കോൺഗ്രസ് നേതാക്കളെ വിമർശിച്ചും സിപിഎമ്മിനെ പുകഴ്ത്തിയും കേരളാ കോൺഗ്രസ് എം മുഖപത്രമായ പ്രതിച്ഛായ.
കെഎം മാണിക്ക് എതിരായ ബാർകോഴ ആരോപണത്തിലാണ് വിമർശനം. കെ എം മാണിക്കെതിരെ ക്യുക്ക് വെരിഫിക്കേഷൻ നടത്തിയത് ചെന്നിത്തലയുടെ അവിവേകം.
കേവല ഭൂരിപക്ഷം മാത്രം ഉണ്ടായിരുന്ന സഭയായിരുന്നു ഉമ്മൻചാണ്ടിയുടേത്.
കാരുണ്യ പദ്ധതിയിലൂടെ കെഎം മാണിയുടെ ജനപ്രീതി വർദ്ധിച്ചു. കെഎം മാണിയുടെ നേതൃത്വത്തിൽ ഒരു ബദൽ മന്ത്രിസഭ കൊണ്ടുവരാൻ സിപിഎം ശ്രമിച്ചു.
എന്നാൽ കെഎം മാണി അതിനോട് അത്ര താല്പര്യം കാണിച്ചില്ല.
മറിച്ചായിരുന്നുവെങ്കിൽ അത് യാഥാർത്ഥ്യമാകുമായിരുന്നു. കേരള കോൺഗ്രസ് എംഎൽഎമാർ മാറിയാൽ ഇടതുമുന്നണിക്ക് ഭൂരിപക്ഷം ഉണ്ടാകുമായിരുന്നു. മാണിയോടുള്ള മതിപ്പും സ്നേഹവും കൊണ്ടാണ് സിപിഎം നേതൃത്വം അങ്ങനെ നീക്കം നടത്തിയത് എന്നാൽ അതു കെ മാണിക്ക് തന്നെ വിനയായി. കെഎം മാണിക്ക് ലഭിച്ച ജനപ്രീതി ചില കോൺഗ്രസ് നേതാക്കളെ അസ്വസ്ഥരാക്കി. കെഎം മാണിയെ ക്ഷീണിപ്പിച്ച് കേരള കോൺഗ്രസിന് തകർക്കാമെന്ന് ഇവർ കണക്കുകൂട്ടി.
ഇതിലൂടെ കേരള കോൺഗ്രസ് കാലങ്ങളായി കൈവച്ച് പോരുന്ന നിയമസഭാ സീറ്റുകളിൽ മത്സരിക്കാം എന്നും കണക്കുകൂട്ടി. ഇതിനു പിന്നാലെയാണ് ബാർകോഴ വിവാദം ബിജു രമേശ് ഉന്നയിച്ചത്. കെ ബാബുവിനെയും ശിവകുമാറിനെയും അവഗണിച്ച് കെഎം മാണിയെ മാത്രം വേട്ടയാടി. ഒറ്റപ്പെടുത്തി ക്രൂശിക്കാൻ കുറെ നേതാക്കളും മാധ്യമങ്ങളും ശ്രമിച്ചു. എന്നാൽ കെഎം മാണി അത് കാര്യമായി എടുത്തില്ല. പക്ഷേ ആരോപണം ഉന്നയിക്കപ്പെട്ടതിന്റെ തൊട്ടടുത്ത ദിവസം ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല അന്വേഷണം പ്രഖ്യാപിച്ചു. ചെന്നിത്തല ആലോചിക്കാതെ ഉത്തരവിട്ടത് അവിവേകമായി പോയി. ഈ വെരിഫിക്കേഷനിൽ ഒന്നും തന്നെ കണ്ടെത്താനുമായില്ല
ബാർകോഴ കേസിൽ കോൺഗ്രസ് നേതാക്കളെ വിമർശിച്ച് കേരള കോൺഗ്രസ് എം മുഖപത്രം ‘പ്രതിച്ഛായ’
