മെഡിക്കൽ കോളേജ് ഡോക്ടർമാർ നടത്തിവന്ന സമരം താൽക്കാലികമായി നിർത്തിവച്ചു. സർക്കാരുമായി നടത്തിയ ചർച്ചയെ തുടർന്നാണ് ഒരാഴ്ചത്തേക്ക് സമരം താൽക്കാലികമായി നിർത്തിവയ്ക്കാൻ തീരുമാനിച്ചതെന്ന് കെ ജി എം സി ടി എ അറിയിച്ചു.. ശമ്പള പരിഷ്കരണത്തിലെ 18 മാസത്തെ കുടിശിക ഉടൻ അനുവദിക്കാമെന്നും ബാക്കി 39 മാസത്തെ കുടിശ്ശിക നിയമപരമായ പരിശോധനകൾക്ക് ശേഷം നൽകാമെന്നും ചർച്ചയിൽ ആരോഗ്യ വകുപ്പ് സെക്രട്ടറി ചർച്ചയിൽ രേഖാമൂലം അറിയിച്ചു. ഇതേ തുടർന്നാണ് സമരം നിർത്തി വെയ്ക്കുന്നത്. ഇന്ന് മുതൽ അധ്യയനം, ഒ.പി., ശസ്ത്രക്രിയകൾ എന്നിവ പുനരാരംഭിക്കും.
രോഗികളുടെയും വിദ്യാർത്ഥികളുടെയും ബുദ്ധിമുട്ടുകൾ കണക്കിലെടുത്ത് നിലവിലെ സമരപരിപാടികൾ താൽക്കാലികമായി നീട്ടിവെക്കുന്നതായി കെജിഎംസിടിഎ അറിയിച്ചു. ഒ.പി, അധ്യയനം, മുൻകൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകൾ എന്നിവയിൽ നിന്നുള്ള വിട്ടുനിൽക്കൽ അടുത്ത ഒരാഴ്ചത്തേക്ക് താൽക്കാലികമായി മാറ്റിവെച്ചു. നിരാഹാര സമരവും നിർത്തിവച്ചിട്ടുണ്ട്. കഴിഞ്ഞ 17 ദിവസമായി സമരത്തിലായിരുന്നു ഗവൺമെൻറ് മെഡിക്കൽ കോളേജിലെ ഡോക്ടർമാർ. ഒരാഴ്ചയ്ക്കകം ഉറപ്പു നൽകിയ പ്രകാരമുള്ള ഉത്തരവിറങ്ങുന്നില്ലെങ്കിൽ കൂടുതൽ ശക്തമായ സമരപരിപാടികളുമായി മുന്നോട്ട് പോകുമെന്നും സംഘടന അറിയിച്ചു
