എം മാധവദാസ്
ഇസ്രയേല്‍ ആക്രമണത്തെ തുടര്‍ന്ന്, ഇറാന്റെ പരമോന്നത നേതാവ് ആയത്തൊള്ള അലി ഖമേനി കൊല്ലപ്പെട്ടപ്പോള്‍, കേരളത്തിലടക്കം കമ്യൂണിസ്റ്റുകള്‍ ഖമനേയിക്കും ഇറാനിലെ ഇസ്ലാമിക ഭരണകൂടത്തിനും വേണ്ടി പ്രതികരിക്കുന്ന കാഴ്ചയാണ് കണ്ടത്. എന്നാല്‍ അധികാരം കിട്ടയപ്പോള്‍ ആയിരക്കണക്കിന് കമ്യൂണിസ്റ്റുകളെ കൊന്നൊടുക്കുകയാണ് ഇറാനിലെ ഇസ്ലാമിക ഭരണകുടം ചെയ്തത്. കേരളത്തിലെ കമ്യൂണിസ്റ്റുകള്‍ ഇറാനില്‍ സ്വന്തം സഖാക്കള്‍ക്ക് എന്താണ് സംഭവിച്ചത് എന്നുപോലും മനസ്സിലാക്കാതെയാണ് പ്രതികരിക്കുന്നത്. അല്ലെങ്കില്‍ കാര്യങ്ങള്‍ മനസ്സിലാക്കിയിട്ടും നാലുവോട്ടിനുവേണ്ടി അവര്‍ വസ്തുതകള്‍ മറച്ചുവെക്കുന്നുവെന്നാണ് ഇറാന്റെ ചരിത്രം പഠിക്കുമ്പോള്‍ മനസ്സിലാക്കുക.
ഞെട്ടിപ്പിക്കുന്ന ജയില്‍ക്കൊലകള്‍
1979-ല്‍ ഷാ ഭരണകൂടത്തിനെതിരെ കമ്യൂണിസ്റ്റുകളും ഇസ്ലാമിസ്റ്റുകളും ഒന്നിച്ചാണ് പൊരുതിയത്. എന്നാല്‍ ഇസ്ലാമിക ഭരണകൂടം വന്നതോടെ കമ്യൂണിസ്റ്റുകളുടെ തലകള്‍ ഉരുണ്ടു. വിപ്ലവത്തിന്റെ ആദ്യഘട്ടത്തില്‍ കമ്മ്യൂണിസ്റ്റുകാരെ കൂടെ നിര്‍ത്തിയെങ്കിലും അധികാരം ലഭിച്ചതോടെ ഖൊമേനി അവരെ ‘അവിശ്വാസികള്‍’ എന്ന് മുദ്രകുത്തി വേട്ടയാടി. 1981-82 കാലഘട്ടത്തില്‍ ആയിരക്കണക്കിന് ഇടതുപക്ഷ പ്രവര്‍ത്തകരെ ‘ദൈവത്തിന്റെ ശത്രുക്കള്‍’ എന്നാരോപിച്ച് വെടിവെച്ചുകൊന്നു.
