കേന്ദ്ര ബജറ്റ് അവതരണം 11 മണിക്ക്; ഇക്കുറി കേരളത്തിന് എയിംസ് ഉണ്ടാകുമോ?

insight kerala

നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ ഏറെ പ്രതീക്ഷയോടെയാണ് കേന്ദ്ര ബജറ്റിനെ കേരളം കാത്തിരിക്കുന്നത്. വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു വിശദമായ കത്ത് ധനമന്ത്രി കെ എൻ ബാലഗോപാൽ ഇതിനോടകം തന്നെ കേന്ദ്ര ധനമന്ത്രിക്ക് സമർപ്പിച്ചിട്ടുണ്ട്. 21000 കോടി രൂപയുടെ പ്രത്യേക സാമ്പത്തിക പാക്കേജ് കേരളം ആവശ്യപ്പെട്ടിട്ടുണ്ട്.

ഒരു പതിറ്റാണ്ടിലേറെയായെങ്കിലും കേരളം സ്വപ്‌നം കാണുന്ന കേന്ദ്ര പദ്ധതികളിലൊന്നാണ് എയിംസ്. എയിംസ് ഏത് ജില്ലയില്‍ വേണമെന്നുള്ള ചര്‍ച്ചകള്‍ ഇപ്പോഴും സജീവം. കോഴിക്കോട് കിനാലൂരില്‍ ഏറ്റെടുത്ത ഭൂമിക്കപ്പുറം എയിംസ് എന്ന യാഥാര്‍ഥ്യം ഇപ്പോഴും സ്വപ്‌നമായി സംസ്ഥാനത്തിന് മുന്നില്‍ അവശേഷിക്കുന്നു. 

അങ്കമാലി-എരുമേലി റെയിൽവേ ലൈൻ അഥവാ ശബരി റെയില്‍വേ ലൈന്‍ സംബന്ധിച്ചും 2026 കേന്ദ്ര ബജറ്റില്‍ കേരളം പ്രതീക്ഷവയ്‌ക്കുന്നു. ശബരി റെയില്‍പാത സംബന്ധിച്ച് ബജറ്റില്‍ പ്രത്യേക പ്രഖ്യാപനമുണ്ടായാല്‍ മാത്രമേ ഭൂമി ഏറ്റെടുക്കല്‍ അടക്കമുള്ള നടപടികള്‍ക്ക് വേഗംവെക്കൂ. 111 കിലോമീറ്ററാണ് എറണാകുളം ജില്ലയിലെ അങ്കമാലിയില്‍ നിന്നാരംഭിച്ച് കോട്ടയം ജില്ലയിലെ എരുമേലിയില്‍ അവസാനിക്കുന്ന ശബരി റെയില്‍പാതയുടെ ദൈര്‍ഘ്യം.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

രണ്ടാംഘട്ട വികസന പ്രവര്‍ത്തനങ്ങളുടെ ഉദ്ഘാടനം കഴിഞ്ഞ വിഴിഞ്ഞം തുറമുഖവും കേന്ദ്ര ബജറ്റില്‍ വലിയ പ്രതീക്ഷയിലാണ്. ലോക സമുദ്ര വ്യാപര ശൃംഖലയില്‍ വലിയ സ്ഥാനം ലഭിക്കുമെന്ന് കരുതപ്പെടുന്ന വിഴിഞ്ഞം തുറമുഖത്തിന് കേന്ദ്ര ബജറ്റില്‍ പ്രത്യേക പദ്ധതികള്‍ കേരളം പ്രതീക്ഷിക്കുന്നു

റബ്ബറിന്‍റെ താങ്ങുവില വര്‍ധിപ്പിക്കണം എന്ന ആവശ്യം കേരളത്തില്‍ കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി സജീവമാണ്. റബ്ബര്‍ കൃഷ‌ിയെ ആശ്രയിച്ച് കഴിയുന്ന ആയിരക്കണക്കിന് കര്‍ഷകരുള്ള മലയോര മേഖലകളില്‍ റബ്ബറിന്‍റെ താങ്ങുവില വര്‍ധനവ് നിയമസഭാ തെരഞ്ഞെടുപ്പ് നടക്കാനിരിക്കേ വലിയ ചര്‍ച്ചാ വിഷയമാണ്. നിലവില്‍ 200 രൂപയാണ് സംസ്ഥാനത്ത് റബ്ബറിന്‍റെ താങ്ങുവില. 250 രൂപയായി ഉയർത്തണം എന്നതാണ് ആവശ്യം .സംസ്ഥാന ബജറ്റിലും അനുകൂല പ്രഖ്യാപനം ഉണ്ടായില്ല. കേന്ദ്ര ബജറ്റിൽ എങ്കിലും പ്രഖ്യാപനം ഉണ്ടാകുമെന്ന് കാത്തിരിക്കുകയാണ് റബ്ബർ കർഷകർ.

Share This Article