ഇടുക്കി: അടിമാലി കൊമ്പൊടിഞ്ഞാലിൽ ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു. ലോക്കൽ പോലീസിന്റെ അന്വേഷണം തൃപ്തികരമല്ലെന്ന ജനകീയ സമിതിയുടെ പരാതിയെത്തുടർന്നാണ് നടപടി. ഇടുക്കി ജില്ലാ പോലീസ് മേധാവി കെ.എം. സാബു മാത്യുവിന്റേതാണ് ഉത്തരവ്. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി ജോയ് മാത്യുവിനാണ് അന്വേഷണ ചുമതല.
അതേസമയം, കേസ് അന്വേഷണം വൈകുന്നതിൽ പ്രതിഷേധിച്ച് ഇന്ന് കൊന്നത്തടി പഞ്ചായത്തിൽ ജനകീയ സമിതിയുടെ നേതൃത്വത്തിൽ ഹർത്താൽ നടത്തുകയാണ്.
കഴിഞ്ഞ വർഷം മെയ് ഒൻപതിനാണ് തെള്ളിപ്പടവ് സ്വദേശി അനീഷിന്റെ ഭാര്യ ശുഭ, മക്കളായ അഭിനന്ദ്, അഭിനവ്, മാതാവ് പൊന്നമ്മ എന്നിവർ വീടിനുള്ളിൽ വെന്തുമരിച്ചത്. ഷോർട്ട് സർക്യൂട്ടാണ് അപകടകാരണമെന്ന് ആദ്യം കരുതിയെങ്കിലും ഇലക്ട്രിക്കൽ ഇൻസ്പെക്ഷൻ വിഭാഗം ഇത് തള്ളിയിരുന്നു. മൃതദേഹങ്ങളിൽ മണ്ണെണ്ണയുടെയും വനംവകുപ്പ് ഉപയോഗിക്കുന്ന ഒരു പ്രത്യേക രാസവസ്തുവിന്റെ സാന്നിധ്യവും കണ്ടെത്തിയത് കൊലപാതകമാണെന്ന സംശയത്തിന് ബലമേകുന്നതായി ജനകീയ സമിതി ഭാരവാഹികൾ പറഞ്ഞു.
ഒരു കുടുംബത്തിലെ നാലുപേർ വീടിനുള്ളിൽ വെന്തുമരിച്ച സംഭവത്തിൽ അന്വേഷണം ക്രൈംബ്രാഞ്ചിന് വിട്ടു
