മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്ന് പേര് മാറ്റി

insight kerala

മലബാർ ഡിസ്റ്റിലറീസ് പുറത്തിറക്കുന്ന ബ്രാൻഡിയുടെ പേര് ‘മിന്നൽ മാജിക്’ എന്നാക്കി ബെവ്കോ. നേരത്തെ നിശ്ചയിച്ചിരുന്ന മലബാർ മിസ്റ്ററി എന്ന പേര് മാറ്റി. പാലക്കാട് നടക്കുന്ന നിർമ്മാണോദ്ഘാടന ചടങ്ങിൽ എക്സൈസ് മന്ത്രി എം ബി രാജേഷ് പേര് പ്രഖ്യാപിക്കും.

പാലക്കാട് മേനോൻ പാറയിലാണ് ബ്രാൻഡിയുടെ ഉത്പാദനം നടത്തുന്നത്. ഒരു മാസത്തിനകം മിന്നൽ മാജിക് ബെവ്കോ ഔട്ട്‍ലെറ്റുകളിലെത്തും. 13, 500 കെയ്സ് മദ്യമായിരിക്കും ദിനം പ്രതി ഉണ്ടാക്കുക. അരലിറ്റർ കുപ്പിയിലാണ് ഉത്പാദനം. അരലിറ്റർ മിന്നൽ മാജിക്കിന് 400 രൂപയെന്ന് സൂചന. നിലവിൽ സർക്കാർ ഉൽപാദിപ്പിക്കുന്നത് ജവാൻ റം മാത്രമാണ്. നേരത്തെ പൊതുജനങ്ങളിൽ നിന്ന് പേര് സ്വീകരിച്ചത് ഹൈക്കോടതി തടഞ്ഞിരുന്നു. ജനങ്ങളിൽ നിന്ന് സ്വീകരിക്കുന്ന പേര് ബ്രാൻഡിക്ക് ഇടുമെന്നും തെരഞ്ഞെടുത്ത് പേരിന് 10,000 രൂപ സമ്മാനമായി നൽകുമെന്നും നേരത്തെ ബെവ്കോ എംഡി പ്രഖ്യാപിച്ചതിന് പിന്നാലെയാണ് വിവാദങ്ങൾ തുടങ്ങിയത്. മദ്യ ഉപഭോഗം പ്രോത്സാഹിപ്പിക്കുന്നത് നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി ഹൈക്കോടതിയിൽ ഹർജിയെത്തിയതോടെ പരസ്യം നൽകിയത് തങ്ങളല്ല എന്ന് ബെവ്‌കോ സത്യവാഗ്മൂലം നൽകി തടിയൂരി.. മദ്യം ഉല്‍പാദിപ്പിക്കുന്നതിനുള്ള വെള്ളം തുടക്കത്തില്‍ മലമ്പുഴ ഡാമില്‍ നിന്നു നേരിട്ട് എത്തിക്കാനാണു ശ്രമിക്കുന്നത്.

Share This Article