കേരള സ്റ്റോറി എന്ന പേരിൽ കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തി പുതിയ ക്യാമ്പയിൻ

AnilKumar BalaKrishnan

കേരള സ്റ്റോറി എന്ന പേരിൽ കേരളത്തിന്റെ നേട്ടങ്ങൾ ഉയർത്തി ഇടതുമുന്നണിയുടെ പുതിയ ക്യാമ്പയിൻ.
മുന്നേറ്റം, കരുതൽ, ഒരുമ എന്നിങ്ങനെ മൂന്ന് പ്രമേയങ്ങളെ അടിസ്ഥാനമാക്കി മലയാളി ജീവിതത്തിന്റെ പ്രത്യേകതകൾ പ്രചരിപ്പിക്കാനാണ് ക്യാമ്പയിൻ ലക്ഷ്യം വയ്ക്കുന്നത്. കേരള സ്റ്റോറി എന്ന പേരിൽ സംസ്ഥാനത്ത് ഇടത് സർക്കാരിൻ്റെ നേതൃത്വത്തിൽ നടന്ന വികസന പ്രവർത്തനങ്ങളുടെ വിശദാംശങ്ങൾ ഉൾക്കൊള്ളുന്ന വെബ്സൈറ്റ് സിപിഎം ജനറൽ സെക്രട്ടറി എം എ ബേബി ഉദ്ഘാടനം ചെയ്തു. തിരുവനന്തപുരം പ്രസ് ക്ലബ്ബ് ഹാളിൽ നടന്ന ചടങ്ങിൽ നികേഷ് കുമാറും പങ്കെടുത്തു. കേരള സ്റ്റോറി ഒരു സിനിമയല്ല , അതൊരു രാഷ്ട്രീയ ആഭാസമാണെന്ന് ചൂണ്ടിക്കാട്ടിയ അദ്ദേഹം, സത്യാനന്തര കാലത്ത് യാഥാർഥ്യങ്ങളെ വക്രീകരിക്കുന്നവർക്കിടയിൽ എന്താണ് യാഥാർഥ്യം എന്നത് മനസ്സിലാക്കി നൽകാൻ ഇത്തരത്തിൽ ഉള്ള വെബ്സൈറ്റുകൾ ആവശ്യമാണെന്നും ചൂണ്ടിക്കാട്ടി.

സിനിമയെന്ന കലാരൂപത്തെ മാനഭംഗപ്പെടുത്താനാണ് ‘കേരള സ്റ്റോറി’ എന്ന ചിത്രത്തിന്റെ അണിയറക്കാർ ശ്രമിച്ചതെന്നും, കേരളത്തെ വക്രീകരിച്ചു കാണിച്ച ഒരു ചലച്ചിത്ര ആഭാസമാണിതെന്നും എം എ ബേബി കുറ്റപ്പെടുത്തി. ഇല്ലാക്കഥകൾ നിർമ്മിച്ച് പ്രചരിപ്പിക്കുന്ന ഈ സാഹചര്യത്തിൽ, യാഥാർത്ഥ്യം ജനങ്ങളിലെത്തിക്കുക എന്നതാണ് ഈ ക്യാമ്പയിന്റെ പ്രധാന ലക്ഷ്യം.

ബി.ജെ.പി നേതൃത്വത്തിലുള്ള കേന്ദ്ര സർക്കാർ IFFK യെ പ്രതിസന്ധിയിലാക്കാൻ ശ്രമിച്ചതായും, നിരവധി ചിത്രങ്ങൾക്ക് പ്രദർശനാനുമതി നിഷേധിച്ചതായും അദ്ദേഹം ഉദ്ഘാടന പ്രസംഗത്തിൽ ആരോപിച്ചു. സിനിമ കാണാതെ തന്നെ ജനങ്ങൾ ഇതിന് പിന്നിലെ സത്യം തിരിച്ചറിയുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article