കോഴിക്കോട്: കാന്തപുരം നേതൃത്വംനൽകുന്ന മർകസ് നോളജ് സിറ്റിയുടെ കീഴിലുള്ള മർകസ് യുനാനി മെഡിക്കൽ കോളേജിന് എയ്ഡഡ് പദവി. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗമാണ് ഇതുസംബന്ധിച്ച് തീരുമാനമെടുത്തത്.
ഇതുപ്രകാരം, സ്ഥാപനത്തിലെ അധ്യാപകർക്കും അധ്യാപകേതര ജീവനക്കാർക്കും സർക്കാർ നേരിട്ട് ശമ്പളം നൽകേണ്ടിവരും. സ്ഥാപനത്തിന്റെ നടത്തിപ്പ് മർകസിന്റെയും കീഴിൽത്തന്നെ ആയിരിക്കുകയും ചെയ്യും. എയ്ഡഡ് പദവി നൽകുന്നതിലൂടെ സർക്കാരിന് വൻ സാമ്പത്തിക ബാധ്യതയാണ് വഹിക്കേണ്ടിവരിക.
താമരശ്ശേരി കൈതപ്പൊയിലിലെ മർകസ് നോളജ് സിറ്റിയിലാണ് യുനാനി മെഡിക്കൽ കോളേജ് സ്ഥിതിചെയ്യുന്നത്. സംസ്ഥാനത്തെ ഏക യുനാനി മെഡിക്കൽ കോളേജാണിത്. മറ്റ് പല സ്ഥാപനങ്ങളും എയ്ഡഡ് പദവിക്ക് ആവശ്യമുന്നയിക്കുന്നതിനിടെയുള്ള ഇപ്പോഴത്തെ തീരുമാനം തിരഞ്ഞെടുപ്പ് മുന്നിൽക്കണ്ടുള്ള നീക്കമാണെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നുണ്ട്.
സെൽഫിനാൻസിംഗ് കോളേജിന് എയ്ഡഡ് പദവി നൽകുന്നതോടെ അധ്യാപകരുടെയും ജീവനക്കാരുടെയും ശമ്പളമടക്കമുള്ള വലിയ സാമ്പത്തിക ബാധ്യത സർക്കാർ ഖജനാവിൽ നിന്ന് വഹിക്കേണ്ടി വരും. വൻതുക ഫീസ് ഈടാക്കി പ്രവേശനം നടത്തുന്ന സ്വാശ്രയ സ്ഥാപനത്തിന് ഇത്തരത്തിൽ എയ്ഡഡ് പദവി നൽകുന്നത് ഖജനാവിന് വൻ ബാധ്യതയാകുമെന്ന വിമർശനം ഉയരുന്നുണ്ട്. രാഷ്ട്രീയ ലക്ഷ്യങ്ങൾ മുൻനിർത്തിയാണ് സർക്കാർ ഈ തീരുമാനമെടുത്തതെന്നാണ് വിമർശനം

