‘വനിതാ ലീഗിനെ അവഗണിച്ചു, തഴഞ്ഞു, ആ വേദന നേതൃത്വം മനസിലാക്കണം’; നിലപാട് കടുപ്പിച്ച് നൂർബിന റഷീദ്

AnilKumar BalaKrishnan

കോഴിക്കോട്: സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ മുസ്‌ലിം ലീഗിൽ പൊട്ടിത്തെറി. ഫാത്തിമ തഹലിയയെയും ജയന്തി രാജനെയും സ്ഥാനാർത്ഥിയാക്കിയതിന് പിന്നാലെ പരസ്യ പ്രതികരണം നടത്തിയ വനിതാ ലീഗ് ദേശീയ ജനറൽ സെക്രട്ടറി നൂർബിന റഷീദ് നിലപാട് കടുപ്പിക്കുകയാണ്. സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് വനിതാ ലീഗിനെ പൂർണമായും തഴഞ്ഞെന്നാണ് നൂർബിനയുടെ ആരോപണം. സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ വനിതാ ലീഗിന് അർഹമായ പ്രാധാന്യം ലഭിച്ചില്ലെന്നും പരസ്യപ്രതികരണം നടത്തുന്നതിന് മുമ്പ് വിഷയം നേതൃത്വത്തെ അറിയിച്ചിട്ടുണ്ടെന്നും നൂർബീന റഷീദ് പറഞ്ഞു.

തനിക്ക് സ്ഥാനാർത്ഥിയാകാനല്ല, എന്നാൽ വനിതാ ലീഗിൽ മറ്റൊരുപാട് സ്ത്രീകളുണ്ട്. അവർക്ക് അർഹമായ സ്ഥാനം ലഭിക്കണമെന്നും നൂർബിന റഷീദ് വ്യക്തമാക്കി. പറയാനുള്ളതെല്ലാം കൃത്യമായി നേതൃത്വത്തെ അറിയിച്ചിട്ടുണ്ട്. പാർട്ടിയോട് വിരോധമില്ല നയങ്ങളോടാണ് വിയോജിപ്പ്. മുസ്‌ലിം ലീഗ് വിട്ട് താൻ എങ്ങോട്ടും പോകില്ല. ആങ്ങനെ പോകണമായിരുന്നെങ്കിൽ എന്നേ പോകാമായിരുന്നുവെന്നും നൂർബിന റഷീദ് പറഞ്ഞു. വനിതാ ലീഗിനെ നേതൃത്വം അവഗണിച്ചു, തഴഞ്ഞു. അനീതിയാണുണ്ടായത്. ആ വേദന നേതൃത്വം മനസിലാക്കണം. അനീതിക്കെതിരെ ശബ്ദിക്കണമെന്നാണ് തന്‍റെ നിലപാടെന്നും നൂർബിന റഷീദ് പറഞ്ഞു.

എത്ര വല്യ പദവി തന്നാലും മറ്റൊരു പാർട്ടിയുടെയും വാഗ്ദാനം സ്വീകരിക്കില്ല. അത്തരം കാര്യങ്ങളിൽ ഇതുവരെ ചർച്ചയും നടന്നിട്ടില്ല. വനിതാ ലീഗ് എന്ന സംഘടനയെ സംരക്ഷിക്കും. ലീഗിൽ അടിയുറച്ച് വിശ്വസിക്കുന്ന ആളാണ് താനെന്നും നൂർബിന റഷീദ് പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ നൂർബിന റഷീദ് പരസ്യപ്രതികരണവുമായി രംഗത്തുവന്നിരുന്നു. ഫാത്തിമ തഹലിയയെയും ജയന്തിരാജനെയും സ്ഥാനാർത്ഥിയാക്കിയതിന്റെ മാനദണ്ഡം എന്താണെന്നായിരുന്നു നൂർബിന ചോദിച്ചിരുന്നത്. പാണക്കാട് തങ്ങളെ വിമർശിച്ചവർക്കാണ് സീറ്റ് നൽകിയതെന്നും ഫാത്തിമ തഹലിയയെ ഉന്നമിട്ട് നൂർബിന റഷീദ് ആരോപിച്ചിരുന്നു. കൂത്തുപറമ്പിൽ ദളിത് ലീഗ് നേതാവായ ജയന്തി രാജനും പേരാമ്പ്രയിൽ ഫാത്തിമ തെഹലിയയുമാണ് ലീഗിൽനിന്ന് ജനവിധി തേടുന്ന വനിതാ സ്ഥാനാർത്ഥികൾ

Share This Article