‘കക്കാനും മുക്കാനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ’, സൈബർ പോസ്റ്റർ പോര് മുറുകുന്നു, ഇടത് പ്രചാരണ മുദ്രാവാക്യത്തെ പരിഹസിച്ച് യൂത്ത് കോൺഗ്രസ്!

AnilKumar BalaKrishnan

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിനായി എൽഡിഎഫ് പുറത്തിറക്കിയ “മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ” എന്ന മുദ്രാവാക്യത്തിന് പരിഹാസവുമായി യൂത്ത് കോൺഗ്രസ്. സർക്കാരിനെതിരെയുള്ള അഴിമതി ആരോപണങ്ങൾ ആയുധമാക്കിയാണ് സോഷ്യൽ മീഡിയയിൽ യൂത്ത് കോൺഗ്രസ് ഈ മുദ്രാവാക്യത്തെ കടന്നാക്രമിക്കുന്നത്. “കക്കാനും കയ്യിട്ട് വരാനും മറ്റാരുണ്ട് എൽഡിഎഫ് അല്ലാതെ” എന്ന കുറിപ്പോടെ എൽഡിഎഫ് പോസ്റ്ററിന് മറുപടി പോസ്റ്ററുകൾ പങ്കുവെച്ചാണ് പ്രതിപക്ഷത്തിന്റെ പരിഹാസം.

2016-ൽ ‘എല്ലാം ശരിയാകും’, 2021-ൽ ‘ഉറപ്പാണ് എൽഡിഎഫ്’ എന്നീ ഹിറ്റ് വാചകങ്ങൾക്ക് ശേഷം മൂന്നാം ഭരണത്തിനായി എൽഡിഎഫ് അവതരിപ്പിച്ച വാചകത്തെയാണ് യൂത്ത് കോൺഗ്രസ് കടന്നാക്രമിക്കുന്നത്. ‘കക്കുക മുക്കുക’ എന്ന ഹാഷ്‌ടാഗോടെയാണ് ഇവരുടെ പ്രചാരണം. അതേസമയം തന്നെ സര്‍ക്കാര്‍ കാംപയിനുകൾ ശക്തമായ രീതിയിൽ മുന്നോട്ടുപോവുകയാണ്. വിവിധ വികസന നേട്ടങ്ങൾ ചൂണ്ടിക്കാട്ടിയും, പിആര്‍ പ്രചാരണങ്ങളിലൂടെയും എൽഡിഎഫ് പ്രചാരണം കൊഴുക്കുകയാണ്.

നടി ഭാവന അഭിനയിച്ച ‘സെറ്റല്ലേ… നമ്മളീ യാത്ര തുടരും’ എന്ന വീഡിയോയും റാപ്പർ വേടന്റെ ‘കാത്തിരുന്ന കാലമേ’ എന്ന ഗാനവുമൊക്കെയായി വികസന നേട്ടങ്ങൾ ഉയർത്തിക്കാട്ടാനാണ് എൽഡിഎഫ് ശ്രമിക്കുന്നത്. സ്കൂളുകൾ, വാട്ടർ മെട്രോ, ക്ഷേമ പെൻഷൻ എന്നിവയാണ് ഇടതുപക്ഷത്തിന്റെ പ്രധാന പ്രചാരണ വിഷയങ്ങൾ. ഭരണവിരുദ്ധ വികാരവും അഴിമതികളും ചർച്ചയാക്കാനാണ് യുഡിഎഫ് ശ്രമിക്കുന്നത്. എൽഡിഎഫിന്റെ പ്രചാരണ വാചകങ്ങളെ അഴിമതിയുമായി ബന്ധിപ്പിച്ചുള്ള ട്രോളുകളും പോസ്റ്ററുകളും സോഷ്യൽ മീഡിയയിൽ ഇതിനോടകം പ്രത്യക്ഷപ്പെട്ടുകഴിഞ്ഞു. തെരഞ്ഞെടുപ്പിന് മാസങ്ങൾ ബാക്കിനിൽക്കെ മുദ്രാവാക്യങ്ങളെ ചൊല്ലിയുള്ള ഈ വാക്പോര് വരും ദിവസങ്ങളിൽ രാഷ്ട്രീയ വടംവലി കടുപ്പിക്കുമെന്ന് ഉറപ്പാണ്

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article