തൃശൂർ: രണ്ടാമതും മത്സരത്തിന് അവസരം നൽകാത്തതിൽ നാട്ടിക എംഎൽഎ സി.സി മുകുന്ദന് അതൃപ്തി. മുകുന്ദൻ ഇത്തവണ സ്വതന്ത്ര സ്ഥാനാർഥിയാകാൻ സാധ്യതയുണ്ട്. ഇത്തവണ നാട്ടികയിൽ മുൻ എംഎൽഎ ഗീത ഗോപിയെയാണ് സിപിഐ പരിഗണിക്കുന്നത്.
തൃശൂരിൽ കവി ആലങ്കോട് ലീലാകൃഷ്ണൻ എൽഡിഎഫ് സ്ഥാനാർഥിയാകും. ജയരാജ് വാര്യർ മത്സരിക്കാനില്ലെന്ന് നിലപാട് വ്യക്തമാക്കിയതോടെയാണ് ആലങ്കോട് ലീലാകൃഷ്ണനെ പരിഗണിക്കുന്നത്. ഒല്ലൂരിൽ മന്ത്രി കെ.രാജനും, കൊടുങ്ങല്ലൂരിൽ വി.ആർ സുനിൽ കുമാറും, കയ്പമംഗലത്ത് കെ.കെ വത്സരാജും മത്സരിക്കും.
നാട്ടികയിൽ നിന്ന് തന്നെ മാറ്റി ഗീതാ ഗോപിയെ സ്ഥാനാർഥിയാക്കുന്നതിനെതിരെ രൂക്ഷ വിമർശനവുമായി സി.സി. മുകുന്ദൻ എംഎല്‍എ. നാട്ടികയിൽ പെയ്മെന്റ് സീറ്റെന്നും സി.സി. മുകുന്ദൻ ആരോപിച്ചു. പാർട്ടി സീറ്റ് നൽകിയില്ലെങ്കിലും താൻ നാട്ടികയിൽ മത്സരിക്കും. മോശം പ്രകടനം നടത്തിയ ഗീതയെ സ്ഥാനാർഥിയാക്കുന്നത് ശരിയല്ലെന്നും ഗീത ഗോപിയ്ക്ക് പണം പിരിച്ചു നൽകാൻ കഴിവുണ്ടെന്നും സി.സി. മുകുന്ദൻ പറഞ്ഞു. സി.പി.ഐയിലെ വിഭാഗീയത കാരണം ഒഴിവാക്കപ്പെടുന്നുവെന്നും വിമര്‍ശനം.
ഗീതാ ഗോപിയെക്കുറിച്ച് മോശപ്പേര് കേട്ടതിന് ശേഷവും പാർട്ടി അവരെ കൊണ്ടുവരികയാണെന്നും സാമ്പത്തിക പ്രശ്നങ്ങളെക്കുറിച്ച് കൂടുതൽ വെളിപ്പെടുത്താൻ തയ്യാറാണെന്നും അദ്ദേഹം സൂചിപ്പിച്ചു. രണ്ട് ദിവസത്തിനകം തൃശ്ശൂരിൽ വാർത്താ സമ്മേളനം വിളിക്കുമെന്നും സി.സി. മുകുന്ദൻ അറിയിച്ചു. നാട്ടികയിൽ പെയ്മെന്റ് സീറ്റെന്ന ആരോപണത്തില്‍ മറുപടി പാര്‍ട്ടി പറയുമെന്ന് ഗീത ഗോപി. പാര്‍ട്ടി പറഞ്ഞാല്‍ മല്‍സരിക്കുമെന്നും ഗീതാ ഗോപി പറഞ്ഞു.

