ശബരിമല സ്വർണക്കൊള്ള കേസിൽ തിരുവിതാംകൂർ ദേവസ്വം ബോർഡ് മുൻ പ്രസിഡൻ്റ് എ.പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ വിധി നാളെ. പത്മകുമാറിൻ്റെ സ്വാഭാവിക ജാമ്യഹർജി പരിഗണിച്ച കൊല്ലം വിജിലൻസ് വിധിപറയാൻ നാളത്തേക്ക് മാറ്റി. കട്ടിളപ്പാളി കേസിൽ അറസ്റ്റിലായി 90 ദിവസം കഴിഞ്ഞിട്ടും പ്രത്യേക അന്വേഷണസംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിൽ നിയമപരമായി അർഹതപ്പെട്ട ജാമ്യം ലഭിക്കാനാണ് പത്മകുമാർ ഹർജി നൽകിയിരിക്കുന്നത്. നാളെ ജാമ്യം ലഭിച്ചാലും ദ്വാരപാലകശില്പകേസിൽ റിമാൻഡിൽ തുടരുന്നതിനാൽ നാളെ പത്മകുമാറിന് ജയിൽമോചിതനാകാൻ സാധിക്കില്ല. അതേസമയം ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ തന്ത്രിയുടെ പങ്ക് തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും രണ്ട് കേസുകളിലും തന്ത്രിയുടെ പങ്കിന് തെളിവുകളില്ലെന്നും ജാമ്യം കിട്ടി പുറത്തിറങ്ങിയ തന്ത്രിയുടെ ജാമ്യ ഉത്തരവിൽ പറയുന്നു. എസ്ഐടിയുടെ വാദങ്ങൾ തള്ളിയാണ് ജാമ്യഉത്തരവ്.ഇന്നലെയാണ് ജാമ്യം ലഭിച്ച തന്ത്രി രാജീവര് കണ്ഠര് ജയിലിൽ നിന്ന് പുറത്തിറങ്ങിയത്. ക്ഷേത്രവുമായി ബന്ധപ്പെട്ട അറ്റകുറ്റപ്പണികൾ ദേവസ്വം ബോർഡിന്റെ ചുമതലയാണെന്നും .
പൂജകൾ ഉൾപ്പെടെ താന്ത്രികപരമായുള്ള കാര്യങ്ങളിൽ മാത്രമാണ് തന്ത്രിക്ക് ചുമതലയെന്നും ഗൂഢാലോചന തെളിയിക്കാൻ എസ്ഐടിക്ക് കഴിഞ്ഞില്ലെന്നും ജാമ്യ ഉത്തരവിൽ പറയുന്നു.
പത്മകുമാറിൻ്റെ ജാമ്യഹർജിയിൽ നാളെ വിധി
