കോട്ടയം പാമ്പാടിയിൽ ഭാര്യയെ വെട്ടിക്കൊന്ന ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. പാമ്പാടി ഇല്ലിവളവ് മാടവന വീട്ടിൽ സുധാകരനാണ് ഭാര്യ ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം തൂങ്ങി മരിച്ചത്.
കുടുംബ കലഹമാണ് സംഭവത്തിന് പിന്നിലെന്നാണ് സൂചന. പാമ്പാടി പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു
കോട്ടയം നാഗമ്പടത്ത് സ്വകാര്യ ഹോട്ടലിലെ ജീവനക്കാരിയാണ് കൊല്ലപ്പെട്ട ബിന്ദു. സുധാകരൻ പാറമട തൊഴിലാളിയും. ഓട്ടോറിക്ഷ തൊഴിലാളിയായ മൂത്തമകൻ സുദീപ് രാവിലെ 11.30 ഓടെ വീട്ടിലെത്തിയപ്പോഴാണ് സുധാകരൻ ബിന്ദുവിനെ കൊലപ്പെടുത്തിയ ശേഷം ആത്മഹത്യ ചെയ്ത വിവരം പുറത്തു വരുന്നത്.
മുൻ വാതിൽ അടഞ്ഞ് കിടന്നതിനാൽ അടുക്കള ഭാഗത്തേക്ക് എത്തി നോക്കിയപ്പോൾ ബിന്ദു നിലത്ത് രക്തം വാർന്ന് കിടക്കുന്നത് കണ്ടു. സമീപത്തായി കമ്പിവടിയും കണ്ടെത്തി. വീടിനുള്ളിൽ തന്നെ സുധാകരനെ തൂങ്ങി മരിച്ച നിലയിലും കണ്ടെത്തി.
ബിന്ദുവിന് അനക്കം ഉണ്ടെന്ന് കണ്ട് മകൻ ഉടൻതന്നെ മണർകാട് സ്വകാര്യ ആശുപത്രിയിലേക്ക് എത്തിച്ചു എങ്കിലും ജീവൻ രക്ഷിക്കാനായില്ല.
പാമ്പാടി പൊലീസ് സ്ഥലത്തെത്തി തുടർ നടപടികൾ സ്വീകരിച്ചു. കുടുംബവഴക്കിനെ തുടർന്ന് സുധാകരൻ ബിന്ദുവിനെ കൊലപ്പെടുത്തിയെന്നാണ് പ്രാഥമിക നിഗമനം.

