കരുനാഗപ്പള്ളിയിൽ പട്ടാപ്പകല്‍ ഗുണ്ടാനേതാവ് അലുവ അതുലിനെ നടുറോഡിലിട്ട് വെട്ടിക്കൊലപ്പെടുത്തിയ സംഭവത്തില്‍ മുഴുവന്‍ പ്രതികളും പിടിയിലായി. കൊലപാതകത്തിനുശേഷം തമിഴ്നാട്ടിലേക്ക് കടക്കാൻ ശ്രമിച്ച പ്രതികളെ കോട്ടയം മുണ്ടക്കയത്ത് നിന്നുമാണ് അർദ്ധരാത്രിയോടെ പിടികൂടിയത്. ഗുണ്ട സംഘങ്ങൾ തമ്മിലുള്ള കുടിപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പോലീസ് പറയുന്നത്.
കരുനാഗപ്പള്ളി സ്വദേശി വിഷ്ണു, കുലശേഖരപുരം സ്വദേശികളായ ഹുസൈൻ, മുഹമ്മദ് ആഷിക്, നൗഫൽ എന്നിവരാണ് മുണ്ടക്കയത്ത് നിന്ന് പിടിയിലായത്.
കൊലപാതകത്തിന് ശേഷം കാറിൽ കൊല്ലത്തിൽ നിന്ന് രക്ഷപ്പെട്ട നാലംഗ സംഘം വിവിധ സ്ഥലങ്ങൾ ചുറ്റിത്തിരിഞ്ഞ ശേഷം തമിഴ്നാട്ടിലേക്ക് കടക്കാനായിരുന്നു ശ്രമം. ഇതിനിടയിൽ പ്രതികളെ രഹസ്യമായി പിന്തുടർന്ന പോലീസ് കാഞ്ഞിരപ്പള്ളി–എരുമേലി റൂട്ടിലെ ഇരുപത്തിയാറാം മൈൽ ഭാഗത്ത് വാഹനം തടയാൻ ശ്രമിച്ചെങ്കിലും പിടികൂടാനായില്ല. തുടർന്ന്
വാഹനം ഉപേക്ഷിച്ച് ഓടിരക്ഷപ്പെടാൻ ശ്രമിച്ച പ്രതികളെ പൊലീസ് നാട്ടുകാരുടെ സഹായത്തോടെ പിടികൂടുകയായിരുന്നു.
ഇതോടെ കേസിലെ എട്ട് പ്രതികളും പൊലീസിന്റെ പിടിയിലായി.
4 പേർ ആദ്യം പിടിയിലായിരുന്നു.
ഇതിൽ രണ്ട് പേർ കൃത്യത്തിൽ നേരിട്ട് പങ്കെടുത്തവരായിരുന്നു.
തഴവ സ്വദേശി നൗഫൽ,ചവറ തെക്കും ഭാഗം സ്വദേശി ഷിനു പീറ്റർ എന്നിവരാണ് ആദ്യം പിടിയിലായത്.
ഇവരിൽ നിന്നും ലഭിച്ച ചില നിർണ്ണായക വിവരങ്ങളിലൂടെയാണ്
മറ്റ് പ്രതികളെയും പിടികൂടിയത്.
ഇതോടെ കേസിലെ എട്ട് പ്രതികളും പിടിയിലായതായി കൊല്ലം സിറ്റി പൊലീസ് കമ്മീഷണർ അറിയിച്ചു.
കഴിഞ്ഞദിവസമാണ് കേനാസ്പതമായ സംഭവം ഉണ്ടായത്.
ജിം-സന്തോഷ് വധക്കേസില്‍ ജാമ്യത്തില്‍ ഇറങ്ങിയ ഒന്നാം പ്രതി അലുവ അതുലിനെ കാര്‍ തടഞ്ഞ് നിർത്തി ഒരുസംഘം അക്രമികൾ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു.
അതുലിനൊപ്പം ഉണ്ടായിരുന്ന കൂട്ടുപ്രതി മനുവിനും കൈയ്ക്ക് വെട്ടേറ്റിരുന്നു.
ഗുണ്ടാ സംഘങ്ങളുടെ കുടിപ്പകയാണ് സംഭവത്തിന് പിന്നിലെന്നാണ് വിവരം.
ജിം സന്തോഷ് കൊലപാതകം നടന്ന് ഒരു വര്‍ഷം തികയാന്‍ ദിവസങ്ങള്‍ മാത്രം അവശേഷിക്കെയാണ് കേസിലെ ഒന്നാം പ്രതി അലുവ അതുലിനെ ഗുണ്ടാ സംഘം കൊലപ്പെടുത്തിയത്.
സന്തോഷ് വധകേസില്‍ ജാമ്യത്തിലിറങ്ങി സ്റ്റേഷനില്‍ ഒപ്പിട്ട് മടങ്ങവെയാണ് പുതിയകാവിന് സമീപം ആക്രമണം നടന്നത്.
കേസിൽ ഇനിയും പ്രതികൾ ഉൾപ്പെട്ടിട്ടുണ്ടോ എന്ന് പോലിസ് അന്വേഷിച്ചു വരികയാണ്.
