ചരിത്ര കുതിപ്പിലേക്ക് വിഴിഞ്ഞം; രണ്ടാംഘട്ട ഉദ്ഘാടനം ഇന്ന്; മുഖ്യമന്ത്രി നിർവഹിക്കും

insight kerala

വിഴിഞ്ഞം തുറമുഖത്തിന്റെ രണ്ടാംഘട്ട നിർമാണ പ്രവർത്തനങ്ങൾക്ക് ഇന്ന് ഔദ്യോഗിക തുടക്കമാകും. വൈകിട്ട് നാല് മണിക്ക് നടക്കുന്ന ചടങ്ങിൽ മുഖ്യമന്ത്രി പിണറായി വിജയൻ രണ്ടാം ഘട്ട നിർമാണ പ്രവർത്തനങ്ങൾ ഉദ്ഘാടനം ചെയ്യും. തുറമുഖവകുപ്പ് മന്ത്രി വി.എൻ. വാസവൻ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ കേന്ദ്രമന്ത്രി സർബാനന്ദ സോനോവാൾ, അദാനി പോർട്‌സ് മാനേജിങ് ഡയറക്ടർ കരൺ അദാനി എന്നിവരും പങ്കെടുക്കും. നേരത്തേതന്നെ രണ്ടാംഘട്ട നിർമാണപ്രവർത്തനങ്ങൾ തുടങ്ങിയെങ്കിലും ഔദ്യോഗിക ഉദ്ഘാടനമാണ് ഇന്ന് നടക്കുന്നത്

തുറമുഖത്തിന്റെ സമ്പൂർണ വികസനമാണ് ഈ ഘട്ടത്തിൽ പൂർത്തിയാകുക. 2028ഓടെ നിർമാണം പൂർത്തിയായി വിഴിഞ്ഞം പൂർണ സജ്ജമാകും. 10,000 കോടി രൂപയുടെ നിർമാണപ്രവർത്തനങ്ങളാണ് ഈ ഘട്ടത്തിൽ നടക്കുക. റെയിൽവേ യാർഡ്, മൾട്ടി പർപ്പസ് ബെർത്ത്, ലിക്വിഡ് ടെർമിനൽ, ടാങ്ക് ഫാം എന്നിവയും രണ്ടാം ഘട്ടത്തിൽ ഉൾപ്പെടുന്നുണ്ട്. വിഴിഞ്ഞത്ത് ഇതിനകം 710 കപ്പലുകളിൽ നിന്നായി 15.19 ലക്ഷം കണ്ടെയ്നറുകളാണ് കൈകാര്യം ചെയ്തിട്ടുള്ളത്.

രണ്ടാംഘട്ടത്തില്‍ തുറമുഖശേഷി 10 ലക്ഷം ടിഇയു-വിൽനിന്ന് 50 ലക്ഷം ടിഇയു ആയി ഉയരും. ബെര്‍ത്തിന്റെ നീളം 800 മീറ്ററിൽ നിന്ന് 2000 മീറ്ററായി വർധിക്കും. 2028ൽ വിഴിഞ്ഞം പൂർണ സജ്ജമാകുന്നതോടെ തുറമുഖത്തിന്റെ ശേഷി അഞ്ചിരിട്ടയായി ഉയരും.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala
Share This Article