കനഡയിലെ സ്കൂളിൽ വെടിവെപ്പ്; വനിതാ അക്രമി ഉൾപ്പെടെ 10 പേർ കൊല്ലപ്പെട്ടു, 25 പേർക്ക് പരിക്ക്

insight kerala

ഒട്ടാവ: കനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലുള്ള ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ വനിതാ അക്രമി നടത്തിയ വെടിവെപ്പിൽ 10 പേർ കൊല്ലപ്പെട്ടു. കൊല്ലപ്പെട്ടവരിൽ അക്രമിയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചതായി അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. 25 പേർക്ക് പരിക്കേറ്റു.
ചൊവ്വാഴ്ച ഉച്ചയ്ക്ക് 1.20-ഓടെയാണ് പടിഞ്ഞാറൻ കനഡയിലെ ടംബ്ലർ റിഡ്ജ് സെക്കൻഡറി സ്കൂളിൽ തോക്കുധാരിയായ സ്ത്രീ അതിക്രമിച്ചകയറിയത്. ഇവർ പിന്നീട് തുരുതുരാ വെടിയുതിർക്കുകയായിരുന്നുവെന്ന് റോയൽ കനേഡിയൻ മൗണ്ട് പൊലീസ് അറിയിച്ചു. സ്കൂളിനുള്ളിൽ ആറുപേരെ മരിച്ച നിലയിൽ കണ്ടെത്തി. ആശുപത്രിയിലേക്കുള്ള വഴിമധ്യേ ഒരാളും മരിച്ചു. സ്‌കൂളിന് സമീപത്തെ കെട്ടിടപരിസരത്ത് മറ്റു രണ്ടുപേരെയും മരിച്ച നിലയിൽ കണ്ടെത്തി. കൊല്ലപ്പെട്ടവരിൽ വനിതാ അക്രമിയും ഉൾപ്പെട്ടതായി പൊലീസ് അറിയിച്ചു. അക്രമി സ്വയം നിറയൊഴിച്ച് മരിച്ചതായാണ് നിഗമനം. പരിക്കേറ്റ 25 പേരെ മെഡിക്കൽ സെന്ററിൽ പ്രവേശിപ്പിച്ചു. ഇതിൽ രണ്ടുപേരുടെ നില അതീവ ഗുരുതരമാണ്.
തവിട്ട് നിറത്തിലുള്ള തലമുടിയോട് കൂടിയ സ്ത്രീയാണ് വെടിവെപ്പിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. ഇവരെയാണ് സ്‌കൂളിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയതെന്ന് പൊലീസ് സൂപ്രണ്ട് കെൻ ഫ്ലോയിഡ് വാർത്താ സമ്മേളനത്തിൽ സ്ഥിരീകരിച്ചു. വിശദമായ അന്വേഷണം നടന്നുവരികയാണെന്നും പൊലീസ് വ്യക്തമാക്കി.

Share This Article