നാലു തിരഞ്ഞെടുപ്പിലും സംപൂജ്യരായതിന്റെ ക്ഷീണം മാറ്റാന്‍ കോണ്‍ഗ്രസ്; 20 വര്‍ഷത്തിനുശേഷം അക്കൗണ്ട് തുറക്കുമെന്ന് നേതാക്കള്‍; 5 സീറ്റുകളെങ്കിലും അധികം പിടിക്കുമെന്ന് യുഡിഎഫ്; കോഴിക്കോട്ട് ഇടതിന് അഗ്നിപരീക്ഷ!

AnilKumar BalaKrishnan

special report

എം മാധവദാസ്

കോഴിക്കോട്: പാര്‍ട്ടിമെമ്പര്‍മാരുടെയും അനുഭാവികളുടെ എണ്ണംവെച്ച്‌നോക്കുമ്പോള്‍ ഇന്ത്യയില്‍ സിപിഎമ്മിന് ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള ജില്ലായാണ് കോഴിക്കോട്. എന്നാല്‍ ഇത്തവണ നിയസഭാ തിരഞ്ഞെടുപ്പില്‍ സിപിഎം കോഴിക്കോട് ജില്ലയില്‍ അഗ്‌നിപരീക്ഷയാണ് നേരിടുന്നത്. തദ്ദേശ സ്ഥാപനങ്ങളിലേക്ക് നടന്ന തിരഞ്ഞെടുപ്പില്‍ നേടിയ വന്‍ തിരിച്ചടിയും, ഭരണവിരുദ്ധവികാരം ശക്തമായതുമാണ് ഇടത് ക്യാമ്പിനെ ഭീതിയിലാഴ്ത്തുന്നത്. തദ്ദേശത്തില്‍, ഇടതുമുന്നണിയുടെ കുത്തകയായ കോഴിക്കോട് കോര്‍പ്പറേഷനില്‍പോലും അവര്‍ കഷ്ടിക്കാണ് രക്ഷപ്പെട്ടത്. ജില്ലാ പഞ്ചായത്തും യുഡിഎഫ് പിടിച്ചു. ജില്ലയിലെ 7 നഗരസഭകളില്‍ 4 എണ്ണത്തില്‍ (ഫറോക്ക്, രാമനാട്ടുകര, പയ്യോളി, കൊടുവള്ളി) യു.ഡി.എഫും, 3 എണ്ണത്തില്‍ (വടകര, കൊയിലാണ്ടി, മുക്കം) എല്‍.ഡി.എഫുമാണ് അധികാരത്തില്‍. ആകെയുള്ള 70 ഗ്രാമപഞ്ചായത്തുകളില്‍ 39 എണ്ണവും യു.ഡി.എഫിന് ഒപ്പമാണ്. 2021-ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ 13-ല്‍ 11 സീറ്റുകള്‍ എല്‍.ഡി.എഫിന് ലഭിച്ചിരുന്നുവെങ്കില്‍, 2025-ലെ തദ്ദേശ തിരഞ്ഞെടുപ്പ് വോട്ടുകള്‍ പ്രകാരം ഏകദേശം 7 മുതല്‍ 8 വരെ മണ്ഡലങ്ങളില്‍ യു.ഡി.എഫ് ലീഡ് നേടുന്ന സാഹചര്യമാണുള്ളത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

