വിമാനാപകടത്തിൽ അന്തരിച്ച മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാറിന് ബാരാമതി കണ്ണീരോടെ വിടനൽകി. ബാരാമതിയിലെ വിദ്യാ പ്രതിഷ്ഠാൻ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ പൂർണ്ണ ഔദ്യോഗിക ബഹുമതികളോടെയായിരുന്നു സംസ്കാരം.
അജിത് പവാറിന്റെ ഭാര്യയും രാജ്യസഭാ എംപിയുമായ സുനേത്ര പവാർ, മക്കളായ പാർത്ഥ്, ജയ് എന്നിവർ അന്ത്യകർമ്മങ്ങൾക്ക് നേതൃത്വം നൽകി. കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, നിതിൻ ഗഡ്കരി തുടങ്ങി പ്രമുഖർ അജിത് പവാറിന് അന്തിമോപചാരം അർപ്പിക്കാനെത്തി. ആയിരക്കണക്കിന് അനുയായികളും വിവിധ പാർട്ടി നേതാക്കളും ചടങ്ങിൽ പങ്കെടുത്തു. അജിത് പവാറിന് മരണമില്ലെന്ന മുദ്രാവാക്യവുമായി എൻ സി പി നേതാക്കളും പ്രവർത്തകരും വിലാപ യാത്രയ്ക്കൊപ്പം അണിനിരന്നു .
അപകടത്തെക്കുറിച്ച് ഡയറക്ടറേറ്റ് ജനറൽ ഓഫ് സിവിൽ ഏവിയേഷൻ (DGCA), ഫോറൻസിക് വിദഗ്ധർ എന്നിവർ സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. പുണെ റൂറൽ പോലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ബാരാമതിയിലെ ജില്ലാ പരിഷത്ത് തിരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കാൻ മുംബൈയിൽ നിന്ന് വിമാനത്തിൽ വരുന്നതിനിടെയാണ് അപകടമുണ്ടായത്. വിമാനത്തിലുണ്ടായിരുന്ന അജിത് പവാർ ഉൾപ്പെടെ ആറ് പേരും അപകടത്തിൽ കൊല്ലപ്പെട്ടു. 1959ൽ ജനിച്ച അജിത് പവാർ, മഹാരാഷ്ട്ര രാഷ്ട്രീയത്തിലെ കരുത്തനായ നേതാവായിരുന്നു.

