തരൂരിനെ ഫ്ലാറ്റിൽ ചെന്ന് കണ്ട് സതീശൻ്റെ നിർണായക നീക്കം

insight kerala

നിയമസഭാ തിരഞ്ഞടുപ്പിനെ ഒറ്റക്കെട്ടായി നേരിടുക എന്നതിനപ്പുറം മറ്റൊന്നിനെക്കുറിച്ചും കോൺഗ്രസ് ഇപ്പോൾ ചിന്തിക്കുന്നില്ല. പാർട്ടിയ്ക്കുള്ളിലെ എല്ലാ പടല പിണക്കങ്ങളും അസ്വാരസ്യങ്ങളും ചർച്ചചെയ്ത് പരിഹരിക്കാൻ നേതാക്കൾ ഓരോരുത്തരും മുന്നിട്ടിറങ്ങുകയാണ്. ടീം യുഡിഫ് എന്ന സന്ദേശം ഈ തിരഞ്ഞെടുപ്പ് വേളയിൽ താഴെത്തട്ട് വരെ എത്തിക്കുകയാണ് കോൺഗ്രസ് ലക്ഷ്യമിടുന്നത്. രാഹുൽ ഗാന്ധിയേയും മല്ലികാർജുൻ ഖാർഗെയേയും നേരിട്ട് കണ്ട് പ്രശ്നങ്ങൾ പറഞ്ഞു തീർത്തതോടെ തരൂർ കെപിസിസി ആസ്ഥാനത്ത് എത്തിയത് എല്ലാ പിണക്കങ്ങളും മാറ്റിവെച്ചുതന്നെയാണ്. തരൂരിനെ സംസ്ഥാന നേതൃത്വം ഒന്നടങ്കം ചേർത്തുനിർത്തുകയും ചെയ്തു. അതിന് പിന്നാലെയാണ് ഇപ്പോൾ പ്രതിപക്ഷ നേതാവ് തരൂരിനെ അദ്ദേഹത്തിൻ്റെ ഫ്ലാറ്റിൽ ചെന്ന് കണ്ടത്. ഫെബ്രുവരി 6 മുതൽ ഒരു മാസക്കാലം നീണ്ടുനിൽക്കുന്ന കേരളയാത്രയ്ക്ക് തയ്യാറെടുക്കുകയാണ് പ്രതിപക്ഷ നേതാവ്. അതിനു തൊട്ടുമുമ്പുള്ള ഈ സന്ദർശനത്തിന് ഏറെ പ്രാധാന്യമുണ്ട്. താൻ നയിക്കുന്ന യാത്ര മുതൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ അവസാന ദിവസം വരെയും തരൂരിൻ്റെ സജീവ സാന്നിധ്യം പ്രധാന ഘടകമാണെന്ന തിരിച്ചറിവിലാണ് വി ഡി സതീശൻ. ഈ തിരഞ്ഞെടുപ്പ് കാലത്ത് തരൂർ വിഷയം ഒരു ചർച്ചയാക്കാൻ സതീശൻ ആഗ്രഹിക്കുന്നില്ല. അതുകൊണ്ടുതന്നെ എന്ത് വിട്ടുവീഴ്ചയ്ക്കും തയ്യാറാകുകയാണ്. പ്രകടനപത്രി തയ്യാറാക്കുന്നതിലും സംവാദങ്ങൾ സംഘടിപ്പിക്കുന്നതിലും തരൂരിനാകും ചുമതല. വി ഡി സതീശന്റെ യാത്രയിൽ താൻ മുൻനിരയിൽ ഉണ്ടാകുമെന്നും തരൂർ ഉറപ്പുനൽകി. പാർലമെൻറ് സമ്മേളനത്തിന് ശേഷം കേരളത്തിൽ ക്യാമ്പ് ചെയ്ത് പ്രചാരണത്തിൽ ചുവടുറപ്പിക്കാൻ തന്നെയാണ് തരൂരിന്റെ തീരുമാനം.

Share This Article