കുവൈറ്റ് സിറ്റി: അയൽരാജ്യങ്ങൾക്ക് നേരെ ഇനി ആക്രമണമുണ്ടാവില്ലെന്ന പ്രഖ്യാപനത്തിന് പിന്നാലെ ഇന്ന് പുലർച്ചെ കുവൈറ്റിൽ ഡ്രോൺ ആക്രമണം . മാർച്ച് 8 ഞായറാഴ്ച പുലർച്ചെ രാജ്യത്തിന്റെ വ്യോമാതിർത്തി ലംഘിച്ചെത്തിയ ഏഴോളം ഇറാനിയൻ ഡ്രോണുകളെ കുവൈറ്റ് സായുധ സേന പ്രതിരോധിച്ചതായി ഔദ്യോഗിക വക്താവ് ബ്രിഗേഡിയർ ജനറൽ സൗദ് അൽ-അത്വാൻ പറഞ്ഞു.
കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകളെ ലക്ഷ്യമിട്ടാണ് ഡ്രോണുകൾ ആക്രമണം നടത്തിയതെന്ന് റിപ്പോർട്ടുണ്ട്, സുപ്രധാന അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണത്തെ ശക്തമായി പ്രതിരോധിച്ചതായും വ്യോമ പ്രതിരോധ സംവിധാനങ്ങൾ അതീവ ജാഗ്രതയിൽ തുടരുമ്പോൾ സുരക്ഷാ സേന സ്ഥിതിഗതികൾ നിരീക്ഷിക്കുന്നത് തുടരുന്നതായും അദ്ദേഹം വ്യക്തമാക്കി.
വീണ്ടും മിസൈൽ ആക്രമണമുണ്ടായതായി ഖത്തർ പ്രതിരോധ മന്ത്രാലയം.അതേസമയം,ആക്രമണത്തെ വിജയകരമായി തകർത്തതായും മന്ത്രാലയം വ്യക്തമാക്കി.
ശനിയാഴ്ച വൈകീട്ട് പ്രാദേശിക സമയം 6.40തോടെ ഖത്തറിലും മിസൈൽ ആക്രമണമുണ്ടായി. ആക്രമണത്തെ പ്രതിരോധിക്കുന്നതിന്റെ ഭാഗമായി വലിയ സ്ഫോടന ശബ്ദം കേട്ടതായി റിപ്പോർട്ടിൽ പറയുന്നു.അതേസമയം,രാജ്യത്തെ സുരക്ഷാ ഭീഷണി ഉയർന്ന തോതിലാണെന്നും താമസക്കാരോട് വീടിനുള്ളിൽ തന്നെ തുടരാനും ആവശ്യപ്പെട്ടുകൊണ്ട് ആഭ്യന്തര മന്ത്രാലയം മൊബൈൽ ഫോണുകളിൽ മുന്നറിയിപ്പ് നൽകി.
പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമാകുന്നതിനിടെ ഗൾഫ് രാജ്യങ്ങളോട് ക്ഷമാപണവുമായി ഇറാൻ പ്രസിഡന്റ് മസൂദ് പെഷസ്കിയാൻ രംഗത്തെത്തിയതിന് പിന്നാലെയാണ് തുടർച്ചയായി ആക്രമണങ്ങളുണ്ടായത്. ശനിയാഴ്ച ടെലിവിഷൻ പരിപാടിയിലൂടെ രാജ്യത്തെ അഭിസംബോധന ചെയ്ത മസൂദ് പെഷസ്കിയാൻ ഇറാന് മറ്റ് രാജ്യങ്ങളിലേക്ക് അധിനിവേശത്തിനുള്ള പദ്ധതികളില്ലെന്ന് വ്യക്തമാക്കിയിരുന്നു. ഇറാനെ സമീപ രാജ്യങ്ങൾ നേരിട്ട് ആക്രമിക്കാത്ത പക്ഷം സമീപ രാജ്യങ്ങൾക്ക് നേരെ ആക്രമണം ഉണ്ടാവില്ലെന്നാണ് ഇറാന്റെ താൽക്കാലിക നേതൃത്വ കൌൺസിൽ തീരുമാനമെന്നാണ് മസൂദ് പെഷസ്കിയാൻ വിശദീകരിച്ചത്. സമീപകാലത്ത് ഇറാന്റെ ആക്രമണത്തിന് ഇരയായ രാജ്യങ്ങളോട് ക്ഷമ ചോദിക്കുന്നുവെന്നും മസൂദ് പെഷസ്കിയാൻ ടെലിവിഷൻ പ്രസ്താവനയിൽ വിശദമാക്കി.
