ശബരിമല സ്വർണ്ണക്കൊള്ളയിൽ നിയമസഭ പ്രക്ഷുബ്ധമായി. ബാനറുകളും പ്ലക്കാർഡുകളുമായി പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. സഭ ആരംഭിച്ചതിന് പിന്നാലെ ദേവസ്വം മന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തി.
പ്രത്യേക അന്വേഷണസംഘത്തിന് മേൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ സമ്മർദമുണ്ടെന്നും സഭ നടപടികളുമായി സഹകരിക്കാൻ കഴിയില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പറഞ്ഞു. പ്രതിപക്ഷം നടുത്തളത്തിലിറങ്ങിയതോടെ രൂക്ഷമായ വാക്പോരായി.
അടിയന്തര പ്രമേയം അവതരിപ്പിക്കാൻ പ്രതിപക്ഷത്തിന് ഭയമെന്ന് ഭരണപക്ഷം തിരിച്ചടിച്ചു. സോണിയ ഗാന്ധിയെയും അടൂർ പ്രകാശിനെയും ലക്ഷ്യംവെച്ചായിരുന്നു പാർലമെന്ററികാര്യ മന്ത്രി എംബി രാജേഷിന്റെ മറുപടി. സോണിയ ഗാന്ധിയുടെ വീട്ടിൽ സ്വർണമുണ്ടെന്നും അറസ്റ്റ് ചെയ്യണമെന്നും വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടി ആവശ്യപ്പെട്ടു. സ്വർണം കട്ടവരാരാപ്പ എന്ന പാട്ട് ആരോപണ- പ്രത്യാരോപണവുമായി ഇരുപക്ഷവും പാടി.
സഭ നടപടികളുമായി അംഗീകരിക്കാൻ കഴിയില്ലെന്ന് പറഞ്ഞ് പ്രതിപക്ഷം സഭ വിട്ടതിന് പിന്നാലെ മുദ്രാവാക്യം വിളികളുമായി ഭരണപക്ഷവും സഭവിട്ടു. ഭരണപക്ഷം അസാധാരണ നീക്കവുമായി രംഗത്തുവന്നതോടെ സഭ പിരിയുകയായിരുന്നു. ചൊവ്വാഴ്ച സഭ വീണ്ടും ചേരും.