5സീറ്റുകള്‍ അധികംപിടിക്കുമെന്ന് യുഡിഎഫ്

നിലവില്‍ കോഴിക്കോട് ജില്ലയിലെ 13 സീറ്റുകളില്‍, കെ കെ രമയുടെ ആര്‍എംപി യുഡിഎഫ് പിന്തുണയോടെ ജയിച്ച വടകരയും, മുസ്ലീം ലീഗിന്റെ എം കെ മുനീര്‍ ജയിച്ച കൊടുവള്ളിയും ഒഴികെ 11 മണ്ഡലങ്ങളും ഇടതുമുന്നണിയുടെ കൈയിലാണ്. ഇത്തവണ കൊയിലാണ്ടി, കുറ്റ്യാടി, നോര്‍ത്ത്, സൗത്ത്, തിരുവമ്പാടി എന്നിവ എന്തായാലും തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് നേതാക്കള്‍ പറയുന്നത്. ഇതിനുപുറമെ, കുന്ദമംഗലം, ബാലുശ്ശേരി, പേരാമ്പ്ര സീറ്റുകളും യുഡിഎഫ് നോട്ടമുടുന്നുണ്ട്. ഇതില്‍ കൊയിലാണ്ടിയും കോഴിക്കോട് നോര്‍ത്തും, പണ്ട് കോണ്‍ഗ്രസ് ജയിച്ചിരുന്ന സീറ്റുകാളാണ്. ഇത്തവണ അവ തിരിച്ചുപിടിക്കാനാണ് കോണ്‍ഗ്രസ് ശ്രമിക്കുന്നത്.
മന്ത്രി മുഹമ്മദ് റിയാസിന്റെ മണ്ഡലമായ ബേപ്പൂരില്‍ പി വി അന്‍വിനെ ഇറക്കി കടുത്ത മത്സരത്തിനും യുഡിഎഫ് ശ്രമിക്കുന്നുണ്ട്.

പാര്‍ലിമെന്റ് തിരഞ്ഞെടുപ്പില്‍ വന്‍ വിജയം നേടുക. എന്നാല്‍ അസംബ്ലി തിരഞ്ഞെടുപ്പ് ആവുമ്പോള്‍, പൊട്ടിത്തകരുക. കഴിഞ്ഞ കുറേ വര്‍ഷമായി കോഴിക്കോട് ജില്ലയില്‍ യുഡിഎഫ് നേരിടുന്ന പ്രതിസന്ധിയാണിത്. അതിന് പ്രധാന കാരണമായി വന്നത് കോണ്‍ഗ്രസിന്റെ ദയനീയ പ്രകടനമാണ്. കോഴിക്കോട് ജില്ലയില്‍നിന്ന് കോണ്‍ഗ്രസിന് ഒരു എംഎല്‍എ ഉണ്ടായിട്ട് ഇപ്പോള്‍ 20 വര്‍ഷത്തിലേറെയായി. കൊയിലാണ്ടിയില്‍ നിന്ന് ജയിച്ച അഡ്വ. പി. ശങ്കരനാണ് കോഴിക്കോട് ജില്ലയില്‍ നിന്നുള്ള അവസാനത്തെ കോണ്‍ഗ്രസ് എം.എല്‍.എ. 2001-ലെ നിയമസഭാ തിരഞ്ഞെടുപ്പിലാണ് അദ്ദേഹം കൊയിലാണ്ടിയില്‍ നിന്ന് വിജയിച്ചത്. തുടര്‍ന്ന് നടന്ന 2006, 2011, 2016, 2021 എന്നീ തുടര്‍ച്ചയായ നാല് നിയമസഭാ തിരഞ്ഞെടുപ്പുകളില്‍ കോഴിക്കോട് ജില്ലയിലെ ഒരു സീറ്റിലും വിജയിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചിട്ടില്ല.

എന്നാല്‍ ഇത്തവണ ആ പേരുദോഷം തിരുത്തുമെന്നാണ്, കോണ്‍ഗ്രസ് നേതൃത്വം ഉറച്ചുപറയുന്നത്. കോഴിക്കോട് നോര്‍ത്തില്‍ പറ്റിയ ഒരു സ്ഥാനാര്‍ത്ഥിയെ തേടുകയാണ് യുഡിഎഫ്. എല്‍ഡിഎഫില്‍ സിറ്റിംഗ് എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനാണ് വീണ്ടും ജനവിധി തേടുന്നത്.കോഴിക്കോട് സൗത്തില്‍ ഐ.എന്‍.എല്ലിലെ അഹമ്മദ് ദേവര്‍കോവില്‍ വീണ്ടും മത്സരിക്കാക്കുന്നുണ്ട്. ചാഞ്ചാടുന്ന ഈ മണ്ഡലത്തില്‍ മുസ്‌ലീം ലീഗാണ് എതിരാളി. മന്ത്രി പി.എ. മുഹമ്മദ് റിയാസിനെതിരെ ബേപ്പൂരില്‍ പി വി അന്‍വറാണ് ഇറങ്ങുക. ബാലുശ്ശേരിയില്‍ കെ.എം. സച്ചിന്‍ദേവ്, തിരുവമ്പാടിയില്‍ ലിന്റോ ജോസഫ്, കുറ്റ്യാടിയില്‍ കെ.പി. കുഞ്ഞമ്മദ് കുട്ടി എന്നിവര്‍ എല്‍.ഡി.എഫ് സ്ഥാനാര്‍ത്ഥികളായി തുടരുന്നു. ഇതില്‍ ചാഞ്ചാടുന്ന മണ്ഡലമായ തിരുവമ്പാടി ഇത്തവണ തിരിച്ചുപിടിക്കുമെന്നാണ് യുഡിഎഫ് പറയുന്നത്. യുഡിഎഫിന് ജില്ലയില്‍വെച്ചുതന്നെ ഏറ്റവും ശക്തിയുള്ള മണ്ഡലമാണിത്.

