ചെന്നൈ: മലയാളിക്ക് ഗൃഹാതുരത്വം നിറഞ്ഞ ഗാനങ്ങൾ സമ്മാനിച്ച പ്രശസ്ത സംഗീത സംവിധായകൻ എസ് പി വെങ്കിടേഷ് അന്തരിച്ചു. 70 വയസായിരുന്നു. ചെന്നൈയിലെ വീട്ടിൽ വെച്ചായിരുന്നു അന്ത്യം. ഹൃദയാഘാതത്തെതുടർന്നാണ് മരണം.
മലയാളം, തമിഴ്, തെലുഗു, കന്നഡ തുടങ്ങി തെന്നിന്ത്യൻ ഭാഷകളിലെ സിനിമകൾക്കായി നിരവധി ഗാനങ്ങളുടെ സംഗീത സംവിധാനം നിർവഹിച്ചു.
കിലുക്കം, മിന്നാരം, ജോണി വാക്കർ. ഇന്ദ്രജാലം, കൗരവര്‍, സ്ഫടികം, ധ്രുവം, കിഴക്കൻ പത്രോസ്, ഹിറ്റ്ലര്‍, ദേവാസുരം തുടങ്ങി നിരവധി സിനിമകളിലെ ഗാനങ്ങള്‍ക്ക് അദ്ദേഹം സംഗീതം നൽകി. പൈതൃകം എന്ന സിനിമയ്ക്ക് മികച്ച സംഗീത സംവിധായകനുള്ള സംസ്ഥാന ചലച്ചിത്ര അവാര്‍ഡ് ലഭിച്ചിട്ടുണ്ട്.
1955 മാർച്ച് 5ന് തമിഴ്നാട്ടിലാണ് ഇദ്ദേഹം ജനിച്ചത്. മാൻഡലിൻ വാദകനായിരുന്ന അച്ഛന്റെ ശിക്ഷണത്തിലാണ് സംഗീത ലോകത്തെത്തുന്നത്. മൂന്ന് വയസ് മുതൽ മാൻഡലിൻ വായിക്കാൻ പഠിച്ചു. സംഗീത സംവിധായകരായ രവീന്ദ്രൻ, എ ടി ഉമ്മർ എന്നിവരുടെ കീഴീൽ സംഗീത സംവിധാന സഹായിയായി പ്രവർത്തിച്ചു. 1971ല്‍ സംഗീത സംവിധായകന്‍ വിജയഭാസ്‌കറിനൊപ്പമായിരുന്നു സിനിമയിലെ തുടക്കം. 1975ല്‍ തെലുഗു സിനിമ പ്രേമയുദ്ധയിലാണ് സ്വതന്ത്ര സംഗീത സംവിധായകനാകുന്നത്.
മലയാള സിനിമയിലെ സ്ഥിരം സാന്നിധ്യമായിരുന്ന എസ് പി വെങ്കിടേഷ് 150ൽ അധികം മലയാള സിനിമകളിലെ ഗാനങ്ങൾക്ക് ഈണം പകർന്നു.

