സിപിഎം നേതാവ് പി.കെ. ശശിയെ ചുറ്റിപ്പറ്റി ഒട്ടേറെ വാർത്തകളാണ് പ്രചരിക്കുന്നത്. പി കെ ശശി യുഡിഎഫിലേക്ക് പോകുന്നു എന്ന തരത്തിലും അതല്ല ഒറ്റപ്പാലത്ത് സ്വതന്ത്രനായി മത്സരിക്കും എന്ന തരത്തിലും വാർത്തകൾ സജീവമാണ്.
പി.കെ ശശിയ്ക്ക് പാർട്ടിയുമായി പ്രശ്നമുണ്ടെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ. അതു കൊണ്ടാണ് ബ്രാഞ്ച് മെംബറായി മാത്രം ഇരിക്കുന്നത്. ശശിയെന്നല്ല ആര് പോയാലും സിപിഎമ്മിന് പ്രശ്നമില്ലെന്നും എംവി ഗോവിന്ദൻ വ്യക്തമാക്കി.
എംവി ഗോവിന്ദൻ നയിക്കുന്ന എൽഡിഎഫ് വികസന മുന്നേറ്റ യാത്രയിൽ പി.കെ ശശി പങ്കെടുക്കില്ല. ഇന്ന് വൈകീട്ട് 4 മണിയ്ക്കാണ് മണ്ണാർക്കാട് പരിപാടി നടക്കുക. ആരോഗ്യപ്രശ്നങ്ങൾ കൊണ്ടാണ് പങ്കെടുക്കാത്തതന്നാണ് പികെ ശശി വിശദീകരിക്കുന്നത്. നാളെ പ്രതിപക്ഷ നേതാവ് വിഡി സതീശൻ നയിക്കുന്ന ജാഥയിലും പങ്കെടുക്കില്ലെന്നും ശശി വ്യക്തമാക്കി.
ഇതിനിടെ പി കെ ശശിയെ യുഡിഎഫ് ക്യാമ്പിലെത്തിക്കാനുള്ള നീക്കവുമായി മുസ്ലീം ലീഗും. ശശിയുമായി കൂടിക്കാഴ്ച നടത്തിയ കുഞ്ഞാലിക്കുട്ടി, ഒറ്റപ്പാലത്ത് മത്സരിച്ചാൽ ശശിയെ പിന്തുണയ്ക്കാമെന്ന് ഉറപ്പ് നൽകുകയും ചെയ്തു. എന്നാൽ വിഷയത്തിൽ ഇതുവരെ പി.കെ. ശശി അന്തിമ നിലപാട് അറിയിച്ചിട്ടില്ല.
പി.കെ. ശശിയെ സ്ഥാനാർഥിയാക്കാൻ കോൺഗ്രസ് നീക്കം നടത്തുന്നു എന്ന തരത്തിൽ വാർത്ത പ്രചരിച്ചിരുന്നു. ഒറ്റപ്പാലത്ത് നിന്ന് ജനവിധി തേടുമെന്നായിരുന്നു റിപ്പോർട്ട്. വി.ഡി. സതീശൻ്റെ നേതൃത്വത്തിലുള്ള പുതുയുഗ യാത്ര പാലക്കാട് എത്തുമ്പോൾ പ്രഖ്യാപനം നടത്താനാണ് നീക്കം. സ്വന്തം നാടായതിനാൽ ഒറ്റപ്പാലത്ത് ശശിക്ക് ജയിക്കാനാകുമെന്ന പ്രതീക്ഷയാണ് ശശിയെ സ്ഥാനാർഥിയാക്കാനുള്ള നീക്കത്തിന് പിന്നിൽ ഉണ്ടായിരുന്നത്.