എലത്തൂരില്‍ മന്ത്രി എ.കെ. ശശീന്ദ്രന്‍, ഇത്തവണ വീണ്ടും മത്സരിക്കുന്നതിന ചൊല്ലി ഇടതുമുന്നണിയില്‍ തന്നെ കടുന്ന ഭിന്നതയുണ്ട്. കൊടുവള്ളിയില്‍ നിലവിലെ എം.എല്‍.എയായ ഡോ. എം.കെ. മുനീര്‍ വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തില്‍സ്ഥിരീകരനമായിട്ടില്ല. മുനീറിനെ പഴയ മണ്ഡലമായ കോഴിക്കോട് സൗത്തിലേക്ക് മാറ്റണമെന്ന് ഒരു വിഭാഗം ആവശ്യപ്പെടുന്നുണ്ട്. ആരോഗ്യപരമായ കാരണങ്ങളാല്‍ അദ്ദേഹം മാറിനില്‍ക്കുകയാണെങ്കില്‍, പകരക്കാരനായി പി.എം.എ. സലാമിനെ പരിഗണിച്ചേക്കുമെന്ന് സൂചനകളുണ്ട്. കഴിഞ്ഞ തവണ മുനീറിനോട് പരാജയപ്പെട്ട കാരാട്ട് റസാഖ് സി.പി.എം പ്രാദേശിക നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തുവന്നത് എല്‍.ഡി.എഫിന് വെല്ലുവിളിയാണ്. കുന്ദമംഗലത്ത് ഇടതു സ്വതന്ത്രനായ പി.ടി.എ. റഹീമിനെ തന്നെയാണ് ഇടതുമുന്നണി വീണ്ടും കളത്തിലിറക്കിയിരിക്കുന്നത്.

കുറ്റ്യാടിയും, കൊയിലാണ്ടിയും പേരാമ്പ്രയും

കഴിഞ്ഞ തവണത്തെ നേരിയ തോല്‍വിക്ക് (333 വോട്ടുകള്‍) പ്രതികാരം ചെയ്യാന്‍ മുന്‍ എം.എല്‍.എയായ പാറക്കല്‍ അബ്ദുള്ള തന്നെ കുറ്റ്യാടിയില്‍ ലീഗ് സ്ഥാനാര്‍ത്ഥിയായി വീണ്ടും രംഗത്തിറങ്ങാനാണ് സാധ്യത കല്‍പ്പിക്കപ്പെടുന്നത്. പാറക്കല്‍ അബ്ദുള്ളയ്ക്ക് പകരം പുതിയൊരാളെ മുസ്ലിം ലീഗ് ആലോചിക്കുകയാണെങ്കില്‍, പ്രാദേശികമായി സ്വീകാര്യതയുള്ള മറ്റ് ലീഗ് നേതാക്കളെ പരിഗണിച്ചേക്കാം. എന്നാല്‍ നിലവിലെ സാഹചര്യത്തില്‍ പാറക്കല്‍ അബ്ദുള്ളയ്ക്കാണ് മുന്‍ഗണന. ഇടതുമുന്നണിയില്‍ സി.പി.എം സ്ഥാനാര്‍ത്ഥിയായി നിലവിലെ എം.എല്‍.എ കെ.പി. കുഞ്ഞമ്മദ് കുട്ടി മാസ്റ്റര്‍ തന്നെ വീണ്ടും മത്സരിക്കുന്നത്.ആര്‍.എം.പി നേതാവ് കെ.കെ. രമ യു.ഡി.എഫ് പിന്തുണയോടെ വീണ്ടും ജനവിധി തേടുമെന്നാണ് അറിയുന്നത്.

തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് മികച്ച മുന്നേറ്റം നടത്തിയ മണ്ഡലമാണ് കൊയിലാണ്ടി. അതുകൊണ്ട് തന്നെ കോണ്‍ഗ്രസ് ഈ സീറ്റ് തിരിച്ചുപിടിക്കാനുള്ള കഠിനശ്രമത്തിലാണ്. മുന്‍ കെപിസിസി പ്രസിഡന്റും മൂന്‍ കേന്ദ്രമന്ത്രിയുമായ മുതിര്‍ന്ന നേതാവ് മുല്ലപ്പള്ളി രാമചന്ദ്രനെ ഇവിടെ പരിഗണിക്കുന്നുണ്ട്. കഴിഞ്ഞ തവണ മത്സരിച്ച അഡ്വ. എന്‍. സുബ്രഹ്‌മണ്യന്‍, ഡി.സി.സി പ്രസിഡന്റായ പ്രവീണ്‍ കുമാര്‍, യുവ നേതാവ് വി.പി. സജീന്ദ്രന്‍ എന്നിവരുടെ പേരുകളും യുഡിഎഫില്‍ ഉയര്‍ന്നുകേള്‍ക്കുന്നുണ്ട്. ഇതില്‍ ഡി.സി.സി പ്രസിഡനറ് പ്രവീണ്‍ കുമാറിന്റെ പേര് ഉറപ്പിച്ചുവെന്നാണ് അന്തിമമായി അറിയാന്‍ കഴിയുന്നത്. കാനത്തില്‍ ജമീല എംഎല്‍എ അന്തരിച്ച സീറ്റില്‍, മുന്‍ എംഎല്‍എ കെ ദാസനെയാണ് സിപിഎം ഇറക്കുന്നത്.

ഇടതുപക്ഷത്തിന്റെ ഉറച്ച കോട്ടയായിരുന്ന പേരാമ്പ്രയില്‍ തദ്ദേശ തിരഞ്ഞെടുപ്പില്‍ യു.ഡി.എഫ് അപ്രതീക്ഷിത മുന്നേറ്റം നടത്തിയത് ഇരുമുന്നണികളെയും ഞെട്ടിച്ചിട്ടുണ്ട്. അതുകൊണ്ട് തന്നെയാണ് സിറ്റിംഗ് എംഎല്‍എയായ ടി പി രാമകൃഷ്ണനെ സിപിഎം വീണ്ടും രംഗത്തിറക്കിയത്.
കഴിഞ്ഞ തവണ മികച്ച പ്രകടനം കാഴ്ചവെച്ച സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായിരുന്ന സി.എച്ച്. ഇബ്രാഹിംകുട്ടിയെയോ, മൂന്‍ ഡിസിസി പ്രസിഡന്‍ഡ് കെ സി അബുവിനെയോ കോണ്‍ഗ്രസ് പരിഗണിക്കുമെന്ന് സൂചനയുണ്ട്. കെ.എസ്.യു, യൂത്ത് കോണ്‍ഗ്രസ് ഭാരവാഹികളില്‍ ആര്‍ക്കെങ്കിലും സീറ്റ് നല്‍കി അട്ടിമറി വിജയം നേടാനും കോണ്‍ഗ്രസ് ആലോചിക്കുന്നു. എന്താക്കെയായാലും ഒരു കാര്യം ഉറപ്പാണ്. മൂന്‍ തിരഞ്ഞെടുപ്പിനെപ്പോലെയല്ല. സിപിഎമ്മിന് ഇത് ശരിക്കും ഒരു അഗ്നിപരീക്ഷയാണ്.

insight kerala

ഇൻസൈറ്റ് കേരള വാർത്തകൾ മുടങ്ങാതെ ലഭിക്കാൻ വാട്സ് ആപ് ലിങ്കിൽ ജോയിൻ ചെയ്യുക
https://chat.whatsapp.com/IebSFFYrE56CesOl2QLZxm?mode=hqctcli

Share This Article