മദ്യനയത്തിനെതിരെ പാലായിൽ കെസിബിസി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ ജോസ് കെ മാണി പങ്കെടുക്കില്ല

AnilKumar BalaKrishnan

ഇടത് സർക്കാരിന്റെ മദ്യനയത്തിനെതിരായ പാലായിൽ കെസിബിസി മദ്യവിരുദ്ധ സമിതി സംഘടിപ്പിക്കുന്ന സമ്മേളനത്തിൽ കേരളാ കോൺഗ്രസ്സ് എം ചെയർമാൻ ജോസ് കെ മാണി പങ്കെടുക്കില്ല. ഡൽഹിയിൽ ഒരു മീറ്റിങ്ങിൽ പങ്കെടുക്കേണ്ടതിനാൽ ജോസ് കെ മാണി സ്ഥലത്തില്ലെന്നാണ് ലഭിക്കുന്ന വിവരം. പാലായിൽ കെസിബിസി മദ്യവിരുദ്ധ സമിതി നേതൃത്വത്തിൽ സംഘടിപ്പിച്ചിരിക്കുന്ന മദ്യ-ലഹരി വിരുദ്ധ ഞായർ മഹാസമ്മേളനത്തിലേക്ക് ജോസ് കെ മാണിയെയും ക്ഷണിച്ചിരുന്നു. പോസ്റ്ററിൽ ജോസ് കെ മാണിയുടെ പേര് വയ്ക്കുകയും ചെയ്തിരുന്നു. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇടതു സർക്കാരിന്റെ മദ്യനയത്തിനും സംസ്ഥാനത്തെ ലഹരി വ്യാപനത്തിനുമെതിരെ ചർച്ചകളും പ്രമേയ അവതരണവും നടക്കും.

വൈകുന്നേരം പാലായിൽ സംഘടിപ്പിച്ചിരിക്കുന്ന പരിപാടിയുടെ പോസ്റ്ററിലാണ് ജോസ് കെ മാണിയുടെ പേര് ഉൾപ്പെടുത്തിയിരിക്കുന്നത്. പാലാ രൂപത ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ ഇടതു സർക്കാരിന്റെ മദ്യനയത്തിനും സംസ്ഥാനത്തെ ലഹരി വ്യാപനത്തിനുമെതിരെ ചർച്ചകളും പ്രമേയ അവതരണവും നടക്കും. ബാറുകളുടെ പ്രവർത്തന സമയം ഒരു മണിക്കൂർ ദീർഘിപ്പിച്ചുകൊണ്ടുള്ള സർക്കാർ തീരുമാനം പുറത്തിറങ്ങിയതിന് പിന്നാലെ ഇത് പുതിയ മദ്യനയമല്ല എന്നായിരുന്നു ജോസ് കെ മാണിയുടെ പ്രതികരണം. യുഡിഎഫ് സർക്കാരിന്റെ കാലത്തുണ്ടായിരുന്ന മദ്യനയത്തിന്റെ ഭാഗമായി ചില പുനക്രമീകരണങ്ങൾ മാത്രമാണ് നടത്തിയിട്ടുള്ളത് എന്നും ജോസ് കെ മാണി പ്രതികരിച്ചിരുന്നു. എന്നാൽ ബാറുകളുടെ പ്രവർത്തനസമയം ദീർഘിപ്പിച്ചതിനെതിരെ വിവിധ ക്രൈസ്തവ സഭകൾ അടക്കം രംഗത്തെത്തി. ഇതിന് തുടർച്ചയാണ് കെസിബിസി മദ്യവിരുദ്ധ സമിതി പാലായിൽ മദ്യ-ലഹരി വിരുദ്ധ ഞായർ മഹാസമ്മേളനം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചിരിക്കുന്നത്.

Share This Article