ഉത്തരേന്ത്യയിൽ പിറന്ന്, പ്രണയത്തിനായി കേരളത്തിൽ അഭയം തേടിയ കുംഭ മേള വൈറൽ സുന്ദരി മൊണാലിസയ്ക്ക് (Monalisa Bhosle) മാംഗല്യം. കാമുകൻ ഫർമാൻ ഖാനൊപ്പം തമ്പാനൂർ പോലീസ് സ്റ്റേഷനിൽ എത്തി സംരക്ഷണം തേടിയ ഇരുവർക്കും, വൈകുന്നേരം അരുമാനൂർ നയിനാർ മഹാദേവ ക്ഷേത്രത്തിൽ വിവാഹം നടന്നു. പൂവാറിലെ ഷൂട്ടിംഗ് സെറ്റിൽ നിന്നുമാണ്, ഒരേ സിനിമയിലെ അഭിനേതാക്കളായ മൊണാലിസയും ഫർമാനും പോലീസിൽ സഹായം തേടിയത്. വൈകുന്നേരത്തോടു കൂടിയായിരുന്നു വിവാഹം. യഥാർത്ഥ കേരളാ സ്റ്റോറിയാണ് ഇതെന്ന് വിവാഹവേളയിൽ മന്ത്രി വി. ശിവൻകുട്ടി പ്രതികരിച്ചു. സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്റെ സാന്നിധ്യത്തിലായിരുന്നു ചടങ്ങ്.
കേരളം മാനവസൗഹൃദത്തിന്റെ ഇടമാണെന്നും ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ടെന്നും എ എ റഹിം മാധ്യമങ്ങളോട് പറഞ്ഞു. ‘കേരളം മാനവസൗഹൃദത്തിന്റെ ഇടമാണ്. ഏത് മതത്തില്‍ പെട്ടവരെയും വിവാഹം കഴിക്കാനുള്ള അവകാശം ഈ രാജ്യത്തുണ്ട്. ഭരണഘടന നല്‍കുന്ന അവകാശമാണത്. എന്നാലത് പലയിടത്തും സാധ്യമാകുന്നില്ല. അത് നിര്‍ഭയം സാധ്യമാകുന്ന ഏക ഇന്ത്യന്‍ സംസ്ഥാനത്തിന്റെ പേരാണ് കേരളം. വിവാഹം സ്വര്‍ഗത്തിലാണ്. അതെ, ആ സ്വര്‍ഗത്തിന്റെ പേരാണ് കേരളം’, അദ്ദേഹം പറഞ്ഞു.
