തലസ്ഥാന കോർപ്പറേഷൻ ബിജെപി സ്വന്തമാക്കിയ ശേഷം ആദ്യമായാാണ് പ്രധാനമന്ത്രി കേരളത്തിൽ എത്തുന്നത്. തലസ്ഥാന നഗരവാസികൾക്കായി എന്താവും കരുതിയിട്ടുണ്ടാവുക? പ്രധാനമന്ത്രിയുടെ സന്ദർശനത്തിൽ വലിയ പ്രതീക്ഷയിലാണ് നഗരം. വർഷങ്ങളായി നടപ്പാകാതെകിടക്കുന്ന പദ്ധതികൾക്കു പരിഹാരമാവുമെന്നു പ്രതീക്ഷിക്കുന്നതിനൊപ്പം അടുത്ത വികസനക്കുതിപ്പിനുള്ള നാന്ദികുറിക്കലാവും ഈ സന്ദർശനമെന്നും പൊതുവേ കരുതുന്നുണ്ട്.
രാവിലെ 10.45 മുതൽ 11.20 വരെ പുത്തരിക്കണ്ടം മൈതാനത്ത് വിവിധ കേന്ദ്ര പദ്ധതികളുടെ ഉദ്ഘാടനം, തറക്കല്ലിടൽ, ഫ്ളാഗ് ഓഫ് എന്നിവ അദ്ദേഹം നിർവഹിക്കും. രാവിലെ 10.30ന് തിരുവനന്തപുരം താംബരം, തിരുവനന്തപുരം ഹൈദരാബാദ്, നാഗർകോവിൽ മംഗളൂരു അമൃത് ഭാരത് ട്രെയിനുകൾ, ഗുരുവായൂർ തൃശൂർ പാസഞ്ചർ എന്നിവ ഫ്ളാഗ് ഓഫ് ചെയ്യും.
ഔദ്യോഗിക ചടങ്ങുകൾക്ക് ശേഷം 11:30ഓടെ പുത്തരിക്കണ്ടം മൈതാനത്തു തന്നെ സംഘടിപ്പിക്കുന്ന ബിജെപിയുടെ രാഷ്ട്രീയ പൊതുയോഗത്തിലും പ്രധാനമന്ത്രി പങ്കെടുക്കും. ഒരു മണിക്കൂർ നീളുന്ന ഈ പരിപാടിക്ക് ശേഷം ഉച്ചയ്ക്ക് 12:40ന് അദ്ദേഹം ചെന്നൈയിലേക്ക് തിരിക്കും.

