special report
എം മാധവദാസ്
കഴിഞ്ഞ കുറേക്കാലമായി ഏറെ വിവാദമായതാണ് ചൈനയിലെ സിന്‍ജിയാങ് പ്രവിശ്യയിലെ ഉയിഗൂര്‍ മുസ്‌ലീങ്ങള്‍ക്കുനേരെയുള്ള മത പീഡനം. പള്ളികള്‍ പൊളിക്കയും, ശവക്കുഴി മാടങ്ങള്‍ തോണ്ടുകയും, അവരെ തുറന്ന ജയില്‍പോലെയുള്ള പ്രദേശത്ത് അടിമകളെപ്പോലെ പണിയെടുക്കുന്നതിന്റെയും വാര്‍ത്തകള്‍ ലോകം ഏറെ ചര്‍ച്ചചെയ്താണ്. രാജ്യത്തിന്റെ മുഖ്യധാരയിലേക്ക് ഉയര്‍ത്താനെന്ന പേരില്‍, കമ്യൂണിസ്റ്റ് സഖാക്കളെ ഉയിഗൂരികളുടെ വീട്ടിലേക്ക് അയച്ച് അവരെ ബോധവത്ക്കരിക്കുന്നതും, പന്നിമാംസം തിന്നാല്‍വരെ പ്രേരിപ്പിക്കുന്നതുമായ വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. റമദാന്‍മാസത്തില്‍പോലും നിസ്‌ക്കരിക്കാനും, നോമ്പ് എടുക്കാനും അനുവദിക്കാതെ ചൈന ഉയഗൂരികളെ പീഡിപ്പിക്കുന്ന വാര്‍ത്തയും, മനുഷ്യാവകാശ സംഘടനകള്‍ ഉയര്‍ത്തിക്കൊണ്ടിരുന്നു.
ഇപ്പോഴിതാ ക്രിസ്ത്യന്‍വംശജരും ചൈനയില്‍ വലിയ രീതിയിലുള്ള പീഡനങ്ങള്‍ക്ക് വിധേയമാവുകയാണ് എന്നാണ് വാര്‍ത്തകള്‍ പുറത്തുവരുന്നത്. അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടിലാണ് ഈ വിവരങ്ങളുള്ളത്.
കുരിശ് നീക്കം ചെയ്യണം
ചര്‍ച്ചുകളില്‍നിന്ന് ക്രൂശിതരൂപവും കുരിശും നീക്കം ചെയ്യാന്‍ പലയിടത്തും ചൈനീസ് ഭരണകൂടം നിര്‍ദേശിക്കയാണെന്ന് ന്യൂയോര്‍ക്ക് ടൈംസ് അമേരിക്കന്‍ കമ്മീഷന്റെ അടിസ്ഥാനത്തില്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ഈശോയുടെയും കന്യകാമറിയത്തിന്റെയും ചിത്രങ്ങള്‍ക്കു പകരം പ്രസിഡന്റ് ഷീ ജിന്‍പിങിന്റെ ചിത്രങ്ങള്‍ വയ്ക്കാനും നിര്‍ദേശിച്ചു. ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഇടപെടലാണ് ഇത്തരം ഒരു നിര്‍ദേശം ഉണ്ടായിരിക്കുന്നതെന്ന് അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ ആരോപിച്ചു.

യുണൈറ്റഡ് സ്റ്റേറ്റ്സ് കമ്മീഷന്‍ ഓണ്‍ ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ടില്‍ ഗുരുതര ആരോപണങ്ങളാണ് ഉള്ളത്. അന്താരാഷ്ട്രതലത്തില്‍ സംരക്ഷിക്കപ്പെട്ടിരിക്കുന്ന മതസ്വാതന്ത്ര്യത്തിനുള്ള അവകാശത്തെ ചൈന തുടര്‍ച്ചയായി ലംഘിക്കുന്നു.
സര്‍ക്കാര്‍ മതഗ്രന്ഥങ്ങള്‍ സെന്‍സര്‍ ചെയ്യുകയാണെന്നും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ പ്രത്യയശാസ്ത്രം പ്രസംഗിക്കാന്‍ വൈദികരെ നിര്‍ബന്ധിക്കുകയും പള്ളികളില്‍ മുദ്രാവാക്യങ്ങള്‍ പ്രദര്‍ശിപ്പിക്കാന്‍ നിര്‍ബന്ധിക്കുകയും ചെയ്യുകയാണെന്നും അന്താഷ്ട്ര മതസ്വാതന്ത്ര്യം സംബന്ധിച്ച അമേരിക്കന്‍ കമ്മീഷന്റെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ആത്യന്തികമായി, ചൈനീസ് സര്‍ക്കാരിന് രാഷ്ട്രീയ അജണ്ട, മതത്തോടുള്ള കാഴ്ചപ്പാട് എന്നിവയോട് അചഞ്ചലമായ അനുസരണയും ഭക്തിയും വളര്‍ത്തുന്നതില്‍ മാത്രമാണ് താല്‍പ്പര്യമുള്ളത്, കത്തോലിക്കരുടെ മതസ്വാതന്ത്ര്യ അവകാശങ്ങള്‍ സംരക്ഷിക്കുന്നില്ലെന്ന് ഇന്റര്‍നാഷണല്‍ റിലീജിയസ് ഫ്രീഡം സമിതിവ്യക്തമാക്കി.