പ്രമുഖ കമ്മ്യൂണിസ്റ്റ് നേതാക്കളെ തടവിലിടുകയും ടിവിയിലൂടെ നിര്‍ബന്ധിത കുറ്റസമ്മതം നടത്തിക്കുകയും ചെയ്തു. 1988-ലെ ജയില്‍ കൂട്ടക്കൊലയൊക്കെ ഞെട്ടിക്കുന്നതാണ്. ഇറാന്‍ ചരിത്രത്തിലെ ഏറ്റവും വലിയ കൂട്ടക്കൊലയാണിത്. അയത്തൊള്ള ഖൊമേനിയുടെ പ്രത്യേക ഫത്വയുടെ അടിസ്ഥാനത്തിലായിരുന്നു ഇത് നടന്നത്. പ്രധാനമായും കമ്മ്യൂണിസ്റ്റ് പാര്‍ട്ടികളിലെ അംഗങ്ങളും ഇടതുപക്ഷ സംഘടനയായ മെക്കിന്റെയും പ്രവര്‍ത്തകരുമായിരുന്നു ഇതിന്റെ ഇരകള്‍. തടവുകാരെ വിചാരണ ചെയ്യാന്‍ മൂന്നംഗ ‘ഡെത്ത് കമ്മിറ്റികള്‍’ രൂപീകരിച്ചു. ‘നീ ദൈവത്തില്‍ വിശ്വസിക്കുന്നുണ്ടോ?’, ‘നീ പാര്‍ട്ടി ഉപേക്ഷിക്കുമോ?’ തുടങ്ങിയ ലളിതമായ ചോദ്യങ്ങള്‍ ചോദിച്ച ശേഷം മറുപടി തൃപ്തികരമല്ലെങ്കില്‍ മിനിറ്റുകള്‍ക്കുള്ളില്‍ വധശിക്ഷ നടപ്പിലാക്കി! ഔദ്യോഗികമായി 5,000 പേര്‍ കൊല്ലപ്പെട്ടെന്ന് കണക്കാക്കുമ്പോള്‍, ആംനസ്റ്റി ഇന്റര്‍നാഷണല്‍ ഉള്‍പ്പെടെയുള്ള സംഘടനകള്‍ ഇത് 30,000 വരെ ആകാമെന്ന് ചൂണ്ടിക്കാട്ടുന്നു. പരേതനായ ഇറാന്‍ പ്രസിഡന്റ് ഇബ്രാഹിം റെയ്‌സി ഈ ഡെത്ത് കമ്മീഷനിലെ അംഗമായിരുന്നു.

സുന്നികള്‍ക്കും കൂട്ടക്കൊല
സുന്നികളും സ്വന്തം മതമായിട്ടുപോലും ഇറാനില്‍ വേട്ടയാടപ്പെട്ടു.
ഇറാനിലെ സുന്നി ന്യൂനപക്ഷങ്ങള്‍ (പ്രത്യേകിച്ച് ബലൂചികള്‍, കുര്‍ദുകള്‍) ദശകങ്ങളായി വിവേചനവും പീഡനവും അനുഭവിക്കുന്നുണ്ട്. പലഘട്ടങ്ങളിലും ഷിയാ ഭരണകൂടം അവരെ വേട്ടയാടി. 2022-ല്‍ സഹേദാനിലെ സുന്നി പള്ളിയില്‍ പ്രാര്‍ത്ഥന കഴിഞ്ഞ് മടങ്ങിയവര്‍ക്ക് നേരെ സുരക്ഷാ സേന നടത്തിയ വെടിവെപ്പില്‍ കുട്ടികളടക്കം നൂറിലധികം പേര്‍ കൊല്ലപ്പെട്ടു. ബ്ലഡി ഫ്രൈഡേ എന്നാണ് ഇത് അറിയപ്പെടുന്നത്. ഇറാനില്‍ വധിക്കപ്പെടുന്നവരില്‍ പകുതിയിലധികവും സുന്നി ബലൂച് വിഭാഗക്കാരാണെന്ന് മനുഷ്യാവകാശ സംഘടനകള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ടെഹ്‌റാന്‍ പോലുള്ള പ്രധാന നഗരങ്ങളില്‍ സുന്നി പള്ളികള്‍ നിര്‍മ്മിക്കുന്നതിന് ഭരണകൂടം ഇന്നും വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്. ഇത്തരത്തില്‍ സ്വന്തം ജനതയെവരെ അങ്ങേയറ്റം ദ്രോഹിച്ച ഒരു ഭരണത്തിന്റെ നേതാവായ ഖമനേയിയാണ്, ഇസ്രയേല്‍- അമേരിക്കന്‍ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.
ഇത്രയും ക്രൂരതകള്‍ സ്വന്തം ജനതയോടു ചെയ്ത, ഇറാനിലെ കമ്യൂണിസ്റ്റുകളുടെ കൂട്ടക്കൊല ചെയ്ത ഖമേനിയിക്കുവേണ്ടി, സിപിഎം അടക്കം രംഗത്തെത്തുമ്പോള്‍, അമ്പരന്നുപോവുകയാണ്. എന്തായാലും സദ്ദാം ഹുസൈനെ തൂക്കിക്കൊന്ന ദിവസത്തേതുപോലെ, ഖമനേയിയുടെ പേരില്‍ ഹര്‍ത്താലൊന്നും നടത്തിയില്ലല്ലോ, അതില്‍ കേരളം സിപിഎമ്മിനോട് കടപ്പെട്ടിരിക്കുന്നുവെന്നാണ് സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം.