സൗദി അറേബ്യയിലെ തന്ത്രപ്രധാനമായ ഊര്‍ജസൈനിക കേന്ദ്രങ്ങളെ ലക്ഷ്യമാക്കി ഇന്നലെ പുലര്‍ച്ചെ നടന്ന വന്‍ വ്യോമാക്രമണങ്ങളെ സൗദി സേന വിജയകരമായി പ്രതിരോധിച്ചിരുന്നു. ലോകത്തെ ഏറ്റവും വലിയ എണ്ണപ്പാടങ്ങളിലൊന്നായ ഷൈബ (Shaybah) ലക്ഷ്യമിട്ടെത്തിയ 16 ഡ്രോണുകളും അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെ വന്ന ബാലിസ്റ്റിക്, ക്രൂസ് മിസൈലുകളുമാണ് വെടിവെച്ചിട്ടത്.
റുബ്ഉല്‍ ഖാലി മരുഭൂമിക്ക് മുകളിലൂടെ നാല് വ്യത്യസ്ത തരംഗങ്ങളിലായാണ് 16 ഡ്രോണുകള്‍ ഷൈബ എണ്ണപ്പാടം ലക്ഷ്യമിട്ടെത്തിയതെന്ന് സൗദി പ്രതിരോധ മന്ത്രാലയ വക്താവ് മേജര്‍ ജനറല്‍ തുര്‍ക്കി അല്‍ മാലിക്കി അറിയിച്ചു. അത്യാധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഷൈബ എണ്ണപ്പാടം സൗദിയുടെ ഗ്യാസ്‌പെട്രോകെമിക്കല്‍ മേഖലയിലെ ഏറ്റവും സുപ്രധാന കേന്ദ്രമാണ്. ഫെബ്രുവരി 28ന് ഇറാന് നേരെ നടന്ന അമേരിക്കന്‍- ഇസ്രയേൽ ആക്രമണത്തിന് ശേഷം ആദ്യമായാണ് ഈ മേഖല ഇറാന്‍ ലക്ഷ്യമിടുന്നത്.
തലസ്ഥാനമായ റിയാദില്‍ നിന്ന് 80 കിലോമീറ്റര്‍ അകലെയുള്ള വ്യവസായ കേന്ദ്രമായ അല്‍ഖര്‍ജിലെ പ്രിന്‍സ് സുല്‍ത്താന്‍ വ്യോമതാവളത്തിന് നേരെയും കനത്ത ആക്രമണമുണ്ടായി. ഒരു ബാലിസ്റ്റിക് മിസൈലും ഒരു ക്രൂസ് മിസൈലും വ്യോമതാവളം ലക്ഷ്യമാക്കി എത്തിയെങ്കിലും അവ ആകാശത്തുവെച്ചുതന്നെ തകര്‍ത്തു. ഇതിന് പുറമെ റിയാദിന് കിഴക്ക് ഭാഗത്ത് ഒരു ഡ്രോണും പ്രതിരോധ സേന വെടിവെച്ചിട്ടു. കഴിഞ്ഞ മൂന്ന് ദിവസമായി അല്‍ഖര്‍ജ് മേഖലയെ ലക്ഷ്യമിട്ട് തുടര്‍ച്ചയായ ആക്രമണശ്രമങ്ങളാണ് നടക്കുന്നത്.
ഇറാനെതിരായ നീക്കങ്ങള്‍ക്ക് പിന്നാലെ ഗള്‍ഫ് രാജ്യങ്ങളിലെ വ്യവസായ- ഊര്‍ജ കേന്ദ്രങ്ങളെ ലക്ഷ്യം വെച്ച് ടെഹ്‌റാന്‍ നടത്തുന്ന പ്രത്യാക്രമണങ്ങളുടെ ഭാഗമായാണ് പുതിയ സംഭവവികാസങ്ങള്‍. സൗദിയ്ക്ക് പുറമെ കഴിഞ്ഞ 24 മണിക്കൂറിനുള്ളില്‍ 125ലധികം ഡ്രോണുകളും ആറ് ബാലിസ്റ്റിക് മിസൈലുകളുമാണ് യു.എ.ഇ വെടിവെച്ചിട്ടത്.
സമാധാനത്തിനുള്ള ശ്രമങ്ങള്‍ക്കിടയിലും തുടരുന്ന ഇത്തരം ആക്രമണങ്ങളെ സൗദി മന്ത്രിസഭ ശക്തമായി അപലപിച്ചു. കിരീടാവകാശി മുഹമ്മദ് ബിന്‍ സല്‍മാന്റെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം ചേര്‍ന്ന മന്ത്രിസഭായോഗം, രാജ്യത്തിന്റെ ഭൂപ്രദേശവും പൗരന്മാരെയും സംരക്ഷിക്കാന്‍ ആവശ്യമായ ഏത് നടപടിയും സ്വീകരിക്കാന്‍ സൗദി അറേബ്യയ്ക്ക് പൂര്‍ണ്ണ അവകാശമുണ്ടെന്ന് വ്യക്തമാക്കിയിരുന്നു.

