പാലക്കാട് ഒറ്റപ്പാലത്ത് അർദ്ധരാത്രി അരുംകൊല ; വൃദ്ധ ദമ്പതികളെ കൊലപ്പെടുത്തി; കുഞ്ഞിനു വേണ്ടി അവകാശ തർക്കം

insight kerala

ഒറ്റപ്പാലം നഗരപരിധിയോട് ചേർന്ന തോട്ടക്കരയിൽ ഞായറാഴ്ച അർധരാത്രിയോടെയാണ് നാടിനെ നടുക്കിയ സംഭവം. തോട്ടക്കര നാലകത്ത് നസീർ (63), ഭാര്യ സുഹറ (60) എന്നിവരാണ് കൊല്ലപ്പെട്ടത്. ഇവരുടെ വളർത്തുമകളായ സുൽഫിയത്തിന്റെ നാലുവയസ്സുള്ള മകനും ആക്രമണത്തിൽ ഗുരുതരമായി പരുക്കേറ്റു. സുൽഫിയത്തിൻ്റെ ഭർത്താവും പൊന്നാനി സ്വദേശിയുമായ മുഹമ്മദ് റാഫിയെ പോലീസ് കസ്റ്റഡിയിലെടുത്തു. സംഭവത്തിന് പിന്നാലെ യുവതി കുട്ടിയുമായി വീടിന് പുറത്തേക്ക് ഓടിയെത്തിയതോടെയാണ് നാട്ടുകാർ വിവരം അറിഞ്ഞത്.

ഞായറാഴ്ച രാത്രി 12 മണിയോടെയാണ് ക്രൂരകൃത്യം നടന്നതെന്ന് പൊലീസ് സ്ഥിരീകരിച്ചു. ഗുരുതരമായി പരുക്കേറ്റ നാലുവയസ്സുകാരനെ ആദ്യം ഒറ്റപ്പാലം താലൂക്ക് ആശുപത്രിയിലും തുടർന്ന് വാണിയംകുളത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

പൊലീസ് എത്തിയതോടെയാണ് മുഹമ്മദ് റാഫി പ്രദേശത്ത് നിന്നും ഓടി രക്ഷപെട്ടത്. കൈയിലെ ഞരമ്പ് മുറിഞ്ഞ നിലയിലായിരുന്ന ഇയാൾ സമീപത്തെ പള്ളിക്കാട്ടിലേക്ക് രക്ഷപ്പെടുകയായിരുന്നു. തുടർന്ന് പൊലീസ്, നാട്ടുകാർ എന്നിവരുടെ സംയുക്ത തിരച്ചിലിൽ പുലർച്ചെ നാലുമണിയോടെ മുഹമ്മദ് റാഫിയെ കണ്ടെത്തി കസ്റ്റഡിയിലെടുത്തു.

ഇൻസൈറ്റ് കേരളയുടെ ഏറ്റവും പുതിയ വാർത്തകൾ ആദ്യം ലഭിക്കാൻ ഔദ്യോഗിക വാട്ട്‌സാപ്പ് ചാനലിൽ അംഗമാകുക... ലിങ്ക് ക്ലിക്ക് ചെയ്യുക..
insight keralainsight kerala

കൊലപാതകത്തിന്റെ പിന്നിലെ കാരണം ഇതുവരെ വ്യക്തമല്ല. കസ്റ്റഡിയിലെടുത്ത യുവാവിനെ ചോദ്യം ചെയ്ത് വരികയാണെന്നും സംഭവത്തിൽ വിശദമായ അന്വേഷണം ആരംഭിച്ചതായും പൊലീസ് അറിയിച്ചു. സുൽഫിയത്തും മുഹമ്മദ് റാഫിയും വേർപിരിഞ്ഞു കഴിയുകയാണ്. ഇവരുടെ കേസ് കോടതിയിലുമാണ്. കുഞ്ഞിനു വേണ്ടിയുള്ള അവകാശ തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് സൂചന.

Share This Article