ആലപ്പുഴ : വയറ്റിൽ കത്രിക വച്ച് തുന്നിയ കേസിൽ ശസ്ത്രക്രിയ നടത്തിയ ഡോക്റ്റർ ഷാഹിദയ്ക്ക് ക്ലീൻ ചിറ്റ് നൽകിക്കൊണ്ട് അന്വേഷണ റിപ്പോർട്ട്. ആലപ്പുഴ മെഡിക്കൽ കോളെജിൽ ശസ്ത്രക്രിയക്ക് വിധേയയായ ഉഷ ജോസഫിന്‍റെ വയറ്റിലാണ് കത്രിക വച്ച് തുന്നിയത്. അഞ്ച് വർഷങ്ങൾക്കു ശേഷം കഴിഞ്ഞ ദിവസമാണ് ഉഷയുടെ വയറ്റിൽ നിന്ന് കത്രിക എടുത്തു മാറ്റിയത്. സംഭവം വിവാദമായതിനു പിന്നാലെയാണ് അന്വേഷണം നടത്തിയത്.
എന്നാൽ ശസ്ത്രക്രിയ നടത്തിയ ഷാഹിദ എല്ലാ ഉപകരണങ്ങളും പുറതതെടുത്തില്ലേ എന്ന് ഒപ്പമുണ്ടായിരുന്ന നഴ്സ് ധന്യയോട് ചോദിച്ചിരുന്നുവെന്നും നഴ്സ് നൽകിയ ഉറപ്പിനു പിന്നാലെയാണ് തുന്നൽ ഇട്ടതെന്നുമാണ് അന്വേഷണത്തിൽ കണ്ടെത്തിയത്. നടപടിക്രമങ്ങൾ പാലിച്ചാണ് ഡോക്റ്റർ ശസ്ത്രക്രിയ പൂർത്തിയാക്കിയത്.
നഴ്സിനാണ് വീഴ്ച പറ്റിയതെന്നും കൊവിഡ് കാലമായതിനാൽ പരിമിതികളുണ്ടായിരുന്നുവെന്നും റിപ്പോർട്ടിലുണ്ട്. അക്കാലത്ത് ജീവനക്കാർ പരിമിതമായിരുന്നു. ശസ്ത്രക്രിയക്കു സഹായിച്ചിരുന്ന നഴ്സ് ഒരേ സമയം രണ്ടു ടേബിളുകളിലെ ഡോക്റ്റർമാരെ സഹായിച്ചിരുന്നു. മാത്രമല്ല പിപിഇ കിറ്റ് ധരിച്ചു കൊണ്ടുള്ള ശസ്ത്രക്രിയ ബുദ്ധിമുട്ടേറിയതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കിയിട്ടുണ്ട്. ഡോക്റ്റർക്ക് ക്ലീൻ ചിറ്റ് നൽകി നഴ്സിനു മേൽ കുറ്റം ചാരാനുള്ള ശ്രമത്തെ നഴ്സസ് യൂണിയൻ അപലപിച്ചിട്ടുണ്ട്.

