ആഭരണങ്ങളാണ് നഷ്ടപ്പെട്ടത്. കഴിഞ്ഞ വർഷം നവംബറിൽ ബെംഗളൂരുവിലേക്ക് പോകാനായി അലമാര തുറന്നപ്പോഴാണ് മോഷണവിവരം ശ്രദ്ധയിൽപ്പെടുന്നത്.

തുടർന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർക്ക് നൽകിയ പ്രാഥമിക വിവരത്തിന്റെ അടിസ്ഥാനത്തിൽ മാസങ്ങളോളം അന്വേഷണം നടത്തിയെങ്കിലും ഫലമുണ്ടായില്ല. പിന്നാലെയാണ് പേരൂർക്കട പൊലീസ് ഔദ്യോഗികമായി കേസ് രജിസ്റ്റർ ചെയ്തത്. നിലവിൽ പേരൂർക്കട പൊലീസും കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണറുമാണ് കേസ് അന്വേഷിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കൊട്ടാരത്തിലെ ജീവനക്കാരുടെയും ബന്ധുക്കളുടെയും മൊഴി ഇതിനോടകം രേഖപ്പെടുത്തിയിട്ടുണ്ട്. കൊട്ടാരത്തിൽ സ്ഥിരമായി എത്താറുള്ള വിദേശികൾ, സന്ദർശകർ എന്നിവർക്ക് പുറമെ കൊട്ടാരം കേന്ദ്രീകരിച്ച് സ്ഥിരമായി വീഡിയോകൾ ചിത്രീകരിക്കുന്ന യൂട്യൂബർമാരുടെ പട്ടികയും അന്വേഷണ സംഘം തയ്യാറാക്കുന്നുണ്ട്. ഇവരെ വരുംദിവസങ്ങളിൽ ചോദ്യം ചെയ്യും.

അര പവൻ മുതൽ ആറ് പവൻ വരെ തൂക്കമുള്ള നിരവധി സ്വർണമാലകൾ, വൈരവും റൂബിയും പതിച്ച വളകൾ, പത്മനാഭസ്വാമിയുടെ ചിത്രം പതിച്ച പതക്കങ്ങൾ, വിദേശത്തുനിന്ന് കൊണ്ടുവന്ന അപൂർവ്വ ആഭരണങ്ങൾ എന്നിവ മോഷണം പോയവയിൽ ഉൾപ്പെടുന്നു. എട്ട് ലക്ഷം രൂപ വിലവരുന്ന നാഗപട കമ്മലും മാലയും അഞ്ച് കുതിരപവൻ നാണയങ്ങളും നഷ്ടമായിട്ടുണ്ട്.

Share This Article