സർക്കാർ ഡോക്ടർമാരുടെ സമരം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ ഡോക്ടർമാരും സർക്കാരും നിലപാടിൽ ഉറച്ചു നിൽക്കുകയാണ്. ചർച്ചയെ തുടർന്ന് പിജി ഡോക്ടർമാർ സമരത്തിൽ നിന്ന് പിന്മാറിയെങ്കിലും സീനിയർ ഡോക്ടർമാർ സമരം തുടരുകയാണ്. ഡയസ്നോൺ കർശനമാക്കിയും സമരത്തിൽ പങ്കെടുക്കുന്ന ഡോക്ടർമാരുടെ വിശദാംശങ്ങൾ ശേഖരിച്ചും ആരോഗ്യവകുപ്പ് നടപടികൾ ശക്തമാക്കുകയാണ്. രോഗികളെ ദുരിതത്തിൽ ആക്കുന്ന സമരത്തിൽ നിന്ന് ഡോക്ടർമാർ പിന്മാറണം എന്നാണ് സർക്കാർ ആവശ്യപ്പെട്ടുകൊണ്ടിരിക്കുന്നത്. സമരം നിർത്തുകയാണെങ്കിൽ ചർച്ചയാകാം എന്ന നിലപാടിൽ ആരോഗ്യവകുപ്പ് ഉറച്ചുനിൽക്കുന്നു. എന്നാൽ ഡോക്ടർമാർ ആകട്ടെ തങ്ങളുടെ അവകാശങ്ങൾക്ക് വേണ്ടി നിരന്തര പോരാട്ടം നടത്തിയിട്ടും സർക്കാർ മുഖം തിരിച്ചു നിൽക്കുന്നു എന്നാണ് ആരോപിക്കുന്നത്. കെജിഎംസിടിഎയുമായി പല ഘട്ടങ്ങളിലായി ചര്‍ച്ച നടത്തിയിരുന്നെങ്കിലും പരിഹാരം കാണാന്‍ സര്‍ക്കാര്‍ തയ്യാറായില്ലെന്നാണ് സംഘടനാ ഭാരവാഹികളുടെ ആക്ഷേപം. ശമ്പള കുടിശ്ശിക നല്‍കുന്നതിന് നിയമതടസം ഇല്ലെന്ന് നിയമോപദേശം ലഭിച്ചിട്ടും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാന്‍ സര്‍ക്കാര്‍ കൂട്ടാക്കുന്നില്ലെന്നും കെജിഎംസിടിഎ കുറ്റപ്പെടുത്തുന്നു. അതേസമയം സർക്കാർ ഡോക്ടർമാരും നിലപാടിലുറച്ചു നിൽക്കുമ്പോൾ വലയുന്നത് സാധാരണക്കാരായ രോഗികളാണ്. പല ആശുപത്രികളിലും അടിയന്തര ശസ്ത്രക്രിയകൾ ഒഴികെ മറ്റൊന്നും നടക്കുന്നില്ല. സമരം അനന്തമായി നീളുകയാണെങ്കിൽ സർക്കാർ ആശുപത്രികളിലെ ചികിത്സാ സംവിധാനം നിശ്ചലമാകുന്ന അവസ്ഥയിലേക്കാകും കാര്യങ്ങൾ എത്തുക.
