മന്ത്രി മുഹമ്മദ് റിയാസിനെ കൂക്കിവിളിച്ച് കോഴിക്കോട് സമരം നടത്തുന്ന നഴ്‌സുമാര്‍

AnilKumar BalaKrishnan

കോഴിക്കോട്: പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസിനെ കൂക്കി വിളിച്ച് നഴ്‌സുമാര്‍. മലാപ്പറമ്പ്-മാനാഞ്ചിറ റോഡ് ഉദ്ഘാടനം ചെയ്ത ശേഷം സംഘടിപ്പിച്ച റോഡ് ഷോ കളക്ടേറ്റിന് മുന്നിലൂടെ പോകുമ്പോഴായിരുന്നു സമരം ചെയ്യുന്ന നഴ്‌സുമാര്‍ കൂക്കി വിളിച്ചത്. എംഎല്‍എ തോട്ടത്തില്‍ രവീന്ദ്രനും മേയര്‍ ഒ സദാശിവനും റോഡ് ഷോയില്‍ ഉണ്ടായിരുന്നു. റോഡ് ഷോ കടന്നുപോകുമ്പോള്‍ മന്ത്രി സമരക്കാരെ അഭിവാദ്യം ചെയ്ത് കൈവീശി കാണിച്ചിരുന്നു. ഇൌ സമയത്താണ് കൂക്കിവിളിയുണ്ടായത്. എന്നാല്‍ മന്ത്രി ഗൗനിക്കാതെ റോഡ് ഷോ തുടര്‍ന്നു.

മിനിമം വേതനം 40,000 ആക്കാമെന്ന ധാരണാപത്രത്തില്‍ ഒപ്പുവെയ്ക്കാന്‍ തയ്യാറാകാത്ത സ്വകാര്യ ആശുപത്രികള്‍ക്കെതിരെ പ്രതിഷേധം കടുപ്പിക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം. അതിന്റെ ഭാഗമായാണ് കോഴിക്കോട് കളക്ട്രേറ്റിന് മുന്നില്‍ അഞ്ഞൂറോളം നഴ്‌സുമാര്‍ കുത്തിയിരുന്ന് പ്രതിഷേധിക്കുന്നത്. ഇതോടെ മലബാര്‍ മേഖലയില്‍ ഭൂരിഭാഗം ആശുപത്രികളുടേയും പ്രവര്‍ത്തനം അവതാളത്തിലായി.

ന്യായമായ വേതന വര്‍ധനവ് നടപ്പിലാക്കാതെ പിന്നോട്ടില്ലെന്ന ഉറച്ച നിലപാടിലാണ് സമരസമിതി. പ്രശ്‌നപരിഹാരത്തിനായി സര്‍ക്കാര്‍ തലത്തില്‍ അടിയന്തര ഇടപെടല്‍ വേണമെന്ന ആവശ്യവും ശക്തമാണ്. വരും ദിവസങ്ങളില്‍ സമരം മറ്റ് ജില്ലകളിലേക്കും വ്യാപിപ്പിക്കാനാണ് നഴ്‌സിംഗ് സംഘടനകളുടെ തീരുമാനം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article