വിഎസ് അച്യുതാനന്ദന് മരണാനന്തര ബഹുമതിയായി രാജ്യം പത്മവിഭൂഷൻ നൽകിയപ്പോൾ സിപിഎം ഇതിനോട് എന്ത് നിലപാട് സ്വീകരിക്കുമെന്ന് ചർച്ചകൾ ഉയരുന്നു . മുൻകാലങ്ങളിലെ സിപിഎം നേതാക്കളുടെ സമീപനങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു ആകാംക്ഷ ഉണർന്നത്. കമ്മ്യൂണിസ്റ്റുകാർ പ്രവർത്തിക്കുന്നത് പുരസ്കാരങ്ങൾക്ക് വേണ്ടിയല്ല എന്നും ഭരണകൂടത്തിന്റെ ബഹുമതികൾ സ്വീകരിക്കേണ്ടതില്ല എന്നും സിപിഎം എല്ലാ കാലവും നിലപാടെടുത്തിരുന്നു. കേരളത്തിൻ്റെ ആദ്യത്തെ മുഖ്യമന്ത്രിയും തലമുതിർന്ന കമ്മ്യൂണിസ്റ്റ് നേതാവുമായ ഇഎംഎസിന് നരസിംഹറാവു സർക്കാറിന്റെ കാലത്ത് പത്മവിഭൂഷൻ നൽകിയപ്പോൾ പാർട്ടിയും ഇഎംഎസും അത് നിരസിച്ചിരുന്നു. ബംഗാൾ മുഖ്യമന്ത്രിയായിരുന്ന ജ്യോതി ബസുവിന് പരമോന്നത പുരസ്കാരമായ ഭാരതരത്നം നൽകാൻ അന്നത്തെ ഐക്യമുന്നണി സർക്കാർ ആലോചിച്ചപ്പോൾ തന്നെ പുരസ്കാരം സ്വീകരിക്കില്ല എന്ന നിലപാട് സിപിഎമ്മും ജ്യോതി ബസുവും സ്വീകരിച്ചിരുന്നു. സിപിഎം ജനറൽ സെക്രട്ടറിയായിരുന്ന ഹർ കിഷൻ സിംഗ് സുർജിത്തിന് പത്മവിഭൂഷൻ നൽകാൻ കേന്ദ്രസർക്കാർ അന്ന് ആലോചിച്ചപ്പോഴും വാങ്ങില്ലെന്ന് അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഏറ്റവും ഒടുവിൽ 2022ൽ ബംഗാൾ മുൻ മുഖ്യമന്ത്രി ബുദ്ധദേവ് ഭട്ടാചാര്യയ്ക്ക് പത്മഭൂഷൺ നൽകിയെങ്കിലും അദ്ദേഹവും അത് നിരസിച്ചിരുന്നു. ഈ പശ്ചാത്തലത്തിലാണ് വിഎസിന്റെ പത്മവിഭൂഷനിൽ പാർട്ടി എന്ത് നിലപാട് എടുക്കുമെന്ന് എല്ലാവരും കാത്തിരുന്നത്. എന്നാൽ ഇപ്പോൾ തീരുമാനം കുടുംബത്തിന് വിട്ടു നൽകിയിരിക്കുകയാണ് സിപിഎം. മുൻകാലങ്ങളിൽ വ്യക്തിപരമായി എടുത്ത നിലപാടുകൾ ആയിരുന്നു എന്ന വിശദീകരണവും നൽകുന്നു.
അതേസമയം പത്മവിഭൂഷൻ ലഭിച്ചതിൽ വിഎസിൻ്റെ കുടുംബം സന്തോഷിക്കുന്നുണ്ടെങ്കിലും തീരുമാനം പാർട്ടിയുമായി ആലോചിച്ച് മാത്രമേ ഉണ്ടാവുകയുള്ളൂ എന്നാണ് മകൻ വി എ അരുൺകുമാർ പ്രതികരിച്ചത്. ഒടുവിൽ
മരണാനന്തരമായി ലഭിച്ച പുരസ്കാരത്തിൽ പാർട്ടിയും കുടുംബവും ആലോചിച്ചായിരിക്കും പത്മവിഭൂഷൻ സ്വീകരിക്കണമോ എന്ന് തീരുമാനിക്കുക.
വിഎസിൻ്റെ പത്മവിഭൂഷൺ; കുടുംബം തീരുമാനിക്കട്ടെ എന്ന് സിപിഎം; പാർട്ടിയുമായി ആലോചിക്കുമെന്ന് മകൻ
