തന്ത്രി രാജീവരർക്ക് ആജീവനാന്ത വിലക്ക് ഏർപ്പെടുത്തണം: അയ്യപ്പ ധർമ്മ പ്രചാര സഭ

insight kerala

കോട്ടയം: ശബരിമല സ്വർണക്കൊള്ളക്കേസിലെ പ്രതിയായി റിമാൻഡിൽ കഴിയുന്ന തന്ത്രി കണ്ഠരര് രാജീവരെ ദേവസ്വം ബോർഡിന്റെ കീഴിലുള്ള എല്ലാ ക്ഷേത്രങ്ങളിലെയും പൗരോഹിത്യ ചുമതലയിൽനിന്നും മാറ്റി നിർത്തണമെന്ന് അഖിലഭാരതീയ അയ്യപ്പ ധർമ്മ പ്രചാര സഭ ആവശ്യപ്പെട്ടു. ശബരിമലയിലെ താന്ത്രിക ചുമതലയിൽ മാത്രമല്ല ഏറ്റുമാനൂർ അടക്കമുള്ള തിരുവിതാംകൂർ ദേവസ്വം ബോർഡിൻ്റെ എല്ലാ ക്ഷേത്രങ്ങളിലെയും പൗരോഹിത്യ ചുമതലയിൽ നിന്നും മാറ്റിനിർത്തണം. ഇദ്ദേഹത്തിൽ ആരോപിതമായ കുറ്റങ്ങൾ തെളിയിക്കപ്പെട്ട് കോടതി വിധി വരുന്ന മുറക്ക് ആജീവനാന്ത വിലക്ക് തന്നെ ഏർപ്പെടുത്താൻ തിരുവിതാംകൂർ ദേവസ്വം ബോർഡ് അടിയന്തിര നടപടികൾ സ്വീകരിക്കണമെന്ന് അഖില ഭാരതീയ അയ്യപ്പ ധർമ്മ പ്രചാരസഭ ദേശീയ ജനറൽ സെക്രട്ടറി മധു മണിമല ആവശ്യപ്പെട്ടു.
22 വർഷങ്ങളോളം താനുമായി വളരെ അടുപ്പമുണ്ടായിരുന്ന ഉണ്ണികൃഷ്ണൻ പോറ്റിയെ ശബരിമലയിൽ കൊണ്ടുവന്ന് കീഴ്ശാന്തിയുടെയും മേൽശാന്തിയുടെയും പരികർമ്മിയായി നിർത്തിയത് തന്ത്രി കണ്ഠര് രാജീവരരാണ്. ശബരിമല ക്ഷേത്ര ശ്രീകോവിലിൻ്റെ ഇരു വശങ്ങളിലുമുള്ള ദ്വാരപാലക ശില്പങ്ങളിലെ സ്വർണ ആവരണങ്ങൾ മാത്രമല്ല, കട്ടിളപ്പടികൾ, കതകു പാളികൾ, പ്രഭാമണ്ഡലം തുടങ്ങിയവയൊക്കെ കട്ടുകൊണ്ടുപോവാൻ ഉണ്ണികൃഷ്ണൻ പോറ്റിക്ക് ഒത്താശ ചെയ്തു കൊടുത്തത് ഇദ്ദേഹം തന്നെയാണ്.
ഉണ്ണികൃഷ്ണൻ പോറ്റി ആരാണെന്നും അയാളുടെ ഉദ്ദേശലക്ഷ്യങ്ങൾ എന്തായിരുന്നുവെന്നും, മറ്റാരെക്കാളും നന്നായി അറിയാമായിരുന്നത് തന്ത്രി രാജീവർക്കു മാത്രമാണ്.
ലോകത്ത് ഒരു ക്ഷേത്രക്കൊള്ളയുമായി ബന്ധപ്പെട്ട് ആദ്യമായി അറസ്റ്റിലായി റിമാൻ്റ് പ്രതിയെന്ന നിലയിൽ ജയിലിൽ കഴിയുന്ന തന്ത്രിയെ വെള്ളപൂശാനും സംരക്ഷിക്കുവാനും ചില സംഘടനകളും വ്യക്തികളും അദ്ദേഹത്തിൻ്റെ പാർശ്വവർത്തികളും ശ്രമിക്കുന്നുണ്ട്. ഇത് കണ്ടില്ലെന്ന് നടിക്കാനാവില്ലെന്നും മധു മണിമല പ്രസ്താവനയിൽ പറഞ്ഞു.

Share This Article