വീണ്ടും ചികിത്സാ പിഴവ്; കാട്ടാക്കട മമൽ ആശുപത്രിയിൽ രണ്ടര വയസുകാരി മരിച്ചു; ഇഞ്ചക്ഷൻ എടുത്തതിനെ തുടർന്ന് എന്ന് ബന്ധുക്കൾ

insight kerala

തിരുവനന്തപുരം ജില്ലയിൽ മൂന്നു ദിവസത്തിനുള്ളിൽ രണ്ടാമത്തെ ചികിത്സപ്പിഴവും മരണവുമാണ് സംഭവിക്കുന്നത്. ആദ്യത്തേത് സർക്കാർ ആശുപത്രിയിലെങ്കിൽ ഇപ്പോൾ സംഭവിച്ചിരിക്കുന്നത് സ്വകാര്യ ആശുപത്രിയിൽ. നെടുമങ്ങാട് താലൂക്ക് ആശുപത്രിയിൽ നവജാതശിശു മരിച്ചതിനെ തുടർന്ന് ഡോക്ടറുടെ സസ്പെൻഷനും പ്രതിഷേധവും അവസാനിക്കുന്നതിനു മുമ്പ് തന്നെ കാട്ടാക്കടയിൽ രണ്ടര വയസ്സുകാരി ചികിത്സാപിഴവിനെ തുടർന്ന് മരിച്ചതായി പരാതി. കാട്ടാക്കട മമല്‍ ആശുപത്രിയില്‍ നിന്നു കുത്തിവെപ്പ് എടുത്ത ഉറിയാക്കോട് സ്വദേശികളായ സിദ്ദിഖ് – ഫൈസലത്ത് ദമ്പതികളുടെ മകള്‍ ഐഷ ഫാത്തിമയാണ് മരിച്ചത്. ശ്വാസതടസ്സം നേരിട്ടതിനെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച കുട്ടിയുടെ കൈയിൽ ഇഞ്ചക്ഷൻ എടുത്തതോടു കൂടി ബോധരഹിതയായി എന്നാണ് ബന്ധുക്കൾ പറയുന്നത്. സ്ഥിതി വഷളായതിനെത്തുടർന്ന് നെയ്യാർ മെഡിസിറ്റി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ആശുപത്രിയിൽ എത്തിയപ്പോഴേക്കും കുട്ടി മരിച്ചിരുന്നു. മെഡിസിറ്റിയിലേക്ക് കൊണ്ടുപോയ ആംബുലൻസിൽ ബന്ധുക്കളെ ആരെയും കയറാൻ ആശുപത്രി ജീവനക്കാർ സമ്മതിച്ചിരുന്നില്ല എന്നാണ് കുട്ടിയുടെ പിതാവ് പറയുന്നത്. ഇത് സംശയം ജനിപ്പിക്കുന്നുവെന്ന് ബന്ധുക്കൾ ആരോപിക്കുന്നു.ആര്യനാട് പോലീസ് കേസെടുത്തിട്ടുണ്ട്. പോസ്റ്റ്മോർട്ടത്തിനു ശേഷം മാത്രമേ മരണകാരണം വ്യക്തമാകുകയുള്ളൂ.

അതേസമയം ചികിത്സാ പിഴവ് ഉണ്ടായിട്ടില്ലെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി

Share This Article