റംസാന്‍ വ്രതം നോല്‍ക്കാനാവാതെ
ഇപ്പോള്‍ വീണ്ടുമൊരു റംസാന്‍ മാസം കടന്നുപോകവെ, ഉയിഗൂരികളുടെ പീഡനം വീണ്ടും ചര്‍ച്ചയാവുകയാണ്. ഏകദേശം പത്തുലക്ഷത്തോളം ഉയിഗൂര്‍ മുസ്ലീങ്ങളെയാണ് ‘പുനര്‍വിദ്യാഭ്യാസ കേന്ദ്രങ്ങള്‍’ എന്ന പേരില്‍ തടങ്കലില്‍ പാര്‍പ്പിച്ചിരിക്കുന്നത്. ഉയിഗൂറുകളെ നിര്‍ബന്ധിതമായി പണിയെടുപ്പിക്കുന്നു എന്ന് ഐക്യരാഷ്ട്രസഭയുടെ വിദഗ്ധ സമിതി 2026 ജനുവരിയില്‍ ആശങ്ക രേഖപ്പെടുത്തിയിട്ടുണ്ട്. മതം, ഭാഷ, പാരമ്പര്യം എന്നിവ ഉപേക്ഷിച്ച് ചൈനീസ് കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ആശയങ്ങളുമായി പൊരുത്തപ്പെടാന്‍ അവരെ നിര്‍ബന്ധിക്കുന്നു. നൂറുകണക്കിന് പള്ളികള്‍ തകര്‍ക്കുകയോ മാറ്റം വരുത്തുകയോ ചെയ്തതായും റിപ്പോര്‍ട്ടുകളുണ്ട്.

റംസാന്‍ നോമ്പ് നോല്‍ക്കുന്നതില്‍ ഉയിഗൂറുകള്‍ക്ക് കടുത്ത നിയന്ത്രണങ്ങളുണ്ട് എന്ന വാര്‍ത്തകളില്‍ വസ്തുതയുണ്ടെന്ന് വിവിധ അന്താരാഷ്ട്ര മാധ്യമങ്ങളും മനുഷ്യാവകാശ സംഘടനകളും സാക്ഷ്യപ്പെടുത്തുന്നു. സര്‍ക്കാര്‍ ജീവനക്കാര്‍ക്കും അധ്യാപകര്‍ക്കും വിദ്യാര്‍ത്ഥികള്‍ക്കും നോമ്പ് നോല്‍ക്കുന്നതില്‍ വിലക്കുണ്ടെന്ന് ചൈനീസ് പ്രാദേശിക ഭരണകൂടങ്ങള്‍ തന്നെ ഉത്തരവിറക്കിയിട്ടുണ്ട്. നോമ്പ് നോല്‍ക്കുന്നത് ‘തീവ്രവാദത്തിന്റെ ലക്ഷണമായി’ ചൈനീസ് അധികൃതര്‍ പലപ്പോഴും വ്യാഖ്യാനിക്കുന്നു.നോമ്പ് നോല്‍ക്കുന്നില്ലെന്ന് ഉറപ്പുവരുത്താന്‍ പകല്‍ സമയങ്ങളില്‍ ഭക്ഷണം കഴിക്കുന്നതിന്റെ വീഡിയോ തെളിവുകള്‍ നല്‍കാന്‍ ചില പ്രദേശങ്ങളില്‍ ആവശ്യപ്പെടാറുണ്ട്. റംസാന്‍ കാലത്ത് ഹലാല്‍ അല്ലാത്ത ഭക്ഷണം (പന്നിമാംസം ഉള്‍പ്പെടെ) കഴിക്കാന്‍ നിര്‍ബന്ധിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്. നോമ്പ് നോല്‍ക്കുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വീടുകള്‍ തോറും കര്‍ശനമായ പരിശോധനകള്‍ നടക്കാറുണ്ട്. കുടുംബങ്ങള്‍ പരസ്പരം നിരീക്ഷിക്കാനും നിര്‍ദ്ദേശിക്കാറുണ്ട്.
ചൈനീസ് ഭരണകൂടം ഈ ആരോപണങ്ങളെല്ലാം നിഷേധിക്കാറുണ്ട്. തീവ്രവാദം തടയാനും ദാരിദ്ര്യം നിര്‍മ്മാര്‍ജ്ജനം ചെയ്യാനുമുള്ള തൊഴില്‍ പരിശീലനങ്ങളാണ് നടക്കുന്നത് എന്നാണ് അവരുടെ ഔദ്യോഗിക വിശദീകരണം. എന്നാല്‍, ഉയിഗൂറുകള്‍ക്ക് എതിരെയുള്ള നടപടികള്‍ ‘മാനവികതയ്ക്ക് എതിരായ കുറ്റകൃത്യങ്ങള്‍’ആയി കണക്കാക്കാമെന്ന് യുഎന്‍ റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നത്.

