കൊല്ലം: ശബരിമല സ്വർണ കവർച്ച കേസിൽ പ്രതിയായ തിരുവാഭരണം മുൻ കമ്മീഷണർ കെ എസ് ബൈജുവിന് ജാമ്യം. ദ്വാരപാലക ശില്പ കേസിലാണ് കൊല്ലം വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്.
കട്ടിള പാളി കേസിൽ നേരത്തെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു.
രണ്ട് കേസുകളിലും ജാമ്യം ലഭിച്ചതോടെ
കെ എസ് ബൈജു ഇന്ന് ജയിൽ മോചിതനാകും.
ദ്വാരപാലക ശില്പ കേസിലാണ് റിമാൻഡ് 90 ദിവസം പൂർത്തിയായത് കാട്ടി ജാമ്യഹർജി സമർപ്പിച്ചത്. കഴിഞ്ഞ നവംബറിലാണ് തിരുവാഭരണം മുൻ കമ്മീഷണറായ കെ എസ് ബൈജുവിനെ കട്ടിള പാളി കേസിൽ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്യുന്നത്. പിന്നാലെ ദ്വാരപാലക ശില്പ കേസിലും പ്രതി ചേർത്തു. സ്വർണ കവർച്ച നടന്ന സമയത്തെ ഉദ്യോഗസ്ഥൻ എന്ന നിലയിൽ കെ എസ് ബൈജുവിനും ഉത്തരവാദിത്വം ഉണ്ടെന്ന് കാട്ടിയായിരുന്നു അറസ്റ്റ്. റിമാൻഡിൽ കഴിഞ്ഞു വന്ന ബൈജുവിന് കട്ടിള പാളി കേസിൽ 90 ദിവസം പൂർത്തിയായതിനെ തുടർന്ന് ഫെബ്രുവരി 12 ന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചിരുന്നു. ഇ കേസിൽ ഇതുവരെ ആറു പ്രതികൾ ജയിൽ മോചിതരായി. ഇതിൽ മുഖ്യപ്രതി ഉണ്ണികൃഷ്ണൻ പോറ്റി ഉൾപ്പെടെ നാലുപേർ സ്വാഭാവിക ജാമ്യം നേടിയാണ് പുറത്തിറങ്ങിയത്.
