കള്ള് കുടിച്ചിരിക്കുമ്പോൾ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് CPM എത്തി; സിപിഎം വിമത വേദിയിൽ തുറന്നടിച്ച് PK ശശി

AnilKumar BalaKrishnan

പാലക്കാട്: സി.പി.എം. പാലക്കാട് ജില്ലാ നേതൃത്വത്തോട് അതൃപ്തിയുള്ളവരുടെ നേതൃത്വത്തിൽ രൂപംകൊണ്ട മാർക്‌സിസ്റ്റ് കൂട്ടായ്മയുടെ ജില്ലാ കൺവെൻഷൻ ഉദ്ഘാടനം ചെയ്ത് സിപിഎം മുൻ എംഎൽഎ പി.കെ. ശശി. മദ്യപാന സദസ്സിൽ സെക്രട്ടറിയെ തീരുമാനിക്കുന്ന സ്ഥിതിയിലേക്ക് സിപിഎം എത്തി നിൽക്കുന്നുവെന്നടക്കമുള്ള രൂക്ഷ വിമർശനങ്ങളാണ് പി.കെ. ശശി നടത്തിയത്. ‘പാലക്കാട് ജില്ലയിൽ ലോക്കൽ സെക്രട്ടറിയുടെ തിരഞ്ഞെടുപ്പ് കള്ള് കുടിച്ചിരിക്കുമ്പോൾ തീരുമാനിക്കുന്ന അവസ്ഥയിലേക്കെത്തി.’ ശശി പറഞ്ഞു.

പാലക്കാട് പാർവതി കല്യാണമണ്ഡപത്തിലാണ് കൺവെൻഷൻ നടന്നത്. ഇത് വിമതരുടെ കൺവെൻഷൻ അല്ലെന്നും വിപ്ലവകാരികളായ കമ്യൂണിസ്റ്റുകളുടെ കൺവെൻഷനാണെന്നും ശശി പറഞ്ഞു.

അഴിമതിയും സ്പിരിറ്റ് കച്ചവടവുമൊക്കെയാണ് പാർട്ടിയിൽ നടക്കുന്നതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഉത്തരവാദിത്വപ്പെട്ട പാർട്ടി സ്ഥാനത്തിരിക്കുന്ന ഒരാൾ സ്പിരിറ്റ് കേസിൽ ഒന്നാം പ്രതിയാണെന്നും ശശി ചൂണ്ടിക്കാട്ടി.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ഈ അനീതിക്കും അധാർമികതയ്ക്കുമെതിരെ പാർട്ടിക്കകത്തുനിന്ന് പൊരുതിയവരെ നടപടിയെടുത്ത് പുറത്താക്കിയെന്നും ശശി പറഞ്ഞു. ഇത്തരത്തിൽ ചോദ്യം ചെയ്തതിന്റെ പേരിൽ ജോലിയിൽനിന്ന് പിരിച്ചുവിട്ട ഒട്ടേറെ സഖാക്കൾ ഈ യോഗത്തിൽ പങ്കെടുക്കുന്നുണ്ടെന്നും ശശി പറഞ്ഞു.

അധികാരം ഉപയോഗപ്പെടുത്തി എന്തെല്ലാം തോന്നിവാസങ്ങളാണ് പാലക്കാട് ജില്ലയിൽ ചെയ്തു കൂട്ടിയത്. എത്ര പേർക്കെതിരെ നടപടിയെടുത്തു. ക്രൂരമായി അക്രമിക്കപ്പെടുകയും പീഡിപ്പിക്കപ്പെടുകയും ചെയ്തു. ഇത് കമ്യൂണിസ്റ്റ് പാർട്ടി അനുവദിക്കാൻ പാടുണ്ടോ. പണപ്പിരിവിന് യാതൊരു കുറവുമില്ല. എല്ലാ മാസവും എന്തെങ്കിലും പിരിവുണ്ടാകും. ഇങ്ങനെ പിരിവുണ്ടായ കാലം ഉണ്ടായിട്ടില്ല.’ ശശി പറഞ്ഞു.

സിപിഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ.എൻ. സുരേഷ് ബാബുവിനെതിരെ ശശി ആഞ്ഞടിച്ചു. ‘കേട്ടാൽ ഞെട്ടുന്ന ചരിത്രമുള്ളയാളാണ് അദ്ദേഹം.  ഇമ്പിച്ചിബാവയടക്കമുള്ള മഹാന്മാർ ഇരുന്ന കമ്യൂണിസ്റ്റ് പാർട്ടി ജില്ലാ സെക്രട്ടറിയുടെ കസേരയിലാണ് ഒരു സ്പിരിറ്റ് കച്ചവടക്കാരൻ ഇരുന്നത്. അതിനെ ഞങ്ങൾ ചോദ്യം ചെയ്യേണ്ടേ?’ ശശി ചോദിച്ചു.

കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ടിനുപുറമേ വോയ്‌സ് ഓഫ് വടക്കഞ്ചേരി, മണ്ണാർക്കാട്ടെ ജനകീയ മതേതര മുന്നണി എന്നീ വിമത കൂട്ടായ്മകളും കൺവെൻഷനിൽ പങ്കെടുക്കുന്നുണ്ട്. നേരിട്ട് പങ്കെടുക്കാൻ കഴിയാത്ത ജില്ലാ കമ്മിറ്റിയിലെ അഞ്ചംഗങ്ങളുടെ മാനസിക പിന്തുണ തങ്ങൾക്കുണ്ടെന്ന് കൊഴിഞ്ഞാമ്പാറയിലെ ഡെമോക്രാറ്റിക് മാർക്‌സിസ്റ്റ് ഫ്രണ്ട് നേതാവും ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റുമായ എം. സതീഷ് പറഞ്ഞു.

Share This Article