തിരുവനന്തപുരം/ ഡൽഹി: കേരളം ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് തീയതികൾ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മിഷൻ ഇന്ന് പ്രഖ്യാപിക്കും. കേരളത്തിന് പുറമെ തമിഴ്നാട്, പുതുശ്ശേരി, പശ്ചിമബംഗാൾ, അസം എന്നിവിടങ്ങളിലാണ് തിരഞ്ഞെടുപ്പ് നടക്കാൻ പോകുന്നത്. ഇന്ന് ഉച്ചയ്ക്ക് ശേഷം നാലുമണിക്ക് നടക്കുന്ന വാർത്താ സമ്മേളനത്തിൽ പ്രഖ്യാപനം ഉണ്ടായേക്കുമെന്നാണ് തിരഞ്ഞെടുപ്പ് കമ്മിഷനുമായി ബന്ധപ്പെട്ട വൃത്തങ്ങൾ നൽകുന്ന സൂചന. ഏപ്രിൽ 17-നോട് അടുപ്പിച്ച് വോട്ടെടുപ്പ് നടക്കാനാണ് സാധ്യത. 2021-ലേതിന് സമാനമായി മെയ് രണ്ടാം വാരത്തോടെ ഫലപ്രഖ്യാപനവും ഉണ്ടായേക്കും.
കേരളം, തമിഴ്നാട്, അസം എന്നിവിടങ്ങളിൽ ഒറ്റഘട്ടമായി വോട്ടെടുപ്പ് നടന്നേക്കാം. എന്നാൽ പശ്ചിമബംഗാളിൽ രണ്ട് അല്ലെങ്കിൽ മൂന്ന് ഘട്ടങ്ങളിലായി തിരഞ്ഞെടുപ്പ് നടത്താനാണ് കമ്മിഷൻ ആലോചിക്കുന്നത്. കേരളത്തിൽ 140 സീറ്റുകളിലേക്കും, പശ്ചിമബംഗാളിൽ 294, തമിഴ്നാട്ടിൽ 234, അസമിൽ 126, പുതുശ്ശേരിയിൽ 30 എന്നിങ്ങനെയാണ് വോട്ടെടുപ്പ് നടക്കുന്നത്. വിവിധ സംസ്ഥാനങ്ങളിലെ സന്ദർശനവും പരിശോധനകളും പൂർത്തിയാക്കിയ ശേഷമാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ പ്രഖ്യാപനത്തിലേക്ക് കടക്കുന്നത്.
കേരളത്തിൽ എൽ.ഡി.എഫ്, യു.ഡി.എഫ്, എൻ.ഡി.എ മുന്നണികൾ സ്ഥാനാർത്ഥി നിർണ്ണയത്തിന്റെ അന്തിമഘട്ടത്തിലാണ്. ഡൽഹിയിൽ കോൺഗ്രസ് നേതൃത്വം സ്ഥാനാർത്ഥി നിർണ്ണയ ചർച്ചകളിൽ മുഴുകിയിരിക്കുകയാണ്. കെ. സുധാകരൻ, അടൂർ പ്രകാശ്, എം.കെ. രാഘവൻ തുടങ്ങിയ നേതാക്കളുടെ മത്സരം സംബന്ധിച്ച അന്തിമ തീരുമാനം ഹൈക്കമാൻഡ് കൈക്കൊള്ളുമെന്നാണ് റിപ്പോർട്ട്.
കേരളത്തിൽ ഇത്തവണ അക്കൗണ്ട് തുറക്കുക എന്ന ലക്ഷ്യവുമായാണ് ബി.ജെ.പി. നീങ്ങുന്നത്. പശ്ചിമബംഗാളിൽ ഭരണമാറ്റം ഉണ്ടാകുമെന്ന് ബി.ജെ.പി. പ്രതീക്ഷിക്കുമ്പോൾ, തൃണമൂൽ കോൺഗ്രസ് വലിയ ആത്മവിശ്വാസത്തിലാണ്.

