ജമ്മുകശ്മീരിലും, ഡൽഹി മുംബൈ തുടങ്ങി പ്രധാനപ്പെട്ട നഗരങ്ങളിലും സുരക്ഷ വർദ്ധിപ്പിച്ചു. അതിർത്തി മേഖലകളിൽ നിരീക്ഷണം ശക്തമാക്കി
അഫ്ഗാനിസ്ഥാനുമായുള്ള സംഘർഷവും ബലൂചിസ്ഥാൻ കലാപവും ഉൾപ്പെടെ നിരവധി ആഭ്യന്തര വെല്ലുവിളികൾ പാക്കിസ്ഥാൻ നേരിടുന്നുണ്ട്. ഇത്തരം പ്രശ്നങ്ങളിൽ നിന്ന് ശ്രദ്ധ തിരിക്കാനും രാഷ്ട്രീയ വിവാദങ്ങൾ വഴിതിരിച്ചു വിടാനും ഇന്ത്യയിലേക്ക് ഭീകരവാദികളെ കടത്തിവിട്ട് പ്രകോപനം സൃഷ്ടിക്കാൻ പാക്കിസ്ഥാൻ ശ്രമിക്കുന്നു എന്നാണ് ഇൻ്റലിജൻസ് വിഭാഗം നൽകിയ മുന്നറിയിപ്പ്. പാക് ചാര സംഘടനയായ ഐഎസ്ഐയും , പാക്കിസ്ഥാൻ കേന്ദ്രീകൃത ഭീകര സംഘടനകളും ഇതിനായി ഗൂഢാലോചന നടത്തി. പടിഞ്ഞാറൻ അതിർത്തി മേഖലയിൽ പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. രഹസ്യാന്വേഷണ റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ സുരക്ഷ ഏജൻസികളോട് നിരീക്ഷണവും വിവരശേഖരണവും ശക്തമാക്കാൻ ആഭ്യന്തരമന്ത്രാലയം നിർദ്ദേശിച്ചു. അതിർത്തി മേഖലകളിൽ നുഴഞ്ഞുകയറ്റം തടയുന്നതിന് പ്രത്യേക പരിശോധന ആരംഭിച്ചു. ജമ്മുകശ്മീരിലും ഡൽഹി മുംബൈ തുടങ്ങിയ പ്രധാനപ്പെട്ട നഗരങ്ങളിലും സുരക്ഷാക്രമീകരണങ്ങൾ ശക്തമാക്കി. മുംബൈ തീരത്ത് മഹാരാഷ്ട്ര എടിഎസ് നടത്തിയ പരിശോധനയിൽ കസ്റ്റഡിയിലെടുത്തവരെ ചോദ്യം ചെയ്തു വരികയാണ്. ജമുകശ്മീരിൽ ലെഫ്റ്റനന്റ് ഗവർണറുടെ നേതൃത്വത്തിൽ ഉന്നതല യോഗം ചേർന്ന് സുരക്ഷാക്രമീകരണങ്ങൾ വിലയിരുത്തി.
