കൊല്ലം/ തിരുവനന്തപുരം: തനിക്ക് സംശയരോഗമാണെന്ന് മന്ത്രി ഗണേഷ് സുഹൃത്തുക്കളോടും വീട്ടുകാരോടും പറഞ്ഞെന്നും ഗണേഷിനെതിരേ തെളിവ് വേണം എന്നതിനാലാണ് വാളകത്തെ വീട്ടിലെത്തിയതെന്നും ഭാര്യ ബിന്ദു മേനോൻ. പോലീസിനെ വിളിച്ച തനിക്ക് ഭ്രാന്താണെന്ന തരത്തിലുള്ള മന്ത്രിയുടെ പ്രസ്താവന കണ്ടതുകൊണ്ടാണ് പരസ്യമായി പ്രതികരിക്കാൻ തീരുമാനിച്ചത്. നിയമപരമായ നടപടികളിലേക്കൊന്നും നീങ്ങുന്നില്ലെന്നും ബിന്ദു മേനോൻ പറഞ്ഞു.
പോലീസ് വീട്ടിലെത്തിയെങ്കിലും സഹായിക്കാതെ മടങ്ങി. തങ്ങളുടെ പരിധിയിൽവരുന്ന കാര്യമല്ല എന്നായിരുന്നു മറുപടി. മുൻപും ശാരീരികമായി ഗണേഷ് കുമാർ ഉപദ്രവിച്ചിട്ടുണ്ട്. എല്ലാ തെളിവും ഉണ്ട്. മന്ത്രിയെയോ സർക്കാരിനെയോ തകർക്കാൻ ലക്ഷ്യവുമില്ല. ആരെയും അറിയിക്കാതെയാണ് വീട്ടിലെത്തിയത്. സംഭവസ്ഥലത്തുവെച്ച് അവർ, മുൻ ഡി.ജി.പി.യും ബി.ജെ.പി.നേതാവും ബന്ധുവുമായ ആർ. ശ്രീലേഖയെ വിളിച്ചു. അവരുടെ നിർദേശപ്രകാരം പോലീസ് എമർജൻസി നമ്പറായ 112-ൽ വിളിച്ച് സഹായം അഭ്യർഥിക്കുകയും ചെയ്തു. മന്ത്രിക്കൊപ്പമുണ്ടായിരുന്ന സ്ത്രീയെ പോലീസ് വരുന്നതിനുമുൻപ് ഡ്രൈവർ ശാന്തൻ കാറിൽ കൊണ്ടുപോയി. ഗണേഷ് കുമാർ മുറിയിൽ പോയി വാതിലടച്ചു. പുറത്തേക്കു പോകാൻ ശ്രമിച്ചപ്പോൾ പ്രദീപ് എന്ന ജീവനക്കാരൻ കൈയിൽ പിടിച്ചുവലിച്ച് തടഞ്ഞു.
മറ്റൊരു ജീവനക്കാരനായ മനോജ് വന്ന് എന്നോട് ക്ഷമിക്കാൻ പറഞ്ഞ് കാലുപിടിച്ചു. സാധനങ്ങൾ എടുക്കണം എന്ന് പറഞ്ഞപ്പോൾ മനോജ് ഉള്ളിലേക്ക് വരാൻ പറഞ്ഞു. മന്ത്രിയുടെ വീട്ടിൽ പോലീസ് കയറാൻ പറ്റില്ലെന്നു പറഞ്ഞ് മനോജ് പോലീസിനേയും തടഞ്ഞു. വീട്ടിനുള്ളിലേക്ക് പോകാനും തങ്ങൾ പുറത്തുണ്ടാകുമെന്നും പോലീസുകാർ പറഞ്ഞു. വീട്ടിൽനിന്ന് തിരിച്ചിറങ്ങുമ്പോൾ പ്രദീപ് വീണ്ടും തടയാൻ ശ്രമിച്ചു. സഹായിക്കണമെന്ന് പറഞ്ഞ് ഉറക്കെ വിളിച്ചു. പിടിവലികൾക്കിടിയിൽ വാതിൽ തുറന്ന് പുറത്തിറങ്ങിയപ്പോൾ പോലീസ് സംഘത്തെ കാണാതിരുന്നതിനാൽ, വന്ന ടാക്സി കാറിൽ തിരിച്ചുപോകുകയായിരുന്നു.
വർഷങ്ങളായി പ്രശ്നമുണ്ട്. പല സ്ത്രീകളേയും വിളിച്ച് വഴക്ക് കൂടിയിട്ടുണ്ട്. ഇതോടെ, താൻ ആരോട് സംസാരിച്ചാലും ഫോൺ ട്രാക്ക് ചെയ്ത് അവരോട് ബന്ധമുണ്ടെന്നുപറഞ്ഞ് തന്നെ ഭീഷണിപ്പെടുത്തുമായിരുന്നെന്നും ബിന്ദു മേനോൻ പറഞ്ഞു. സംഭവം സ്ഥിരീകരിച്ച് മുൻ ഡി.ജി.പി. ആർ. ശ്രീലേഖ തിങ്കളാഴ്ച രാവിലെ സാമൂഹികമാധ്യമത്തിൽ കുറിപ്പിട്ടു. ഭർത്താവിന്റെ സഹോദരിയെന്ന നിലയിലാണ് തന്റെ സഹായം തേടിയത്. വീട്ടിൽ സംഭവിക്കുന്ന കാര്യങ്ങൾ ബിന്ദു പറഞ്ഞു. ആ കാര്യങ്ങൾ വിവരിക്കുന്നത് ശരിയല്ല -ശ്രീലേഖ പറഞ്ഞു. ബിന്ദു മേനോൻ സഹായമഭ്യർഥിച്ചിട്ടും പോലീസ് ഇടപെട്ടില്ലെന്ന് ആരോപിച്ച് കെ.എസ്.യു. സംസ്ഥാന വൈസ് പ്രസിഡന്റ് യദുകൃഷ്ണൻ ഡി.ജി.പി.ക്ക് പരാതി നൽകി.

