വയറ്റിൽ കത്രികയുമായി വീട്ടമ്മ കഴിഞ്ഞത് 5 വർഷം; വണ്ടാനം മെഡിക്കൽ കോളേജിലെ ശസ്ത്രക്രിയ പിഴവ്; കൊച്ചി അമൃത ആശുപത്രിയിൽ അടിയന്തര ശസ്ത്രക്രിയ

insight kerala

ആലപ്പുഴ: ആ പുന്നപ്ര സ്വദേശിനി ഉഷാ ജോസഫിനാണ് ഈ ദുരവസ്ഥയുണ്ടായത്. അഞ്ചുവർഷം മുൻപ് വണ്ടാനം മെഡിക്കൽ കോളേജ് ആശുപത്രിയിൽ നടന്ന ശസ്ത്രക്രിയയ്ക്കിടെ കത്രിക വയറ്റിൽ മറന്നുവെച്ചതാകാമെന്നാണ് കരുതുന്നത്

ശസ്ത്രക്രിയക്കു ശേഷം വയറ്റിൽ ഉഷയ്ക്ക് വേദന അനുഭവപ്പെട്ടിരുന്നു. കഴിഞ്ഞ ദിവസമാണ് എം.ആർ.ഐ. സ്‌കാനിലൂടെ വയറ്റിൽ കത്രിക കുടുങ്ങിയത് കണ്ടെത്തിയത്. തിങ്കളാഴ്ച ശസ്ത്രക്രിയയിലൂടെ കത്രിക പുറത്തെടുക്കാമെന്നാണ് വണ്ടാനം മെഡിക്കൽ കോളേജ് അധികൃതർ അറിയിച്ചിട്ടുള്ളത്.

2021 മേയ് മാസത്തിൽ കോവിഡ് കാലത്താണ് ഉഷ വണ്ടാനം മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയയ്ക്ക് വിധേയയായതെന്ന് പുന്നപ്ര തെക്ക് പഞ്ചായത്തംഗം കെ.എഫ്. തോബിയാസ് പറഞ്ഞു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

“തൊഴിലുറപ്പ് തൊഴിലാളിയാണ് ഉഷ. വയറുവേദന പതിവാകുകയും മൂത്രത്തിലൂടെ രക്തം വരികയും മറ്റും ചെയ്തതോടെ ഇവർ പല ഡോക്ടർമാരെയും കണ്ടിരുന്നു. അവർ മരുന്ന് നൽകിയിരുന്നെങ്കിലും യഥാർഥ കാരണം കണ്ടെത്തിയിരുന്നില്ല. ഇക്കഴിഞ്ഞ ദിവസം ആലപ്പുഴ മെഡിക്കൽ കോളേജിലെ തന്നെ ഒരു ഡോക്ടറുടെ നിർദേശപ്രകാരം എം.ആർ.ഐ. സ്‌കാനും എക്സ്റേയും എടുത്തപ്പോഴാണ് കത്രിക കുടുങ്ങിയതായി കണ്ടെത്തിയത്. തുടർന്ന് വണ്ടാനം മെഡിക്കൽ കോളേജിലേക്ക് പോകാനും അവിടെ രണ്ട് ഡോക്ടർമാർ കാത്തുനിൽപ്പുണ്ടാകുമെന്നും ആ ഡോക്ടർ ഉഷയോട് പറഞ്ഞു. അവരെ കണ്ട് കാര്യം പറയാനും നിർദേശിച്ചു. അങ്ങനെ ആശുപത്രിയിലെത്തിയ ഉഷയോട് തിങ്കളാഴ്ച ചെറിയ ശസ്ത്രക്രിയയിലൂടെ നീക്കം ചെയ്യാമെന്നും ഡോക്ടർമാർ പറഞ്ഞു. അതേസമയം എക്സ്റേയും സ്‌കാനും ചെയ്യാൻ നിർദേശിച്ച ഡോക്ടർ, വിഷയം പുറത്തുപറയരുതെന്നും ഉഷയോട് നിർദേശിച്ചതായും” തോബിയാസ് കൂട്ടിച്ചേർത്തു.

വേദന തുടങ്ങുമ്പോൾ അടുത്ത ആശുപത്രികളിൽ കൊണ്ടുപോയി മരുന്നോ ഇൻജക്ഷനോ കൊടുക്കുകയായിരുന്നു പതിവെന്നും അത് കഴിച്ചു കഴിഞ്ഞ് കുറച്ചുദിവസത്തേക്ക് ഉഷയുടെ വേദന മാറുമെന്നും അവരുടെ അനിയന്റെ ഭാര്യ സോണി പറഞ്ഞു. കുറച്ചുദിവസം കഴിഞ്ഞ് ജോലികളൊക്കെ ചെയ്തു തുടങ്ങുമ്പോൾ വീണ്ടും വേദനയുണ്ടാകും. വയറ്റിൽ മൂന്നരക്കിലോയോളമുള്ള മുഴ കണ്ടെത്തിയതിനെ തുടർന്നായിരുന്നു 2021-ൽ ശസ്ത്രക്രിയയ്ക്ക് വിധേയയാത്. തുടർന്ന് നടുവേദന, ജോലി ചെയ്യാനുള്ള ബുദ്ധിമുട്ട്, മൂത്രം അറിയാതെ പോകുക തുടങ്ങിയ ആരോഗ്യപ്രശ്‌നങ്ങൾ ഉഷ അനുഭവിച്ചിരുന്നതായും അവർ കൂട്ടിച്ചേർത്തു. മൂത്രത്തിനൊപ്പം രക്തവും വരുന്ന അവസ്ഥയുണ്ടായിരുന്നെന്നും സോണി പറഞ്ഞു.

ആരോഗ്യമന്ത്രിക്കും പോലീസിനും പരാതി നൽകുന്നത് ഉൾപ്പെടെയുള്ള നിയമനടപടികളിലേക്ക് കടക്കാനൊരുങ്ങുകയാണ് ഉഷയുടെ കുടുംബം.

ഉഷാ ജോസഫിനെ അടിയന്തര ശസ്ത്രക്രിയയ്ക്കായി കൊച്ചി അമൃത ആശുപത്രിയിലേക്ക് മാറ്റി. കെ സി വേണുഗോപാൽ എംപി ഇടപെട്ടാണ് അമൃത ആശുപത്രിയിലേക്ക് മാറ്റിയത്.

Share This Article