ആമയിഴഞ്ചാൻ തോട് കടന്നു പോകുന്ന സ്ഥലങ്ങളിൽ മാലിന്യനിക്ഷേപം തടയാൻ ക്യാമറകൾ സ്ഥാപിക്കണം : മനുഷ്യാവകാശ കമ്മീഷൻ

insight kerala

തിരുവനന്തപുരം : ആമയിഴഞ്ചാൻ തോട് കടന്നുപോകുന്ന വിവിധ സ്ഥലങ്ങളിൽ പരമാവധി ക്യാമറകൾ സ്ഥാപിച്ച് മാലിന്യനിക്ഷേപം തടയണമെന്നും ക്യാമറകൾ നിരീക്ഷിക്കാൻ നഗരസഭ ആരോഗ്യവിഭാഗം ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്നും മനുഷ്യാവകാശ കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ്.

ആമയിഴഞ്ചാൻ തോട്ടിലെ മാലിന്യനിക്ഷേപവുമായി ബന്ധപ്പെട്ട് മനുഷ്യാവകാശ കമ്മീഷൻ സ്വമേധയാ രജിസ്റ്റർ ചെയ്ത കേസിൽ കമ്മീഷന്റെ ചീഫ് ഇൻവെസ്റ്റിഗേഷൻ ഓഫീസർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ബന്ധപ്പെട്ട സർക്കാർ ഏജൻസികളെ കേട്ടശേഷമാണ് ഉത്തരവ്.

രാത്രികാലങ്ങളിൽ നിയോഗിച്ചിട്ടുള്ള ഹെൽത്ത് സ്കാഡിന്റെ പ്രവർത്തനം ഊർജിതപ്പെടുത്തണം. അവരെ സഹായിക്കുന്നതിനായി പോലീസ് ഉദ്യോഗസ്ഥരെ നൽകാൻ ജില്ലാ കളക്ടർ സിറ്റി പോലീസ് കമ്മീഷണറുമായി ബന്ധപ്പെട്ട് നടപടിയെടുക്കണമെന്നും കമ്മീഷൻ നിർദ്ദേശിച്ചു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

ആമയിഴഞ്ചാൻ തോട് തമ്പാനൂർ റയിൽവേ ഭാഗത്തേക്ക് പ്രവേശിക്കുന്ന സ്ഥലത്തുള്ള മെറ്റൽ ഗ്രേറ്റിംഗ് താഴ്ത്തി വയ്ക്കണമെന്ന റെയിൽവേയുടെ നിർദ്ദേശം പരിശോധിക്കണം. ഈ ഭാഗത്ത് അടിയുന്ന മാലിന്യങ്ങൾ ദിവസേന നീക്കം ചെയ്യാൻ റെയിൽവേയുടെയും മേജർ ഇറിഗേഷൻ
വകുപ്പിന്റെയും പ്രതിനിധികളുമായി ചർച്ച നടത്തി ഡപ്യൂട്ടി കളക്ടർ (ദുരന്ത നിവാരണം) പ്രായോഗികമായ തീരുമാനം കൈക്കൊള്ളണം. കനാലിൽ
നിന്നും മാലിന്യങ്ങൾ നീക്കം ചെയ്ത് സംസ്കരിക്കാൻ ശുചിത്വമിഷൻ എം-പാനൽ നൽകിയിട്ടുള്ള സ്ഥാപനങ്ങളുടെ പട്ടിക പ്രസിദ്ധീകരിക്കണം. കെ.എസ്.ആർ.റ്റി.സി. തമ്പാനൂർ സെൻട്രൽ ഡിപ്പോയിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് സ്ഥാപിക്കാൻ ശുചിത്വമിഷന്റെ സഹകരണത്തോടെ നടപടിയെടുക്കണം.

കമ്മീഷൻ നിർദ്ദേശങ്ങൾ ഏകോപിപ്പിക്കുന്നതിനും ഭാവി പ്രവർത്തനങ്ങൾ വിലയിരുത്താനും ജില്ലാ കളക്ടർ ദുരന്തനിവാരണ വകുപ്പ് ഡപ്യൂട്ടി കളക്ടറെ ചുമതലപ്പെടുത്തണം. ഇക്കാര്യത്തിൽ കൂടുതൽ ഉത്തരവുകൾ ആവശ്യമെങ്കിൽ ഡപ്യൂട്ടി കളക്ടർ കമ്മീഷന്റെ ശ്രദ്ധയിൽ കൊണ്ടു വരണമെന്നും ഉത്തരവിൽ പറഞ്ഞു.

തോട്ടിൽ ആളിറങ്ങി മാലിന്യം നീക്കം ചെയ്യാൻ കഴിയാത്ത സ്ഥലങ്ങളിൽ ജെൻ റോബോട്ടിക്സ് സാങ്കേതികവിദ്യ ഉപയോഗിക്കാറുണ്ടെന്ന് ശുചിത്വമിഷൻ ഡയറക്ടർ കമ്മീഷനെ അറിയിച്ചു. തമ്പാനൂർ കെ.എസ്.ആർ.റ്റി.സിയിൽ എഫ്ലുവന്റ് ട്രീറ്റ്മെന്റ് പ്ലാന്റ് നിർമ്മിക്കണമെന്ന് മലിനീകരണ നിയന്ത്രണബോർഡിന്റെ നിർദ്ദേശമുണ്ടെന്നും നടപടികൾ സ്വീകരിച്ചു വരികയാണെന്നും ജനറൽ മാനേജർ അറിയിച്ചു.

ജില്ലാ കളക്ടർ, കോർപ്പറേഷൻ സെക്രട്ടറി, റെയിൽവേ ഡിവിഷണൽ മാനേജർ, സിറ്റി പോലീസ് കമ്മീഷണർ, മേജർ ഇറിഗേഷൻ വകുപ്പ് സൂപ്രണ്ടിംഗ് എഞ്ചിനീയർ, ശുചിത്വമിഷൻ ഡയറക്ടർ, കെ.എസ്.ആർ.റ്റി.സി. തമ്പാനൂർ ഡി.ടി.ഒ. എന്നിവർക്കാണ് നിർദ്ദേശം നൽകിയത്.

Share This Article