തിരുവനന്തപുരം : ഈ നിയമസഭാ തിരഞ്ഞെടുപ്പിൽ ഏറ്റവും അധികം ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി മാറുകയാണ് തിരുവനന്തപുരം ജില്ലയിലെ വട്ടിയൂർക്കാവ് . കെ മുരളീധരന്റെ തട്ടകമായ വട്ടിയൂർക്കാവ് വീണ്ടും അദ്ദേഹം തന്നെ കളത്തിൽ ഇറങ്ങാനാണ് സാധ്യത. ഇക്കാര്യം മുരളീധരൻ നേതൃത്വത്തെ അറിയിച്ചു കഴിഞ്ഞു. പല മണ്ഡലങ്ങളിലും മുരളീധരന്റെ പേര് ഉയർന്നു വരുന്നുണ്ടെങ്കിലും വട്ടിയൂർക്കാവ് ആണ് തനിക്ക് താല്പര്യമെന്ന് മുരളീധരൻ വ്യക്തമാക്കി കഴിഞ്ഞു
എന്നാൽ ബിജെപി വട്ടിയൂർക്കാവിൽ പ്രതീക്ഷയർപ്പിക്കുകയാണ്. പല പ്രമുഖരുടെയും പേരുകൾ ഉയർന്നു കേൾക്കുന്നുണ്ട്. ആർ ശ്രീലേഖ , ശോഭ സുരേന്ദ്രൻ, കൃഷ്ണകുമാർ തുടങ്ങിയ പേരുകൾക്ക് പിന്നാലെയാണ് ഇപ്പോൾ പത്മജ വേണുഗോപാലിൻറെ പേരും കേൾക്കുന്നത്. പത്മജയ്ക്ക് ജയസാധ്യതയുള്ള മണ്ഡലം നൽകണമെന്നാണ് ബിജെപിയുടെ തീരുമാനം. അങ്ങനെയെങ്കിൽ വട്ടിയൂർക്കാവ് നിർത്താൻ നീക്കം നടക്കുകയാണ്. കെ മുരളീധരനും പത്മജയും വട്ടിയൂർക്കാവിൽ നേർക്കുനേർ പോരാടുമ്പോൾ ഏറ്റവും അധികം ശ്രദ്ധയാകർഷിക്കുന്ന മണ്ഡലമായി മാറും.
