മന്ത്രി സജി ചെറിയാൻ വാർത്താസമ്മേളനം വിളിച്ചു; മാപ്പ് പറയുമോ എന്ന് ആകാംക്ഷ

insight kerala

മലപ്പുറത്തും കാസർകോടും ജയിച്ച സ്ഥാനാർത്ഥികളുടെ പേര് നോക്കിയാൽ വർഗീയ ധ്രുവീകരണം നടന്നിട്ടുണ്ടോ എന്ന് അറിയാൻ ആകും എന്നാണ് മന്ത്രി സജി ചെറിയാൻ പ്രസ്താവിച്ചത്. സത്യപ്രതിജ്ഞ ചെയ്ത് അധികാരത്തിലെത്തിയ മന്ത്രി മതം പറയുന്നത് ഗുരുതര സത്യപ്രതിജ്ഞാ ലംഘനം എന്നാണ് സജി ചെറിയാനെതിരെ പ്രതിഷേധം ശക്തമാകുന്നത്. മുസ്ലിം ലീഗും കോൺഗ്രസ്സും ഉൾപ്പെടെ കടുത്ത ഭാഷയിൽ വിമർശിക്കുന്നു. മുഖ്യമന്ത്രിയുടെ അറിവോടെയുള്ള വർഗീയ അജണ്ടയാണ് നടപ്പാക്കുന്നതെന്ന് പ്രതിപക്ഷം വിമർശിക്കുന്നു. എ കെ ബാലന്റെ ജമാഅത്തെ പ്രസ്താവനയും അതിനു പിന്നാലെ സജി ചെറിയാന്റെ പരാമർശവും സിപിഎമ്മിനെ പ്രതിരോധത്തിൽ ആക്കുകയാണ്. പാർട്ടി തിരുത്താൻ തയ്യാറാകുന്നില്ല എന്നതും വിമർശന വിധേയമാണ്. സജി ചെറിയാന്റെ പ്രസ്താവനയെ മാധ്യമങ്ങൾ വളച്ചൊടിച്ചു എന്ന ആരോപണമാണ് സിപിഎം നേതാക്കൾ ഉയർത്തുന്നത്. സജി ചെറിയാനെ പ്രതിരോധിക്കുകയും ചെയ്യുന്നു. എന്നാൽ തെരഞ്ഞെടുപ്പിൽ വർഗീയ വിദ്വേഷ പരാമർശങ്ങൾ നിരന്തരം നടത്തുന്ന പാർട്ടിയായി സിപിഎം മാറിയെന്ന പ്രചാരണ ആയുധമാണ് കോൺഗ്രസ് പുറത്തെടുക്കുന്നത്. ഇത് എങ്ങനെ പ്രതിരോധിക്കും എന്നാണ് സിപിഎം ആലോചിക്കുന്നത്. സജി ചെറിയാൻ തിരുത്താൻ തയ്യാറാകണമെന്ന് പാർട്ടിക്കുള്ളിൽ ആവശ്യം ഉയരുന്നു. ഈ പശ്ചാത്തലത്തിൽ ഇന്ന് വാർത്താസമ്മേളനം വിളിച്ചിരിക്കുകയാണ് സജി ചെറിയാൻ. പ്രസ്താവന തിരുത്താൻ മന്ത്രി തയ്യാറാകുമോ എന്നാണ് അറിയേണ്ടത്. ഉച്ചയ്ക്ക് ശേഷം 3.30 നാണ് മാധ്യമങ്ങളെ കാണുന്നത്.

Share This Article