കോഴിക്കോട് ഇന്റീരിയർ വർക്കിന്റെ മറവിൽ മോഷണം നടത്തിയ അന്യസംസ്ഥാന തൊഴിലാളി പിടിയിൽ. വെസ്റ്റ് ബംഗാൾ സ്വദേശി മുനീരുൾ അലിയാണ് നടക്കാവ് പൊലീസിൻ്റെ പിടിയിലായത്. കാരപ്പറമ്പിലെ ട്രീ ബ്ലൂ കമ്പനിയുടെ ഓഫീസിൽ സൂക്ഷിച്ചിരുന്ന ലാപ്പ്ടോപ്പും മൊബൈൽ ഫോണും 63,000 രൂപയുമാണ് പ്രതി മോഷ്ടിച്ചത്. കൊണ്ടോട്ടി പോലീസ് സ്റ്റേഷൻ പരിധിയിൽ സമാന രീതിയിൽ മോഷണം നടത്തിയതിന് പ്രതി പിടിയിലായിട്ടുണ്ട്. ആശാരിപണിക്കാരനായ പ്രതി ഇന്റീരിയർ വർക്കിനായി എത്തുന്ന സ്ഥലങ്ങളിൽ നിന്ന് മോഷണം നടത്തി മുങ്ങുകയാണ് ചെയ്തിരുന്നത്. ഇയാൾ കൂടുതൽ മോഷണക്കേസ്സിൽ ഉൾപ്പെട്ടിട്ടുണ്ടോയെന്നും അന്വേഷിച്ചുവരികയാണെന്നും പോലീസ് പറഞ്ഞു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം പ്രതിയെ കോടതിയില്‍ ഹാജരാക്കി.
