ന്യൂഡൽഹി:ജെഎൻയുവിൽ വൈസ് ചാൻസലറുടെ രാജി ആവശ്യപ്പെട്ട് നടന്ന പ്രതിഷേധത്തിന് നേരെ കല്ലേറ്. പ്രതിഷേധ സമരത്തിൽ പങ്കെടുത്ത വിദ്യാർഥികൾക്ക് നേരെ പുലർച്ച 3 മണി മുതലാണ് കല്ലേറുണ്ടായത്. സമരത്തിൽ പങ്കെടുത്ത നിരവധി വിദ്യാർഥികൾക്ക് പരിക്കേറ്റു.
കല്ലെറിഞ്ഞത് എബിവിപി പ്രവർത്തകരാണെന്നും പൊലീസ് കല്ലേറ് തടഞ്ഞില്ലെന്നും വിദ്യാർഥികൾ ആരോപിച്ചു. വൈസ് ചാൻസലറുടെ ദലിത് വിരുദ്ധ പ്രസ്താവനയ്ക്ക് എതിരെയാണ് ക്യാമ്പസിൽ വൻ പ്രതിഷേധം നടന്ന് കൊണ്ടിരിക്കുന്നത്. യുജിസി ചട്ടങ്ങളുമായി ബന്ധപ്പെട്ട പോഡ്കാസ്റ്റിനിടെ സർവകലാശാല വൈസ് ചാൻസലർ പ്രൊഫ. ശാന്തിശ്രീ ധൂലിപുരി പണ്ഡിറ്റ് നടത്തിയ വിവാദ പ്രസ്താവനയാണ് പ്രതിഷേധങ്ങൾക്ക് ഇടയാക്കിയത്. ഫെബ്രുവരി 16ന് പുറത്തിറങ്ങിയ പോഡ്കാസ്റ്റിൽ ജെഎൻയു വിസി നടത്തിയ പ്രസ്താവനകൾ ജാതി അധിക്ഷേപം നിറഞ്ഞതും ഭരണഘടന തത്വങ്ങൾക്ക് വിരുദ്ധവുമാണെന്ന് ജെഎൻയു വിദ്യാർഥി യൂണിയൻ ആരോപിച്ചു.
ജെഎൻയു പോലുള്ള ഒരു പുരോഗമന കാമ്പസിൻ്റെ അന്തസിനും ആത്മാഭിമാനത്തിനും നേരെയുള്ള ആക്രമണമാണ് ഇത്തരം വാക്കുകളെന്ന് വിദ്യാർഥികൾ പറഞ്ഞു. വൈസ് ചാൻസലർ പരസ്യമായി ക്ഷമാപണം നടത്തിയില്ലെങ്കിൽ പ്രതിഷേധങ്ങൾ ശക്തമാക്കുമെന്നാണ് വിദ്യാർഥി യൂണിയൻ്റെ നിലപാട്.

