ഇടുക്കി വലിയതോവാളയിൽ
വനം വകുപ്പ് രക്ഷപെടുത്തിയ കാട്ടുപന്നി ആക്രമിച്ച് മൂന്ന് തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരുക്ക്.സ്വകാര്യ വ്യക്തിയുടെ ഭൂമിയിലെ വേലിയിൽ കുടുങ്ങി കിടന്ന കാട്ടുപന്നിയെ വനം വകുപ്പ് രക്ഷപെടുത്താൻ ശ്രമിക്കുന്നതിനിടെയായിരുന്നു സംഭവം. കൃഷിയിടത്തിൽ നീർചാൽ ഒരുക്കുന്ന ജോലികളിൽ ഏർപ്പെട്ടിരുന്ന സ്ത്രീ തൊഴിലാളികളെയാണ് കാട്ടുപന്നി ആക്രമിച്ചത്. സമീപത്തെ കൃഷിയിടത്തിന്റെ വേലിയിലാണ് പുലർച്ചെ മുതൽ കാട്ടുപന്നി കുടുങ്ങി കിടന്നത്.
നാട്ടുകാർ വിവരം അറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്ത് എത്തുകയും പന്നിയെ രക്ഷപെടുത്താൻ ശ്രമിക്കുകയുമായിരുന്നു.ഇതിനിടെ കുതിച്ചു പാഞ്ഞ കാട്ടുപന്നി സമീപത്തെ കൃഷിയിടത്തിൽ ജോലി ചെയ്യുകയായിരുന്ന സ്ത്രീ തൊഴിലാളികളെ ആക്രമിച്ചു . വലിയതോവാള സ്വദേശികളായ മിനി, ജെസി , ബിൻസി എന്നിവർക്കാണ് പരുക്കേറ്റത്.പാഞ്ഞ് എത്തിയ കാട്ടുപന്നി മിനിയെ ഇടിച്ചിടുകയും കുത്തിയും കടിച്ചും ആക്രമിക്കുകയുമായിരുന്നു. ഇവരെ രക്ഷപെടുത്താൻ ശ്രമിയ്ക്കുന്നതിനിടെയാണ് മറ്റ് രണ്ട് പേരെയും കാട്ടുപന്നി ആക്രമിച്ചത്. മിനിക്ക് സാരമായി പരുക്കേറ്റിട്ടുണ്ട്.
ഇടുക്കിയിൽ കാട്ടുപന്നി ആക്രമണം; തൊഴിലുറപ്പ് തൊഴിലാളികൾക്ക് പരിക്കേറ്റു
