അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ടിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്

insight kerala

പത്തനംതിട്ട: അയ്യപ്പ സംഗമത്തിലെ ഓഡിറ്റ് റിപ്പോർട്ട് സംബന്ധിച്ച വാർത്തയിൽ വിശദീകരണവുമായി തിരുവിതാംകൂർ ദേവസ്വം ബോർഡ്. നടക്കുന്നത് വ്യാജപ്രചാരണമാണ്. ദേവസ്വം ബോർഡിന്റെ ഗസ്റ്റ് ഹൗസിലേക്ക് വാങ്ങുന്ന ഏതൊരു സാധനവും ദേവസ്വത്തിന്റെ സ്വത്ത് ആണ്. അതിനെ തെറ്റായി വ്യാഖ്യാനിച്ചുവെന്ന് വിശദീകരണം. അതേസമയം നന്ദഗോവിന്ദം ഭജൻസിന്‌ തുകനൽകിയെന്ന് റിപ്പോർട്ടിൽ ചേർത്തത് പിശകാണെന്നും ബോർഡ് പറയുന്നു.

ആഗോള അയ്യപ്പസംഗമത്തിന് നന്ദഗോവിന്ദം ഭജൻസിന്റെ പേരിൽ എട്ടു ലക്ഷത്തിന്റെ ബില്ല് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ, ആ ദിവസം നന്ദഗോവിന്ദം ട്രൂപ്പിനെ സംഗമത്തിലേക്ക് ക്ഷണിക്കുകയോ അവർ എത്തുകയോ ചെയ്തിരുന്നില്ല. നടന്നത് തട്ടിപ്പാണെന്ന തരത്തിൽ വാർത്തകളുണ്ടായിരുന്നു. എന്നാൽ ഇത്തരത്തിൽ ഒരു പരാമർശം റിപ്പോർട്ടിൽ ഇല്ലെന്നായിരുന്നു ദേവസ്വം ബോ‍ർഡിന്റെ വാദം. എന്നാൽ ഇപ്പോൾ ദേവസ്വം ബോർഡ് തന്നെ ഇത് തിരുത്തുകയാണ്.

എന്നാൽ നന്ദഗോവിന്ദം ഭജൻസിന് തുക നൽകിയതായി ഓഡിറ്റിൽ പറയുന്നത് പിശക് ആണെന്നാണ് ദേവസ്വം ബോർഡ് വിശദീകരണക്കുറിപ്പിൽ അറിയിക്കുന്നത്. ഈ 8 ലക്ഷം രൂപ തുക പോയത് അന്ന് ആഗോള അയ്യപ്പ സംഗമത്തിൽ പരിപാടി അവതരിപ്പിച്ച ഇഷാൻ ദേവിന്റെ അക്കൗണ്ടിലേക്കാണ്. അതേസമയം വൗച്ചറോ ബാങ്ക് ഇടപാട് രേഖയോ ഇല്ലാതെയാണ് തുക നൽകിയിരിക്കുന്നത്.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

മുഖ്യമന്ത്രിക്കൊരുക്കിയ മുറിയുമായി ബന്ദപ്പെട്ട ദേവസ്വം ബോർഡ് വിശദീകരണം നൽകുന്നുണ്ട്. മുഖ്യമന്ത്രിക്കായി കിടക്കാൻ കട്ടിലും ബെഡും വാങ്ങിയ ഇനത്തിൽ ഒരു ലക്ഷത്തിലേറെ രൂപ ചെലവായെന്ന് ഓഡിറ്റ് റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ അത്തരത്തിൽ ഒരു പരാമർശം ഓഡിറ്റ് റിപ്പോർട്ടിൽ ഇല്ല എന്നാണ് ദേവസം ബോർഡ് വിശദീകരിക്കുന്നത്.

ചിലവ് വിവരങ്ങൾ സംബന്ധിച്ച് 2025 നവംബർ നാലാം തീയതി സ്പെഷ്യൽ കമ്മിഷണർക്ക് ദേവസ്വം ബോർഡ് കണക്ക് നൽകിയിരുന്നു. യഥാർത്ഥത്തിൽ വരുന്ന ചെലവും ഊരാളുങ്കലിന് കീഴിലുള്ള കോൺട്രാക്ട് കമ്പനി പറഞ്ഞ തുക ഇവരണ്ടും സംബന്ധിച്ച് ഇതിൽ പറയുന്നുണ്ട്. 3,83,439 രൂപ ഫർണ്ണിച്ചറുകൾക്കും മറ്റും വാങ്ങാൻ ചെലവഴിച്ചത് എന്നാണ് ഈ കണക്കിൽ ചൂണ്ടിക്കാട്ടുന്നത്. ഇതിൽ മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട വിവരങ്ങൾ ഇല്ലെന്നാണ് വിശദീകരണം. എന്നാൽ ഓഡിറ്റ് റിപ്പോർട്ടിൽ കൃത്യമായിത്തന്നെ, മുഖ്യമന്ത്രിയുടെ താമസ സൗകര്യത്തിനായി ഒരു ലക്ഷത്തിലേറെ രൂപ ചെലവഴിച്ചുവെന്ന് വ്യക്തമാക്കുന്നുണ്ട്.


Share This Article