കണ്ണൂർ തയ്യിലിൽ ഒന്നര വയസ്സുകാരനെ കടൽ ഭിത്തിയിൽ എറിഞ്ഞു കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അമ്മ ശരണ്യയ്ക്ക് ജീവപര്യന്തം തടവ് ശിക്ഷ. ഒരു ലക്ഷം രൂപ പിഴയും വിധിച്ചു. തളിപ്പറമ്പ് അഡിഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ശിക്ഷ വിധിച്ചത്.
തളിപ്പറമ്പ് അഡീഷണൽ സെഷൻസ് കോടതി ഒന്നാം പ്രതിയും കുഞ്ഞിന്റെ
അമ്മയുമായ ശരണ്യ കുറ്റക്കാരിയാണെന്ന് കണ്ടെത്തിയിരുന്നു. കേസിലെ ഗൂഢാലോചന തെളിയിക്കാൻ കഴിയാതിരുന്ന പ്രോസിക്യൂഷനെയും അന്വേഷണ ഉദ്യോഗസ്ഥരെയും രൂക്ഷമായി വിമർശിച്ച കോടതി, രണ്ടാം പ്രതിയും ശരണ്യയുടെ കാമുകനുമായ നിധിനെ വെറുതെ വിട്ടിരുന്നു.
പിഴ അടച്ചാൽ തുക ഭർത്താവിന് നൽകണമെന്നും കോടതി വിധിച്ചു. ഒരമ്മയുടെ ഭാഗത്തു നിന്നും ഉണ്ടാകാൻ പാടില്ലാത്ത പ്രവൃത്തിയാണുണ്ടായതെന്ന് ശിക്ഷ വിധിച്ചുകൊണ്ട് കോടതി നിരീക്ഷിച്ചു. ഒന്നുമറിയാത്ത കുട്ടിയാണ് കൊല്ലപ്പെട്ടത്. വിധി സമൂഹത്തിന് പാഠമാകണമെന്നും കോടതി പറഞ്ഞു. അഡീഷനൽ സെഷൻസ് ജഡ്ജി കെ.എൻ. പ്രശാന്താണ് ശിക്ഷ വിധിച്ചത്.
2020 ഫെബ്രുവരി 17നാണ് നാടിനെ ഞെട്ടിച്ച കൊലപാതകം നടന്നത്.കാമുകന്റെ കൂടെ താമസിക്കാൻ ശരണ്യ മകൻ വിയാനെ കടലിൽ എറിഞ്ഞ് കൊലപ്പെടുത്തി എന്നാണ് കേസ്.

